ADVERTISEMENT

പാലക്കാട്∙ ഒരു മുന്നണിയിൽ ഇരുപാർട്ടികളായി തുടരുന്ന ജനതാദളുകൾ തമ്മിലുള്ള ലയന നീക്കം എങ്ങുമെത്താതു സംബന്ധിച്ച് അടുത്തദിവസം നടക്കുന്ന എൽഡിഎഫ് യേ‍ാഗത്തിലെ ചർച്ച നിർണായകമാകും. രണ്ടുവർഷമായി തുടരുന്ന താന്ത്രിക് ജനതാദൾ (എൽജെഡി), ജനതാദൾ (എസ്) ലയനചർച്ചകളും ധാരണകളും നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയിട്ടും തീരുമാനമാകാത്തതിൽ കടുത്ത ആശയക്കുഴപ്പത്തിലും അമർഷത്തിലുമാണ് സാധാരണ പ്രവർത്തകർ.

രണ്ടുപാർട്ടികളായി നിന്നാൽ തിരഞ്ഞെടുപ്പിൽ മുന്നണിയിൽ കൂടുതൽ സീറ്റ് ലഭിച്ചേക്കുമെന്ന ചിലരുടെ ചിന്ത ലയനത്തിന് തടസ്സമാകുന്നതായി ആരേ‍ാപമുണ്ട്. എന്നാൽ, പാർട്ടികൾ ഒന്നിച്ചില്ലെങ്കിൽ ഭാവിയിൽ വിലപേശാനുള്ള കരുത്ത് നഷ്ടപ്പെടുമെന്ന വിലയിരുത്തലാണ് മുതിർന്ന നേതാക്കൾക്കുള്ളത്. നേതൃത്വങ്ങൾ തമ്മിലുള്ള ചർച്ചകളിൽ ലയനത്തിന് ധാരണയാകുമെങ്കിലും തുടർ നടപടി എങ്ങുമെത്താതെ പേ‍ാകുന്നതിൽ ഇരുപാർട്ടി നേതാക്കളും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ആദ്യം ലയിച്ചുവരൂ എന്ന്  കഴിഞ്ഞ വർഷം തന്നെ മുഖ്യമന്ത്രി ഇരുപാർട്ടി നേതൃത്വത്തേ‍ാടും ആവശ്യപ്പെട്ടതാണ്. കഴിഞ്ഞയേ‍ാഗങ്ങളിൽ സിപിഎം അത് ആവർത്തിക്കുകയും ചെയ്തു.

സംഘടനകൾക്കുള്ളിലെ വിഭാഗീയതയും ചിലരുടെ നിക്ഷിപ്ത താൽപര്യങ്ങളുമാണ് മുന്നേ‍ാട്ടുള്ള നീക്കങ്ങൾക്ക് തടസ്സമാകുന്നതെന്ന് ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ ആരേ‍ാപണമുണ്ട്. ഔദ്യേ‍ാഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ലയനത്തിനുശേഷം പ്രധാനഭാരവാഹിത്വം വീതം വയ്ക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ യേ‍ാഗങ്ങളിൽ ഏതാണ്ട് ധാരണയായെന്നാണു സൂചന. അതനുസരിച്ച് മാത്യു ടി.തേ‍ാമസ് പ്രസിഡന്റാകാനാണ് സാധ്യത. താന്ത്രിക് ജനതാദളിനാണ് സെക്രട്ടറി ജനറൽ സ്ഥാനം. 

ജനതാദൾ എന്ന പേരിൽ അറിയപ്പെടുന്ന പാർട്ടിയിൽ ജില്ലാ പ്രസിഡന്റ് സ്ഥാനം ഇരുപാർട്ടികളും തുല്യമായി വീതിച്ചെടുത്തേക്കും. ധാരണസംബന്ധിച്ച് ദേവഗൗഡയെ അറിയിച്ചശേഷം ഔദ്യേ‍ാഗികമായി പ്രഖ്യാപിക്കാൻ നീക്കം നടക്കുന്നതിനിടയിൽ വീണ്ടും അനിശ്ചിതത്വം ഉണ്ടായതേ‍ാടെ തുടർ നടപടികൾ നിലച്ചു. ലയനവും നിയമസഭാ സീറ്റുകളുടെ എണ്ണവും ബന്ധപ്പെടുത്തിയാണ് ആശയക്കുഴപ്പം. സീറ്റുകളുടെ ലാഭനഷ്ടകണക്കുകളിൽ തട്ടി ലയനം നീളുന്നതിൽ സിപിഎമ്മിലും അതൃപ്തിയുണ്ട്.

27ന് നടക്കുന്ന എൽഡിഎഎഫ് യേ‍ാഗത്തിൽ വിഷയം ചർച്ചചെയ്യും. ഇനിയും തീരുമാനമുണ്ടായില്ലെങ്കിൽ തിരഞ്ഞെടുപ്പിന് മുൻപ് ലയനം സാധ്യമല്ലാത്ത സ്ഥിതിയുണ്ടാകുമെന്നാണ് സൂചന. യുഡിഎഫിലായിരുന്നപ്പേ‍ാൾ എൽജെഡി 7 സീറ്റുകളിലാണ് നിയമസഭയിൽ മത്സരിച്ചത്. ജനതാദൾ–എസ്സിന് കഴിഞ്ഞ തവണ സിപിഎം നൽകിയത് 5 സീറ്റാണ്.

Content Highlight: Loktantrik Janata Dal-Janata Dal (S) merge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com