യുകെ വകഭേദം അപകടകരം; മരണനിരക്ക് കൂടുന്നതിൽ ബന്ധം: ബോറിസ് ജോൺസൺ
Mail This Article
ലണ്ടൻ ∙ യുകെയിൽ കണ്ടെത്തിയ രൂപമാറ്റം സംഭവിച്ച കൊറോണ വൈറസിന് ഉയർന്ന മരണനിരക്കുമായി ബന്ധമുണ്ടെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍. യഥാർഥ വൈറസിനേക്കാളും കൂടുതൽ സാംക്രമികമാണ് പുതിയ വകഭേദം. 30 മുതൽ 70 ശതമാനം വരെ പകർച്ചവ്യാധി സാധ്യത ഇതിനുണ്ടെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതൽ മാരകമായേക്കാമെന്നതിനു പ്രാഥമിക തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിൽ 60 വയസ്സും അതിലേറെയും പ്രായമുള്ളവരുമായ 1000 പേരിൽ 10 പേരാണ് യഥാര്‍ഥ വൈറസ് ബാധിച്ചു മരിക്കുന്നതെങ്കിൽ പുതിയ വകഭേദം 14 പേരുടെ ജീവനെടുക്കുന്നതായി മുതിർന്ന ശാസ്ത്ര ഉപദേശകൻ പാട്രിക് വലൻസ് പറഞ്ഞു. 30 ശതമാനം വരെ കൂടുതലാണ് പുതിയ വകഭേദം മൂലമുള്ള മരണനിരക്ക്. എന്നാൽ മരണത്തിനുള്ള അപകടസാധ്യത താരതമ്യേന കുറവാണെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ വർഷം അവസാനമാണ് കൊറോണ വൈറസിന്റെ വകഭേദത്തിന്റെ സാന്നിധ്യം യുകെയിൽ സ്ഥിരീകരിക്കുന്നത്. നിലവില്‍ 50 രാജ്യങ്ങളിലാണ് ഇതു കണ്ടെത്തിയിട്ടുള്ളത്. യുഎസില്‍ അടുത്ത രണ്ടു മാസത്തിനുള്ളിൽ വൈറസിന്റെ സാന്നിധ്യം വർധിച്ചേക്കാമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
English Summary: UK Coronavirus Strain May Be More Deadly, Says Boris Johnson