ഫാഷന്‍ ഗോള്‍ഡ്: പൂക്കോയ തങ്ങള്‍, മകന്‍ എ.പി.ഇഷാം എന്നിവർക്കായി ലുക്കൗട്ട് നോട്ടിസ്
Mail This Article
കോഴിക്കോട്∙ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പില്‍ ചോദ്യം ചെയ്യലിനു ഹാജരാകാത്ത ടി.കെ.പൂക്കോയ തങ്ങള്‍, മകന്‍ എ.പി. ഇഷാം എന്നിവരെ കണ്ടെത്താന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലുക്കൗട്ട് നോട്ടിസിറക്കും. ഇരുവരും സ്ഥലത്തില്ലെന്നറിയിച്ച് നോട്ടിസ് മടങ്ങിയതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം. 22 ഡയറക്ടര്‍മാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇതുവരെ രണ്ടുപേരാണ് ഇഡി കോഴിക്കോട് ഓഫിസില്‍ ഹാജരായത്.
മാനേജിങ് ഡയറക്ടറായിരുന്ന ടി.കെ.പൂക്കോയ തങ്ങളെ ചോദ്യം ചെയ്താല്‍ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂ എന്ന നിഗമനത്തിലാണ് ഇഡി. പയ്യന്നൂര്‍ ശാഖാ മാനേജരായിരുന്ന മകന്‍ എ.പി.ഇഷാമിന്റെ പങ്കും വലുതാണ്. ചോദ്യം ചെയ്യലിന് ഹാജരായ ഡയറക്ടര്‍മാരായ പി.അഷ്റഫ്, പി.കുഞ്ഞബ്ദുള്ള എന്നിവരുടെ മൊഴിയില്‍ ഇരുവര്‍ക്കുമെതിരെ ഗുരുതര പരാതിയുണ്ട്.
എം.സി. കമറുദ്ദീന്‍ എംഎല്‍എ, പൂക്കോയ തങ്ങള്‍, ഇഷാം എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു കാര്യങ്ങള്‍. ഡയറക്ടര്‍മാരെന്നത് കടലാസിലെ പദവി മാത്രമായിരുന്നുവെന്നും ഇരുവരും വ്യക്തമാക്കി. 2007 മുതല്‍ 2019 വരെ ഡയറക്ടറായിരുന്ന അഷ്റഫ് പതിനൊന്ന് ലക്ഷമാണ് നിക്ഷേപിച്ചിരുന്നത്. ലാഭ വിഹിതമായി പത്ത് ലക്ഷത്തോളം തിരികെ ലഭിച്ചു. കുഞ്ഞബ്ദുള്ളയുടെയും നിക്ഷേപത്തിന്റെ പകുതിയിലധികം ലാഭവിഹിതമായി തിരികെ കിട്ടിയിട്ടുണ്ട്. എന്നാല്‍ മറ്റ് പലരെയും നിക്ഷേപത്തിന് പ്രേരിപ്പിച്ച് വെട്ടിലായതിന്റെ പ്രതിസന്ധിയിലാണ് ഇരുവരും.
നോട്ടിസ് കൈപ്പറ്റിയ എട്ട് ഡയറക്ടര്‍മാര്‍ കൂടി ചോദ്യം ചെയ്യലിന് എത്തേണ്ടതുണ്ടെങ്കിലും പലരും ഇഡിക്ക് മുന്നിലെത്താനുള്ള സാധ്യത കുറവാണ്. ഒളിച്ചു കഴിയുന്ന മറ്റുള്ളവരെ വേഗം അന്വേഷണ പരിധിയിലെത്തിക്കുന്നതിനാണ് ഇഡി ഉദ്യോഗസ്ഥര്‍ നോട്ടിസുമായി നേരിട്ടിറങ്ങാന്‍ തീരുമാനിച്ചത്. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനും പൂക്കോയ തങ്ങളെയും മകനെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടിസിറക്കുന്നത്.
English Summary: Fashion Gold Money Laundering Case - Lookout notice for TK Pookoya Thangal and AP Isham