6 ദിവസത്തിൽ ദശലക്ഷം വാക്സീൻ ഡോസ്; ഇന്ത്യയിൽ കോവിഡ് രോഗികളിലും കുറവ്
Mail This Article
ന്യൂഡൽഹി∙ രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1,84,408 ആയി കുറഞ്ഞു. ഇതുവരെ ആകെ രോഗം ബാധിച്ചവരുടെ 1.73 ശതമാനം ആണ് ഇത്. ഞായറാഴ്ച രാവിലെ എട്ടുമണി വരെയുള്ള കണക്കുകൾ പ്രകാരം, ഏതാണ്ട് 16 ലക്ഷത്തോളം പേർ (15,82,201) കോവിഡ് വാക്സീൻ സ്വീകരിച്ചുകഴിഞ്ഞു. 24 മണിക്കൂറിനിടെ, 3512 സെഷനുകളിലായി രണ്ടുലക്ഷത്തോളം പേർക്ക് (1,91,609) വാക്സിൻ ലഭ്യമാക്കി. ഇതുവരെ 27,920 സെഷനുകളാണ്സംഘടിപ്പിച്ചത്.
ഒരു ദശലക്ഷം വാക്സീൻ ഡോസുകൾ വിതരണം ചെയ്യാൻ ഇന്ത്യയ്ക്ക് ആറു ദിവസം മാത്രമാണ് വേണ്ടി വന്നത്. യുകെ 18 ദിവസവും, യുഎസ് 10 ദിവസവും എടുത്താണ് ഒരു ദശലക്ഷം എന്ന നേട്ടം സ്വന്തമാക്കിയത്.
രാജ്യത്ത് ഇതുവരെ 10,316,786 പേരാണ് രോഗമുക്തി നേടിയത്. 96.83 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. പുതിയതായി രോഗമുക്തി നേടിയവരിൽ 84.30 ശതമാനവും 10 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്. 5283 പേർ സുഖം പ്രാപിച്ച കേരളത്തിലാണ് ശനിയാഴ്ച ഏറ്റവും കൂടുതൽ രോഗമുക്തി ഉണ്ടായത്. മഹാരാഷ്ട്രയിൽ 3694 പേർക്ക് ആണ് ശനിയാഴ്ച കോവിഡ് ഭേദമായത്.
24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 14,849 കേസുകളാണ്. ഇതിൽ 80.67 ശതമാനവും ആറു സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്. ശനിയാഴ്ച 6960 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച കേരളമാണ് പട്ടികയിൽ ഒന്നാമത്. മഹാരാഷ്ട്രയിൽ 2697 പേർക്കും കർണാടകയിൽ 902 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
ശനിയാഴ്ച രേഖപ്പെടുത്തിയ 155 കോവിഡ് മരണങ്ങളിൽ 79.35 ശതമാനവും 7 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്. മഹാരാഷ്ട്രയിൽ 56, കേരളത്തിൽ 23, ഡൽഹിയിൽ 10 മരണങ്ങളാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്.
English Summary: Covid active cases in India is in a decrease mode