ADVERTISEMENT

കൊല്‍ക്കത്ത∙ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തില്‍ രാഷ്ട്രപതി ഭവനില്‍ അനാച്ഛാദനം ചെയ്ത അദ്ദേഹത്തിന്റെ ഛായാചിത്രത്തെ ചൊല്ലി വിവാദം. ചിത്രം നേതാജിയുടേതല്ലെന്നും ജീവചരിത്ര സംബന്ധിയായ സിനിമയില്‍ അദ്ദേഹത്തിന്റെ വേഷം അവതരിപ്പിച്ച അഭിനേതാവിന്റേതാണെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ആരോപണം ഉയരുന്നത്. 

നേതാജിയുടെ 125-ാം ജന്മാവാര്‍ഷികം കേന്ദ്ര സര്‍ക്കാര്‍ പരാക്രം ദിവസമായി ആചരിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഛായാചിത്രം അനാച്ഛാദനം ചെയ്തത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലാണ് ചിത്രം, 2019ല്‍ പുറത്തിറങ്ങിയ ‘ഗുംനാമി’ എന്ന സിനിമയില്‍ വേഷമിട്ട പ്രൊസേന്‍ജിത് ചാറ്റര്‍ജിയുടേതാണെന്ന് പ്രചരിക്കുന്നത്. 

അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി പ്രതികരിച്ചു. നേതാജിയുടെ കുടുംബം പത്മശ്രീ പുരസ്‌കാര ജേതാവായ  ചിത്രകാരന്‍ പരേഷ് മൈത്തിക്കു കൈമാറിയ ചിത്രമാണിതെന്നു ബിജെപി വ്യക്തമാക്കി. പ്രൊസേന്‍ജിത്തുമായി ചിത്രത്തിനു സാമ്യമില്ല. അനാവശ്യവിവാദമാണെന്നും ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. 

നേതാജിയുടെ ഏതു കുടുംബാംഗമാണ് ചിത്രം നല്‍കിയതെന്ന് വ്യക്തമായിട്ടില്ല. വിഷയത്തില്‍ രാഷ്ട്രപതിയെ വിമര്‍ശിച്ചു കൊണ്ട് തൃണമൂല്‍ എംപി മഹൗ മൊയിത്രയിട്ട ട്വീറ്റ് പിന്‍വലിച്ചു. രാമക്ഷേത്രത്തിന് അഞ്ച് ലക്ഷം രൂപ നല്‍കിയ രാഷ്ട്രപതി പ്രൊസേന്‍ജിത്തിന്റെ ചിത്രം അനാവരണം ചെയ്താണ് നേതാജിയെ ആദരിച്ചതെന്നായിരുന്നു ട്വീറ്റ്. 

എന്നാല്‍ ഇത്തരം ആരോപണങ്ങളൊന്നും മമതാ ബാനര്‍ജിയെ രക്ഷിക്കാന്‍ ഉപകരിക്കില്ലെന്ന് ബിജെപി സമൂഹമാധ്യമ വിഭാഗം മേധാവി അമിത് മാളവ്യ പറഞ്ഞു. നേതാജിയുടെ ജന്മാവാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ്ശ്രീറാം വിളിച്ചതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസംഗം അവാനിപ്പിച്ചത് വിവാദമായിരുന്നു.

English Summary: Netaji Or Actor Who Played Him? President's House Portrait Stirs New Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com