ADVERTISEMENT

ന്യൂ‍ഡൽഹി ∙ കൊറോണ വൈറസെന്ന  പൊതുശത്രുവിൽ നിന്ന് പരസ്പരം സംരക്ഷിക്കാൻ മാതൃകാപരമായ ത്യാഗങ്ങൾ ചെയ്തുകൊണ്ട് ഇന്ത്യക്കാർ അടുപ്പമുള്ള ഒരു കുടുംബം പോലെയായെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. 72-ാം റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന്  രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡ് -19 രോഗികളെ പരിചരിക്കുന്നതിനായി സ്വന്തം ജീവൻ അപകടത്തിലാക്കും വിധം ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ, ആരോഗ്യപരിരക്ഷാ രംഗത്തെ ഭരണനിർവാഹകർ, ശുചീകരണ  തൊഴിലാളികൾ എന്നിവരെക്കുറിച്ചാണ് ഇപ്പോൾ ചിന്തിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. കോവിഡിനെതിരെ വാക്സീൻ കണ്ടെത്താൻ നമ്മുടെ ശാസ്ത്രജ്ഞർ രാവും പകലും പ്രവർത്തിച്ചു. റെക്കോർഡ് സമയത്ത് വാക്സീൻ വികസിപ്പിക്കുന്നതിൽ അവർ വിജയിച്ചു. ഈ നേട്ടത്തിലൂടെ, നമ്മുടെ ശാസ്ത്രജ്ഞർ മാനവികതയുടെ ക്ഷേമത്തിനായി മഹത്തായ ഒരു അധ്യായം എഴുതി ചേർത്തു. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്ത്  വൈറസിനെ നിയന്ത്രിക്കുന്നതിലും മരണനിരക്ക്  കുറയ്ക്കുന്നതിലും നമ്മുടെ ശാസ്ത്രജ്ഞരും ഡോക്ടർമാരും ഭരണകർത്താക്കളും  ജീവിതത്തിന്റെ മറ്റ് തുറകളിലുള്ളവരും വലിയ സംഭാവനകൾ  നൽകിയതായി രാഷ്ട്രപതി പറഞ്ഞു.

വേഗത്തിൽ നടക്കുന്ന സാമ്പത്തിക പരിഷ്കരണ നടപടികൾക്ക് തൊഴിൽ, കാർഷിക മേഖലകളിലെ പരിഷ്കരണ നിയമങ്ങൾ വഴി പിന്തുണ ലഭിക്കുന്നു. പരിഷ്കരണത്തിലേക്കുള്ള പാത ആദ്യഘട്ടത്തിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചേക്കാം. എന്നാൽ കർഷക ക്ഷേമത്തിനായി ഗവൺമെന്റ് പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് സംശയാതീതമായി നമുക്ക് പറയാനാകുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

ഗൽവാൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ രാജ്യത്തിനായി ജീവത്യാഗം ചെയ്ത സൈനികരെയും രാഷ്ട്രപതി ഓർമിച്ചു. ‘‘കഴിഞ്ഞ വർഷം പല മേഖലകളിൽനിന്നും പ്രതികൂല അവസ്ഥ നേരിടേണ്ടിവന്നു. നമ്മുടെ അതിർത്തിയിൽ വിപുലീകരണത്തിനായി നടന്ന ശ്രമങ്ങൾ നമ്മുടെ ധീര സൈനികർ പരാജയപ്പെടുത്തി. ഈ ലക്ഷ്യം നേടുന്നതിന്, അവരിൽ 20 പേരുടെ ജീവൻ നഷ്ടമായി. രാജ്യം എന്നും ആ ധീര സൈനികരോട് കടപ്പെട്ടിരിക്കും. സമാധാനത്തിനുള്ള നമ്മുടെ പ്രതിബദ്ധത ആവർത്തിച്ചു വ്യക്തമാക്കുമ്പോഴും, നമ്മുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന ഏത് പ്രവർത്തനവും നിഷ്ഫലമാക്കുന്നതിന് കര, നാവിക, വ്യോമ സേനകൾ മികച്ച ഏകോപനത്തോടെ സജ്ജമായിരിക്കുന്നു. എന്തുവിലകൊടുത്തും നമ്മുടെ ദേശീയ താല്പര്യം സംരക്ഷിക്കപ്പെടും. തത്വത്തിൽ അധിഷ്ഠിതമായ ദൃഢമായ നിലപാടിനെക്കുറിച്ച് രാജ്യാന്തര സമൂഹത്തിൽ വ്യാപകമായ ധാരണ നാം ഉറപ്പു വരുത്തിയിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

പ്രിയ സഹ പൗരന്മാരേ,

നമസ്കാരം !

ലോകത്തെ ഏറ്റവും വലുതും ഊർജ്ജസ്വലവുമായ ജനാധിപത്യത്തിന്റെ 72-ാമത് റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് നിങ്ങൾക്കെല്ലാവർക്കും ആശംസകൾ. വൈവിധ്യത്താൽ സമ്പന്നമായ, ഒട്ടേറെ ഉത്സവങ്ങളുള്ള ഈ രാജ്യത്ത് , നമ്മുടെ ദേശീയ ഉത്സവങ്ങൾ എല്ലാവരും ദേശസ്നേഹത്തോടെ അത്യുത്സാഹപൂർവം  ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിനത്തിത്തിന്റെ ദേശീയ ഉത്സവം നാം  ആവേശത്തോടെ ആഘോഷിക്കുകയും ദേശീയ പതാകയോടുള്ള നമ്മുടെ ആദരവും ഭരണഘടനയിലുള്ള നമ്മുടെ വിശ്വാസവും പ്രകടിപ്പിക്കുകയും ചെയ്യുന്നു .

രാജ്യത്തിനകത്തും പുറത്തും വസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ഈ ദിനം വളരെയധികം അർത്ഥപൂർണമാകുന്നു. എഴുപത്തിയൊന്ന് വർഷങ്ങൾക്ക് മുമ്പ്, ഇതേ ദിവസം , ഇന്ത്യയിലെ ജനങ്ങളായ നാം, ഒരു അതുല്യമായ ഭരണഘടന അംഗീകരിച്ചു, നടപ്പാക്കി, നമുക്ക് നൽകി. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന മൂല്യങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും നിശബ്ദമായി ചിന്തിക്കാനുള്ള ദിവസമാണിത്. നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ വിവരിച്ചിരിക്കുന്ന ഈ മൂല്യങ്ങൾ -  നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നമുക്കെല്ലാവർക്കും പവിത്രമാണ്. ഇതിന്റെ നിയമനുവർത്തിയായ പാലനം ഭരണകർത്താക്കൾക്ക്  മാത്രമല്ല, ജനങ്ങൾക്ക് മൊത്തത്തിലും ബാധകമാണ്.

നമ്മുടെ ജനാധിപത്യത്തിന്റെ സൗധം നിലകൊള്ളുന്ന അടിത്തറ കെട്ടിപ്പടുക്കുന്നതിനായി ഭരണഘടന രൂപവത്കരിച്ച പ്രതിഭാശാലികളായ  പുരുഷന്മാരും വനിതകളും  ഭരണഘടനയുടെ തുടക്കത്തിൽ തന്നെ ഈ നാല് പദങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചത് കാരണം കൂടാതെയല്ല. വാസ്തവത്തിൽ, ഇവയാണ് നമ്മുടെ സ്വാതന്ത്ര്യസമരത്തെ നയിച്ച മൂല്യങ്ങൾ. ബാലഗംഗാധര ‘തിലകൻ ’, ലാല ലജ്പത് റായ്, മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ ഒരു കൂട്ടം മഹാന്മാരും ചിന്തകരും നമ്മുടെ സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായി. മാതൃരാജ്യത്തിന്റെ ഉജ്ജ്വല ഭാവിയെക്കുറിച്ച് അവർക്ക് വ്യത്യസ്ത സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു, എന്നാൽ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം  എന്നീ  മൂല്യങ്ങൾ അവരുടെ പൊതുവായ അഭിലാഷങ്ങളായിരുന്നു .

ചരിത്രത്തിലേക്ക് കൂടുതൽ പിന്നോട്ട് പോയി ഈ മൂല്യങ്ങൾ കൃത്യമായി നമ്മുടെ രാഷ്ട്രനിർമ്മാതാക്കളെ നയിച്ചത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഉത്തരം വ്യക്തമാണ്: ഈ രാജ്യവും  അതിലെ നിവാസികളും അനാദികാലം മുതൽ ഈ ആശയങ്ങൾ പരിപോഷിപ്പിച്ചിട്ടുണ്ട്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നമ്മുടെ ജീവിത തത്ത്വചിന്തയുടെ ശാശ്വതമായ പ്രമാണങ്ങളാണ്. ഈ സംസ്കാരത്തിന്റെ ആരംഭം മുതൽ അണിമുറിയാത്ത ഒരു ശൃംഖലയിലൂടെയാണ് അവ നമ്മിലേക്ക് വരുന്നത്. തീർച്ചയായും, ഈ മൂല്യങ്ങളുടെ അർത്ഥം അതത് കാലത്തു് അന്വേഷിക്കുക എന്നത് ഓരോ തലമുറയുടെയും കടമയാണ്. സ്വാതന്ത്ര്യസമരസേനാനികൾ അവരുടെ കാലത്തു്  ചെയ്തതുപോലെ, നമ്മുടെ കാലത്തു് നമ്മളും ചെയ്യണം. ഈ പ്രധാന പ്രമാണങ്ങൾ വികസനത്തിലേക്കുള്ള നമ്മുടെ പാതയെ പ്രകാശിപ്പിക്കണം.

പ്രിയ സഹ പൗരന്മാരേ ,

വിശാലവും ജനബാഹുല്യമുള്ളതുമായ നമ്മുടെ രാജ്യത്തെ ഭക്ഷ്യധാന്യങ്ങളിലും പാൽ ഉൽപന്നങ്ങളിലും സ്വയം പര്യാപ്തമാക്കിയ നമ്മുടെ കർഷകരെ ഓരോ ഇന്ത്യക്കാരനും അഭിവാദ്യം ചെയ്യുന്നു. പ്രകൃതിയുടെ പ്രതികൂല സാഹചര്യങ്ങളും മറ്റ് നിരവധി വെല്ലുവിളികളും കോവിഡ് -19 മഹാമാരിയും  ഉണ്ടായിരുന്നിട്ടും, നമ്മുടെ കർഷകർ കാർഷിക ഉൽപാദനം നിലനിർത്തി. കൃതജ്ഞതാനിർഭരമായ രാഷ്ട്രം നമ്മുടെ കർഷകരുടെ ക്ഷേമത്തിനായി പൂർണമായും പ്രതിജ്ഞാബദ്ധമാണ്.

നമ്മുടെ കഠിനാധ്വാനികളായ കൃഷിക്കാർ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതുപോലെ, സായുധ സേനകളിലെ ധീരരായ സൈനികർ കടുത്ത സാഹചര്യങ്ങൾക്കിടയിൽ നമ്മുടെ ദേശീയ അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കുന്നു. മരവിപ്പിക്കുന്ന തണുപ്പായ മൈനസ് 50 മുതൽ 60 വരെ ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ലഡാക്കിലെ സിയാച്ചിൻ, ഗാൽവാൻ താഴ്‌വര മുതൽ  50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയുള്ള  ജയ്സാൽമീറിലെ കടുത്ത ചൂടിലും  - കരയിലും ആകാശത്തിലും വിശാലമായ തീരപ്രദേശങ്ങളിലും - നമ്മുടെ യോദ്ധാക്കൾ ഓരോ നിമിഷവും ജാഗ്രത പാലിക്കുന്നു. നമ്മുടെ സൈനികർക്കിടയിലെ ധീരത, ദേശസ്‌നേഹം, ത്യാഗമനോഭാവം എന്നിവയിൽ ഓരോ പൗരനും അഭിമാനിക്കുന്നു.

ഭക്ഷ്യസുരക്ഷ, ദേശീയ സുരക്ഷ, രോഗങ്ങൾക്കും ദുരന്തങ്ങൾക്കുമെതിരായ സംരക്ഷണം, വികസനത്തിന്റെ വിവിധ മേഖലകൾ എന്നിവയിലേക്കുള്ള തങ്ങളുടെ സംഭാവനകളിലൂടെ, നമ്മുടെ ശാസ്ത്രജ്ഞർ നമ്മുടെ ദേശീയ ഉദ്യമങ്ങളെ ശക്തിപ്പെടുത്തി. ബഹിരാകാശം മുതൽ കൃഷിസ്ഥലങ്ങൾ വരെ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ ആശുപത്രികൾ വരെ ശാസ്ത്രസമൂഹം നമ്മുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും സമ്പന്നമാക്കി. കൊറോണ വൈറസിനെ ഡീകോഡ് ചെയ്യുന്നതിനായി നമ്മുടെ ശാസ്ത്രജ്ഞർ രാവും പകലും പ്രവർത്തിക്കുന്നു, കൂടാതെ റെക്കോർഡ് സമയത്ത് വാക്സിൻ വികസിപ്പിക്കുന്നതിൽ അവർ വിജയിച്ചു. ഈ നേട്ടത്തിലൂടെ, നമ്മുടെ ശാസ്ത്രജ്ഞർ മാനവികതയുടെ ക്ഷേമത്തിനായി മഹത്തായ ഒരു അധ്യായം എഴുതി ചേർത്തു. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്ത്  വൈറസിനെ നിയന്ത്രിക്കുന്നതിലും മരണനിരക്ക്  കുറയ്ക്കുന്നതിലും നമ്മുടെ ശാസ്ത്രജ്ഞരും ഡോക്ടർമാരും ഭരണകർത്താക്കളും  ജീവിതത്തിന്റെ മറ്റ് തുറകളിലുള്ളവരും വലിയ സംഭാവനകൾ  നൽകിയിട്ടുണ്ട്. അങ്ങനെ, നമ്മുടെ എല്ലാ കർഷകരും സൈനികരും ശാസ്ത്രജ്ഞരും പ്രത്യേക പ്രശംസക്ക് അർഹരാണ്, റിപ്പബ്ലിക് ദിനത്തിലെ ഈ ശുഭദിനത്തിൽ കൃതജ്ഞതാഭരിതമായ രാജ്യം അവരെ അഭിവാദ്യം ചെയ്യുന്നു.
 
പ്രിയ സഹ പൗരന്മാരേ,

കഴിഞ്ഞ വർഷം, ഭീമാകാരമായ അനുപാതത്തിലുള്ള വിപത്തിനെ അഭിമുഖീകരിക്കവേ ലോകം ഏതാണ്ട് നിശ്ചലമായപ്പോൾ, ഭരണഘടനയുടെ കേന്ദ്ര സന്ദേശത്തെക്കുറിച്ച് ഞാൻ പലപ്പോഴും പര്യാലോചിക്കുകയുണ്ടായി . ‘സാഹോദര്യ’മെന്ന ഭരണഘടനാ മൂല്യമില്ലാതിരുന്നുവെങ്കിൽ  മഹാമാരിയോടുള്ള നമ്മുടെ ഫലപ്രദമായ പ്രതികരണം സാധ്യമാകുമായിരുന്നില്ല. കൊറോണ വൈറസെന്ന  പൊതുശത്രുവിൽ നിന്ന് പരസ്പരം സംരക്ഷിക്കാൻ മാതൃകാപരമായ ത്യാഗങ്ങൾ ചെയ്തുകൊണ്ട് ഇന്ത്യക്കാർ അടുപ്പമുള്ള ഒരു കുടുംബം പോലെയായി. കോവിഡ് -19 രോഗികളെ പരിചരിക്കുന്നതിനായി സ്വന്തം ജീവൻ അപകടത്തിലാക്കും വിധം ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ, ആരോഗ്യപരിരക്ഷാ രംഗത്തെ ഭരണനിർവാഹകർ , ശുചീകരണ  തൊഴിലാളികൾ എന്നിവരെക്കുറിച്ചാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. അവരിൽ ചിലർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇവർക്കൊപ്പം 1.5 ലക്ഷത്തോളം ആളുകളും ഈ പകർച്ചവ്യാധിയുടെ ഇരകളായി. ദുഖിതരായ കുടുംബങ്ങളെ  എന്റെ അനുശോചനം അറിയിക്കുന്നു. അസാധാരണക്കാരായി മാറിയ സാധാരണ പൗരന്മാരായിരുന്നു നമ്മുടെ മുൻനിര കൊറോണ-യോദ്ധാക്കൾ. ഇതുവരെ അവസാനിച്ചിട്ടില്ലാത്ത, ഇനിയും പൂർത്തിയാകാത്ത ഈ ദാരുണമായ അധ്യായത്തിന്റെ ചരിത്രം എഴുതുമ്പോൾ, ആരും യഥാർഥത്തിൽ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ കഴിയാത്ത  പ്രതിസന്ധിയോട്  വീരോചിതമായി  പ്രതികരിച്ചവരായി ഭാവിതലമുറ നിങ്ങളെ എല്ലാവരെയും നോക്കിക്കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്.

നമ്മുടെ രാജ്യത്തെ ജനസാന്ദ്രത, സാംസ്കാരിക പാരമ്പര്യങ്ങളുടെ വൈവിധ്യം, പ്രകൃതി, ഭൂമിശാസ്ത്രപരമായ വെല്ലുവിളികൾ എന്നിവ കണക്കിലെടുക്കുമ്പോൾ കോവിഡ് -19 നെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയെന്നത് നമുക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എന്നിട്ടും, വൈറസിന്റെ വ്യാപനം വലിയ അളവിൽ തടയാൻ നമുക്ക് കഴിഞ്ഞു.
 
ഗുരുതരമായ വിപത്ത് ഉണ്ടായിരുന്നിട്ടും, നിരവധി മേഖലകളിൽ നമ്മുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നാം വിജയിച്ചു. മഹാമാരി യുവതലമുറയുടെ പഠന പ്രക്രിയയെ പാളം തെറ്റിക്കുമെന്ന് ഭീഷണിഉയർത്തിയെങ്കിലും , സ്ഥാപനങ്ങളും അധ്യാപകരും പുതിയ സാങ്കേതികവിദ്യ വേഗത്തിൽ സ്വായത്തമാക്കി വിദ്യാഭ്യാസത്തിന്  ഒരു തടസ്സവും  ഇല്ലെന്ന് ഉറപ്പുവരുത്തി. ജനസാന്ദ്രത കൂടുതലുള്ള ബീഹാറിലും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലും സ്വതന്ത്രവും നീതിയുക്തവും സുരക്ഷിതവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ, നമ്മുടെ ജനാധിപത്യവും തിരഞ്ഞെടുപ്പ് കമ്മീഷനും ശ്രദ്ധേയമായ വിജയങ്ങൾ നേടിയിട്ടുണ്ട്. ജുഡീഷ്യറി സാങ്കേതികവിദ്യയിൽ സഹായം കണ്ടെത്തി, തുടർന്നും പ്രവർത്തിച്ചു്  നീതി നടപ്പാക്കി .  ഈ പട്ടിക നീണ്ടതാണ്.

ജനങ്ങളുടെ ജീവൻ അപകടത്തിലാക്കാതെ സമ്പദ്‌വ്യവസ്ഥ തുറക്കുന്നതിന്, അൺലോക്ക് ചെയ്യൽ പ്രക്രിയ ശ്രദ്ധാപൂർവ്വം നടപ്പാക്കി. ഇത് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടു, സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ വീണ്ടെടുക്കലിന്റെ സൂചനകൾ കാണിച്ചുതുടങ്ങി. ജിഎസ്ടിയുടെ ഏറ്റവും പുതിയ അഭൂതപൂർവമായ ശേഖരണവും വിദേശ നിക്ഷേപത്തിന് ഏറ്റവും പ്രിയങ്കരമായ ലക്ഷ്യസ്ഥാനമായി ഇന്ത്യ ഉയർന്നുവന്നതും നമ്മുടെ വേഗത്തിലുള്ള സാമ്പത്തിക വീണ്ടെടുക്കലിന്റെ സൂചനയാണ്. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് എളുപ്പത്തിൽ വായ്പ നൽകിക്കൊണ്ട് സംരംഭകത്വ മനോഭാവം സൃഷ്ടിക്കാൻ  ഗവണ്മെന്റ്  പ്രോത്സാഹിപ്പിക്കുകയും നൂതന ബിസിനസ്സ് ആശയങ്ങൾ കൊണ്ടുവരാൻ അവരെ സഹായിക്കുകയും ചെയ്തു.

പ്രിയ സഹ പൗരന്മാരേ ,

മുൻവർഷത്തെ പ്രതികൂല സാഹചര്യങ്ങൾ നമ്മുടെ ഉള്ളിൽ  എല്ലായ്‌പ്പോഴും ആഴത്തിൽ അറിഞ്ഞിരുന്ന കാര്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നു - മനുഷ്യത്വത്തോടുള്ള കരുതലും ഉത്കണ്ഠയും സാഹോദര്യ വികാരവുമാണ് സഹസ്രാബ്ദങ്ങളായി നമ്മെ ഒരുമിച്ചുനിർത്തുന്നത്. എല്ലാ മേഖലകളിലും, ഇന്ത്യക്കാർ  അവസരത്തിനൊത്തുയർന്ന്, മറ്റുള്ളവരെ തങ്ങൾക്ക് മുന്നിൽ  നിർത്തി. ഇന്ത്യക്കാരായ നാം മനുഷ്യരാശിക്കുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. ഈ ഇന്ത്യൻ ആദർശത്തെ മഹാകവി മൈഥിലി ശരൺ ഗുപ്ത് ഈ വാക്കുകളിൽ പ്രകടിപ്പിച്ചു:
 
उसी उदार की सदा, सजीव कीर्ति कूजती;

तथा उसी उदार को, समस्त सृष्टि पूजती।

अखण्ड आत्मभाव जो, असीम विश्व में भरे¸

वही मनुष्य है कि जो, मनुष्य के लिये मरे।

ഇംഗ്ലീഷിൽ‌, ഈ വികാരങ്ങൾ‌ ഇനിപ്പറയുന്ന വാക്കുകളിൽ‌ വിശാലമായി വ്യക്തമാക്കാൻ കഴിയും:

 കാരുണ്യവാന്റെ മഹത്വം നിത്യയാർന്ന ഗാനങ്ങളിൽ വസിക്കും    ,

ഉദാരമനസ്കനെയാണ് ലോകം ഇപ്പോഴും ബഹുമാനിക്കുന്നത്

 ഐക്യത്തിന്റെ ആത്മാവ് അതിരുകളില്ലാത്ത പ്രപഞ്ചത്തെ നിറയ്ക്കുന്നു,

സഹജീവികൾക്ക് വേണ്ടി മരിക്കുന്നവനാണ് യഥാർഥ മനുഷ്യൻ

മാനവികതയോടുള്ള ഈ സ്നേഹവും ത്യാഗമനോഭാവവും നമ്മെ മഹത്തായ ഉയരങ്ങളിലെത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
 
2020 നെ ഒരു പഠന വർഷമായി നമുക്ക് പരിഗണിക്കാം. ചെറുത് പ്രായോഗികം, അല്ല മറിച്ച് വലുതിന് പൂരകം ആണെന്ന കഠിനമായ പാഠം പ്രകൃതി മാതാവ് അത്ഭുതങ്ങളിലൂടെ നമ്മെ പഠിപ്പിച്ചു. ഇത്തരം മഹാമാരികളുടെ അപകടസാധ്യത കുറയ്ക്കുന്നതിന്, ആഗോളതലത്തിൽ തന്നെ കാലാവസ്ഥ വ്യതിയാന പ്രശ്നം പ്രഥമപരിഗണനയിൽ വരുമെന്ന് എനിക്ക് ഉറപ്പാണ്.
 
പ്രിയ സഹ പൗരന്മാരെ,
 
പ്രതിസന്ധിയെ അവസരം ആക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ആത്മ നിർഭർ ഭാരത് അല്ലെങ്കിൽ സ്വയം പര്യാപ്ത ഇന്ത്യയ്ക്ക് ആഹ്വാനം ചെയ്തു. നമ്മുടെ ഊർജ്ജസ്വലമായ ജനാധിപത്യം, പ്രതിഭാധനരായ നമ്മുടെ പൗരന്മാർ, പ്രത്യേകിച്ചും യുവാക്കൾ, ഒരു സ്വാശ്രയ ഭാരതം രൂപപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങൾക്ക് വേണ്ട ഊർജം നൽകും. രാജ്യത്തെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആവശ്യകത, അവ നൽകുന്നതിനുള്ള ആഭ്യന്തര ശ്രമങ്ങൾ, ഒപ്പം അത്തരം ശ്രമങ്ങളിൽ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയാണ് ആത്മ നിർഭർ ഭാരത് പദ്ധതിയെ ശക്തിപ്പെടുത്തുന്നത്. ഈ പദ്ധതിയുടെ കീഴിൽ, സാമ്പത്തിക വളർച്ചയ്ക്കും, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രോത്സാഹനത്തിലൂടെ തൊഴിൽ സൃഷ്ടിക്കും, സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിച്ചിരിക്കുന്നു. ജനങ്ങൾ സന്നദ്ധരായി ഏറ്റെടുത്ത ഒരു പ്രസ്ഥാനമായി ഇത് മാറിയിരിക്കുന്നു.

നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന 2022 ൽ ഒരു നവ ഇന്ത്യ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആത്മ നിർഭർ ഭാരതം ആവിഷ്കരിച്ചിരിക്കുന്നത്. എല്ലാ കുടുംബങ്ങൾക്കും അടിസ്ഥാന സൗകര്യത്തോടു കൂടിയ വീടുകൾ നൽകുക മുതൽ കർഷകരുടെ വരുമാനം ഇരട്ടി ആക്കുക വരെ പ്രധാന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള ഈ ശ്രമങ്ങൾ രാജ്യത്തിന്റെ പുരോഗതിയുടെ പാതയിൽ സുപ്രധാന നാഴികക്കല്ല് ആയിരിക്കും. വിദ്യാഭ്യാസം, ആരോഗ്യം, പോഷണം, പിന്നോക്കക്കാരുടെ ഉയർച്ച, സ്ത്രീകളുടെ ക്ഷേമം തുടങ്ങിയവയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് നവ ഇന്ത്യയ്ക്കായി എല്ലാവരെയും ഉൾപ്പെടുത്തികൊണ്ടുള്ള ഒരു സമൂഹം സൃഷ്ടിക്കാൻ ആണ് നാം ശ്രമിക്കുന്നത്.

പ്രതികൂല അന്തരീക്ഷം പലപ്പോഴും മഹാനായ അദ്ധ്യാപകന്റെ പങ്കു വഹിക്കും. അത് നാം ഓരോരുത്തരെയും കരുത്തരും ആത്മവിശ്വാസമുള്ളവരും ആക്കും. ആ ആത്മവിശ്വാസത്തോടെയാണ് പല മേഖലകളിലും ഇന്ത്യ പ്രധാന ചുവടുവയ്‌പ്പുകൾ നടത്തിയിരിക്കുന്നത്. വേഗത്തിൽ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്കരണ നടപടികൾക്ക്, തൊഴിൽ, കാർഷിക മേഖലകളിലെ പരിഷ്കരണ നിയമങ്ങൾ വഴി പിന്തുണ ലഭിക്കുന്നു. പരിഷ്കരണത്തിലേക്കുള്ള പാത ആദ്യഘട്ടത്തിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചേക്കാം. എന്നാൽ കർഷക ക്ഷേമത്തിനായി ഗവൺമെന്റ് പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് സംശയാതീതമായി നമുക്ക് പറയാനാവും.
സമാന പ്രാധാന്യമുള്ളതും കൂടുതൽ പേരുടെ ജീവിതത്തെ പ്രത്യക്ഷമായി സ്വാധീനിക്കുന്നതുമായ ഒന്നാണ് വിദ്യാഭ്യാസരംഗത്ത് ഇപ്പോൾ സാധ്യമായിരിക്കുന്നു സമഗ്ര പരിഷ്കരണം. പാരമ്പര്യത്തിലും അതേസമയം സാങ്കേതികവിദ്യയിലും ഊന്നിയുള്ള പുതിയ വിദ്യാഭ്യാസ നയം 2020, അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈജ്ഞാനിക കേന്ദ്രമായി ഉയർന്ന വരുന്നതിന് ശ്രമിക്കുന്ന നവ ഇന്ത്യയ്ക്ക് അടിത്തറപാകും. ഈ പരിഷ്കരണങ്ങൾ വിദ്യാർത്ഥികളുടെ സഹജ പ്രതിഭയെ വളർത്തുകയും, ജീവിതത്തിലെ വെല്ലുവിളികൾ നേരിടുന്നതിന് അവരുടെ മനസ്സുകൾ പാകപ്പെടുത്തുകയും ചെയ്യും.

ഈ പരിശ്രമങ്ങളുടെയെല്ലാം ആത്യന്തികഫലം നമുക്കുമുന്നിലുണ്ട്. ഏകദേശം ഒരു വർഷത്തെ ഈ അപ്രതീക്ഷിത ആപത്തിനുശേഷം ഇന്ത്യ ഇപ്പോൾ സധൈര്യം, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയാണ്. മാന്ദ്യം താൽക്കാലികം മാത്രം ആയിരുന്നു. സമ്പദ്‌രംഗം അതിന്റെ ചലനാത്മകത വീണ്ടെടുത്തു കഴിഞ്ഞു. ഇന്ത്യ സ്വന്തം കോവിഡ്-19 വാക്സിൻ നിർമ്മിച്ചിരിക്കുന്നു. ഇപ്പോൾ ചരിത്രത്തിൽ തന്നെ ഇത്തരത്തിലെ ഏറ്റവും ബൃഹത്തായ വാക്സിനേഷൻ പ്രവർത്തനം നടത്തുന്നു. ഭരണസംവിധാനവും ആരോഗ്യപ്രവർത്തകരും ഇതിന്റെ വിജയത്തിനായി പൂർണ്ണ സജ്ജരായി പ്രവർത്തിക്കുന്നു. ഈ രക്ഷാമാർഗ്ഗം ഉപയോഗിച്ചുകൊണ്ട്, മാർഗ്ഗനിർദേശങ്ങൾ പ്രകാരം വാക്സിൻ സ്വീകരിക്കാൻ ഞാൻ രാജ്യത്തെ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പുരോഗതിക്കുള്ള പാത നിങ്ങളുടെ ആരോഗ്യം ആണ്.

ആഗോളതലത്തിൽ മഹാമാരിയെ പ്രതിരോധിക്കാനും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും, ഔഷധങ്ങളും ആരോഗ്യ ഉപകരണങ്ങളും പല രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുന്നതിലൂടെ ഇന്ത്യ, ഇപ്പോൾ 'ലോകത്തിന്റെ ഔഷധശാല' എന്ന് വിളിക്കപ്പെടുന്നു. നാമിപ്പോൾ മറ്റ് രാജ്യങ്ങൾക്കും വാക്സിൻ നൽകുന്നുണ്ട്.

പ്രിയ സഹ പൗരന്മാരെ,

കഴിഞ്ഞ വർഷം പല മേഖലകളിൽനിന്നും പ്രതികൂല അവസ്ഥ നേരിടേണ്ടിവന്നു. നമ്മുടെ അതിർത്തിയിൽ വിപുലീകരണത്തിനായി നടന്ന ശ്രമങ്ങൾ നമ്മുടെ ധീര സൈനികർ പരാജയപ്പെടുത്തി. ഈ ലക്ഷ്യം നേടുന്നതിന്, അവരിൽ 20 പേരുടെ ജീവൻ നഷ്ടമായി. രാജ്യം എന്നും ആ ധീര സൈനികരോട് കടപ്പെട്ടിരിക്കും. സമാധാനത്തിനുള്ള നമ്മുടെ പ്രതിബദ്ധത ആവർത്തിച്ചു വ്യക്തമാക്കുമ്പോഴും, നമ്മുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന ഏത് പ്രവർത്തനവും നിഷ്ഫലമാക്കുന്നതിന് കര, നാവിക, വ്യോമ സേനകൾ മികച്ച ഏകോപനത്തോടെ സജ്ജമായിരിക്കുന്നു. എന്തുവിലകൊടുത്തും നമ്മുടെ ദേശീയ താല്പര്യം സംരക്ഷിക്കപ്പെടും. തത്വത്തിൽ അധിഷ്ഠിതമായ ദൃഢമായ നിലപാടിനെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിൽ വ്യാപകമായ ധാരണ നാം ഉറപ്പു വരുത്തിയിട്ടുണ്ട്.

ഇന്ത്യ ലോകത്ത് ശരിയായ സ്ഥാനം ഉറപ്പിച്ചു കൊണ്ട് മുന്നോട്ടു കുതിക്കുകയാണ്. സമീപ വർഷങ്ങളിൽ അതിന്റെ സ്വാധീനം ലോകത്ത് മിക്ക ഭാഗങ്ങളിലും വിപുലീകരിക്കപ്പെട്ടു. അന്താരാഷ്ട്ര സമൂഹത്തിന്റെ മികച്ച പിന്തുണയോടെ യുഎൻ സുരക്ഷാ സമിതിയിൽ ഇന്ത്യയ്ക്ക് ഈ വർഷം താൽക്കാലിക അംഗത്വം നേടാനായത് ഈ സ്വാധീനത്തിന് തെളിവാണ്. ലോക നേതാക്കളുമായുള്ള നമ്മുടെ പ്രവർത്തനങ്ങളുടെ ഗുണനിലവാരം പലമടങ്ങ് വർദ്ധിച്ചിരിക്കുന്നു. ഉത്തരവാദിത്വം ഉള്ളതും വിശ്വാസയോഗ്യമായ രാജ്യമെന്ന ആദരം ഊർജ്ജസ്വലമായ ജനാധിപത്യമുള്ള നാം നേടിയിരിക്കുന്നു.

നമ്മുടെ ഭരണഘടന മന്ത്രങ്ങളെ പറ്റി സ്വയം ഓർമപ്പെടുത്തുന്നത് നന്നായിരിക്കും. നമ്മുടെ രാഷ്ട്ര പിതാവിന്റെ ചിന്തയേയും ജീവിതത്തേയും പറ്റി ആലോചിക്കുന്നത് ദിനചര്യയുടെ ഭാഗമാക്കണമെന്നു ഞാൻ വീണ്ടും പറയുന്നു. ഓരോരുത്തരുടെയും കണ്ണീരൊപ്പാൻ എല്ലാ പരിശ്രമവും നടത്തണം. നമ്മുടെ റിപ്പബ്ലിക്കിന്റെ പ്രത്യയവാക്ക് സമത്വം എന്നതാണ്. ഗ്രാമീണർ, സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ്ഗം ഉൾപ്പെടെ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ, ദിവ്യാംഗജർ, മുതിർന്നവർ തുടങ്ങി നാം ഓരോരുത്തർക്കും അന്തസ്സ് ഉറപ്പാക്കുന്നത് സാമൂഹ്യ സമത്വമാണ്. എല്ലാവർക്കും തുല്യ അവസരവും താഴേക്കിടയിലുള്ളവർക്ക് സഹായഹസ്തവും സാമ്പത്തിക സമത്വം ഉറപ്പാക്കുന്നു. സഹജീവികളെ സഹായിക്കുന്നത് നമ്മുടെ സഹാനുഭൂതി ശേഷി വർദ്ധിപ്പിക്കും. 1948 നവംബർ നാലിന് ഭരണഘടനയുടെ കരട് സമർപ്പിച്ചുകൊണ്ട് ഭരണഘടന നിർമ്മാണ സഭയിൽ ബാബ സാഹിബ് ഡോ. ഭിംറാവു അംബേദ്കർ തന്റെ പ്രസംഗത്തിൽ പരാമർശിച്ച 'ഭരണഘടന ധാർമികത'യുടെ പാതയിൽ നാം ഏവർക്കും തുടരാം. ഭരണഘടന മൂല്യങ്ങളുടെ പരമാധികാരമാണ് ഭരണഘടനാ ധാർമികത എന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.

പ്രിയ സഹ പൗരന്മാരെ,

നാം റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ വിദേശത്തുള്ള നമ്മുടെ സഹോദരീ സഹോദരന്മാരെ കുറിച്ച് ഞാൻ ചിന്തിക്കുന്നു. വിദേശത്തുള്ള ഇന്ത്യക്കാർ രാഷ്ട്രീയനേതൃത്വം, ശാസ്ത്രം, കല, അക്കാദമിക രംഗം, പൊതുസമൂഹം, വ്യാപാരം തുടങ്ങി ജീവിതത്തിലെ പല മേഖലകളിലും പ്രശോഭിക്കുകയും അവരുടെ പുതിയ നാടിനും ഇന്ത്യയ്ക്കും ബഹുമതി നേടി തരികയും ചെയ്യുന്നു. നിങ്ങളുടെ പൂർവികരുടെ നാട്ടിൽ നിന്നും നിങ്ങൾക്ക് റിപ്പബ്ലിക് ദിന ആശംസകൾ. സാധാരണയായി കുടുംബത്തിൽ നിന്നും അകന്ന് നിന്ന്, ആഘോഷങ്ങളിൽ പങ്കെടുക്കേണ്ടി വരുന്ന സൈനികർ, അർധസൈനികർ, പോലീസുകാർ തുടങ്ങിയവർക്ക് എന്റെ ആശംസകൾ. എല്ലാ ജവാന്മാർക്കും എന്റെ പ്രത്യേക ആശംസകൾ. റിപ്പബ്ലിക് ദിനത്തിൽ ഞാൻ നിങ്ങളെ ഒരിക്കൽക്കൂടി അനുമോദിക്കുന്നു.
 
നന്ദി
ജയ് ഹിന്ദ്

English Summary: President Ram Nath Kovind Address to the Nation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com