അർണബിനെതിരെ നടപടിയെടുക്കാൻ നിയമോപദേശം തേടി മഹാരാഷ്ട്ര
Mail This Article
നാഗ്പുർ ∙ ബാലാക്കോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട വാട്സാപ് ചാറ്റുകൾ സംബന്ധിച്ച് ഒഫിഷ്യൽ സീക്രട്സ് ആക്ട് പ്രകാരം റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ നടപടിയെടുക്കാൻ കഴിയുമോ എന്നതിനെക്കുറിച്ച് നിയമോപദേശം തേടുന്നതായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്.
ഇത്തരത്തിലുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ അർണബിന് എങ്ങനെ ലഭിച്ചുവെന്ന് കേന്ദ്ര സർക്കാരിനോട് ചോദിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, കരസേനാ മേധാവി, തിരഞ്ഞെടുക്കപ്പെട്ട കുറച്ച് ആളുകൾ എന്നിവർക്ക് മാത്രമേ അറിയൂ. ഈ വിഷയം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ഇതിന് കേന്ദ്ര സർക്കാർ മറുപടി നൽകണം.
1923 ലെ ഒഫിഷ്യൽ സീക്രട്സ് ആക്ട് പ്രകാരം സംസ്ഥാന ആഭ്യന്തര വകുപ്പിന് ഇക്കാര്യത്തിൽ നടപടിയെടുക്കാൻ കഴിയുമോ എന്നതിനെക്കുറിച്ച് മഹാരാഷ്ട്ര സർക്കാർ നിയമോപദേശം തേടുന്നതായും അദ്ദേഹം പറഞ്ഞു. 2019 ഫെബ്രുവരി 14ന് കശ്മീരിലെ പുൽവാമ ജില്ലയിലെ ഭീകരാക്രമണത്തിനു പിന്നാലെ പാക്ക് അധീന കശ്മീരിലുള്ള ബാലാക്കോട്ടിൽ 2019 ഫെബ്രുവരി 26ന് ഇന്ത്യ വ്യോമാക്രമണം നടത്തി.
ഇതുസംബന്ധിച്ച് അർണബ് ഗോസ്വാമിയും ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ (ബാർക്) മുൻ മേധാവി പാർഥോ ദാസ്ഗുപ്തയും തമ്മിലുള്ള വാട്സാപ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുൻപ് അർണബിന് ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നുവെന്നാണ് ചാറ്റുകൾ വ്യക്തമാക്കുന്നത്.
English Summary: Arnab's chats: Maha seeking legal opinion for action, says minister