ADVERTISEMENT

വാഷിങ്‌ടൻ ∙ ‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം...’ എന്നു ചങ്ങമ്പുഴ കുറിച്ചതിനെ ചെറുതായൊന്നു മാറ്റിയിരിക്കുകയാണ് ട്രോളന്മാർ. അവരുടെ നോട്ടത്തിൽ, എവിടെത്തിരിഞ്ഞാലും അവിടെല്ലാം മൂടിപ്പുതച്ചിരിക്കുന്ന ബേണി സാൻഡേഴ്‌സ് മാത്രമാണ്. യുഎസ് പ്രസിഡന്റായി ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ മൂടിപ്പുതച്ച്, മാസ്ക്കും ധരിച്ചിരിക്കുന്ന  മുതിർന്ന ഡെമോക്രാറ്റ് നേതാവ് സാൻഡേഴ്സിന്റെ ചിത്രം സൈബർ ലോകത്ത് കത്തിപ്പടരുകയാണ്.

Bernie Sanders Viral Photo
ചിത്രം: ട്വിറ്റര്‍

വാർത്താ ഏജൻസിയായ എഎഫ്‌പിയുടെ ഫൊട്ടോഗ്രാഫർ ബ്രെൻഡൻ സ്‌മിയാലോവ്‌സ്കിയാണ് ചിത്രം പകർത്തിയത്. പക്ഷേ എടുക്കുന്ന സമയത്ത് ഫോട്ടോ ഇത്രയേറെ വൈറലാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ചിത്രത്തിന് എന്തെങ്കിലും പ്രത്യേകതയുള്ളതായും തോന്നിയില്ല. ബോളിവുഡ്, ഹോളിവുഡ് സിനിമകളിലും ടോക്ക് ഷോകളിലും ചാനൽ ചർച്ചകളിലും കേരള ടൂറിസത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലുംവരെ കസേരയിട്ടിരിക്കുകയാണ് സാൻഡേഴ്സിപ്പോൾ. 

Bernie Sanders Viral Photo
ചിത്രത്തിനു കടപ്പാട്: ഫെയ്സ്ബുക്, ട്വിറ്റർ

റിപ്പബ്ലിക്കൻ സെനറ്റർമാരായ ടെഡ് ക്രൂസ്, ജോഷ് ഹാവ്‌ലി എന്നിവരുടെ ചിത്രമെടുക്കാനായിരുന്നു ഫൊട്ടോഗ്രാഫറുടെ ശ്രമം. അതിനിടെയാണ് എല്ലാവരിൽനിന്നും മാറി, സാമൂഹിക അകലം പാലിച്ച്, മടക്കി മാറ്റിവയ്ക്കാവുന്ന കസേരയിൽ സാൻഡേഴ്‌സ് ഇരിക്കുന്നതു കണ്ടത്. കാലുകൾ കൂട്ടിപ്പിണച്ച്, കമ്പിളിക്കയ്യുറയിട്ട കൈകൾ ചേർത്തു വച്ചായിരുന്നു പിണങ്ങിയ മട്ടിലുള്ള ആ ഇരിപ്പ്. ‘ആ ചിത്രം അത്രയ്ക്ക് വലിയ സംഭവമൊന്നുമല്ലായിരുന്നു. കൃത്യമായി ‘കംപോസ്’ ചെയ്തെടുത്ത ചിത്രവുമല്ല. ഞാനെടുത്ത മികച്ച ചിത്രങ്ങളിൽ ഒരിക്കലും ഇതു ചേർക്കുകയുമില്ല...’ എന്നാണ് ബ്രെൻഡൻ പറയുന്നത്. 

മാത്രവുമല്ല, അത്തരം ചിത്രങ്ങൾ താൻ സാധാരണ എടുക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒറ്റനോട്ടത്തിൽ, ദേഷ്യം പിടിച്ചിരിക്കുന്ന ഒരാളെപ്പോലെ തോന്നുമെങ്കിലും ചടങ്ങിലുടനീളം സാൻഡേഴ്സ് സജീവമായിരുന്നെന്നും ബ്രെൻഡൻ പറയുന്നു. പലരോടും സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. തണുപ്പേറിയ ദിവസമായിരുന്നു അന്ന്. അദ്ദേഹം ധരിച്ചിരുന്ന കയ്യുറകളാകട്ടെ രണ്ടു വർഷം മുൻപ് ജെൻ എലിസ് എന്ന അധ്യാപിക നിർമിച്ചു സമ്മാനിച്ചതും.

Bernie Sanders Viral Photo
ചിത്രത്തിന് കടപ്പാട്: ട്വിറ്റർ

പഴയൊരു സ്വെറ്ററിൽനിന്നാണ് ആ കയ്യുറ തുന്നിയെടുത്തതെന്നും അവർ പറയുന്നു. രണ്ടു വർഷമായിട്ടും അതുപേക്ഷിക്കാത്തതിലായിരുന്നു അധ്യാപികയുടെ അതിശയം! എന്തായാലും പച്ച നിറത്തിലുള്ള ജാക്കറ്റും വലുപ്പമേറിയ കയ്യുറയും ധരിച്ചുള്ള ആ ഇരിപ്പ് ട്രോളന്മാർക്ക് ‘ക്ഷ’ പിടിച്ചു എന്നതിന്റെ ഉദാഹരണമായിരുന്നു തുടർന്നുവന്ന പലതരം മീമുകൾ. 

കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ട്വിറ്ററിലൂടെ നടത്തിയ വാർത്താസമ്മേളനത്തിലും പശ്ചാത്തലത്തിൽ ഈ ചിത്രം ഇടംനേടി. സാൻഡേഴ്സിനെപ്പോലെ ‘അനുസരണയോടെ’ വീട്ടിലിരുന്നാൽ കോവിഡിൽനിന്നു രക്ഷപ്പെടാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഗെയിം ഓഫ് ത്രോൺസ്, ട്വിലൈറ്റ്, കഭി ഖുഷി കഭി ഘം, കുച് കുച് ഹോത്താ ഹേ, ട്രൂ ലൈസ്, ദിൽ സേ, ക്വീൻ തുടങ്ങിയ സിനിമകളിലെ രംഗങ്ങൾക്കിടയിൽ സാൻഡേഴ്സ് സാന്നിധ്യമായി.

വിശ്വോത്തര പെയിന്റിങ്ങുകളിലും ചരിത്ര നിമിഷങ്ങളുടെ ഫോട്ടോകളിലുമെല്ലാം ‘ഞാനൊന്നുമറിഞ്ഞില്ലേ’ എന്ന മട്ടിൽ സാൻഡേഴ്‌സ് പ്രത്യക്ഷപ്പെട്ടു. മലയാളികളും ചിത്രത്തെ വെറുതെവിട്ടില്ല. മഞ്ഞുവീണ മൂന്നാർ മലനിരകളിൽ മൂടിപ്പുതച്ചിരിക്കുന്ന സാൻഡേഴ്സന്റെ ചിത്രവും ചേർത്ത് അവിടേക്ക് ജനങ്ങളെ ക്ഷണിച്ചത് കേരള ടൂറിസം വകുപ്പായിരുന്നു. സമൂഹമാധ്യമങ്ങളിൽ ആ ചിത്രവും വൈറലായി.

English Summary: Bernie Sanders' Photo from Capitol on Biden's Inauguration Day Gone Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com