ADVERTISEMENT

കൊച്ചി ∙ കോവിഡ് കാലത്തു കൊച്ചിക്കായലിൽ വള്ളംകളി. ഇരുട്ടുകുത്തിയും ഓടിയുമൊന്നുമല്ല. സാക്ഷാൽ ചുണ്ടൻ വള്ളങ്ങൾ. ആയാപറമ്പും ശ്രീവിനായകനുമായിരുന്നു ചുണ്ടനുകൾ.

കോവിഡ് കാലത്തു കല്യാണം വിളിക്കുന്നതിനു പരിമിതിയുണ്ട്. വിവാഹസൽക്കാരത്തിൽ എത്ര പേർക്കു പങ്കെടുക്കാമെന്നു കോവിഡ് ചട്ടങ്ങളിൽ പറയുന്നുമുണ്ട്. പക്ഷേ കൊച്ചിക്കായലിലും തീരത്തുമായി ഇക്കഴിഞ്ഞ ദിവസം അരങ്ങേറിയതൊരു കല്യാണം വിളിയായിരുന്നു. ഇന്ത്യയിലെ കോടീശ്വരൻമാരുടെ കല്യാണങ്ങളെ കൊച്ചിയിലേക്കു വിളിച്ചുവരുത്തുന്നൊരു പരിപാടി.

26 പ്രീമിയം വെഡ്ഡിങ് പ്ലാനേഴ്സിനെ ക്ഷണിച്ചുകൊണ്ടുവന്നാണു പരിപാടി സംഘടിപ്പിച്ചത്. പങ്കെടുത്തത് ഇന്ത്യയാകെ പേരുകേട്ട പ്ലാനർമാർ. ഉത്തരേന്ത്യയിൽ വേരുറപ്പിച്ച കമ്പനികൾ. സംഘാടർ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ. കൊച്ചി നഗരത്തിലെ ഇവന്റ് മാനേജ്മെന്റ് കമ്പനികളും സജീവമായി പങ്കെടുത്തു. ആഡംബര കല്യാണങ്ങൾക്കു പ്രിയവേദിയായി കൊച്ചിയെ ഉയർത്തുക എന്നതാണു ലക്ഷ്യം. അതുവഴി ആഭ്യന്തര ടൂറിസം വരുമാനം നേടിയെടുക്കാനും ലക്ഷ്യമിടുന്നു.

കോവിഡ് കശക്കിയെറിഞ്ഞ 2020 വിനോദസഞ്ചാര മേഖലയ്ക്കു കാര്യമായൊന്നും നൽകിയില്ല. കഴിഞ്ഞ വർഷം മാർച്ചിനുശേഷം ഇന്ത്യയിൽ ആഡംബര വിവാഹങ്ങളൊന്നും പൂർണതോതിൽ ആഘോഷിക്കപ്പെട്ടില്ല. കാശുമുടക്കുന്നവനെ കല്യാണാഘോഷം ഈ വർഷവും പൂർണമായി തൃപ്തിപ്പെടുത്തുമോ എന്നതിൽ സംശയങ്ങളുണ്ട്.

ഈ വർഷം കൊച്ചിക്കും കേരളത്തിനും വിദേശവിനോദ സഞ്ചാരികളുടെ വരവിൽ കാര്യമായ പ്രതീക്ഷകളില്ല. അവരിൽനിന്നുള്ള ‘വരവിലും’ പ്രതീക്ഷ വേണ്ട. ആകെയുള്ള പച്ചപ്പ് ആഭ്യന്തര ടൂറിസത്തിലാണ്. അതിനായി ഗോവ പോലുള്ള കേന്ദ്രങ്ങളുമായി കടുത്ത മത്സരവുമുണ്ട്. ബജറ്റ് ടൂറിസത്തിൽ ഗോവ കേരളത്തെക്കാൾ ഒരുപടി മുന്നിലാണ്. കേരളത്തിനു മുന്നോട്ടുവയ്ക്കാനാവാത്ത പല പ്രലോഭനങ്ങളും ഗോവ ആഭ്യന്തര ടൂറിസ്റ്റുകൾക്കു വച്ചുനീട്ടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ആഡംബര കല്യാണങ്ങൾക്കുള്ള വേദിയായി കൊച്ചിയെയും കേരളത്തെയും മുന്നോട്ടുവയ്ക്കുക എന്ന ആശയത്തിനു ജീവൻവച്ചത്.

‘മൈസ്’ ഹോട്ടലാണു ബോൾഗാട്ടി ഹയാത്ത്. ‘മൈസ്’ എന്നാൽ ‘മീറ്റിങ്സ്, ഇൻസന്റീവ്സ്, കോൺഫറൻസ്, എക്സിബിഷൻ’. ഈ വർഷം ഇനി മൈസ് ടൂറിസം പ്രതീക്ഷിക്കുന്നില്ല. വലുതും ചെറുതുമായ സമ്മേളനങ്ങൾ ഇല്ല. പ്രദർശനങ്ങളില്ല. വ്യവസായ, വാണിജ്യ സ്ഥാപനങ്ങളോ ശൃംഖലകളോ ജീവനക്കാർക്കും ബിസിനസ് ബന്ധുക്കൾക്കുമായി ഉല്ലാസപരിപാടികളും സംഘടിപ്പിക്കുന്നില്ല. വെഡ്ഡിങ് ഡെസ്റ്റിനേഷനായി കൊച്ചിയെയും കേരളത്തെയും വിപണനം ചെയ്യാമെന്ന ആശയം ഉയർന്നത് ഇത്തരമൊരു വെല്ലുവിളിയുടെ സാഹചര്യത്തിലാണ്.

Snakeboat
കേരളത്തെ വിവാഹ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ ഉത്തരേന്ത്യയിൽ നിന്നും എത്തിയ ക്ഷണിക്കപ്പെട്ട അതിഥികൾക്കായി കൊച്ചി കായലിൽ നടത്തിയ വള്ളംകളി. ഗ്രാൻഡ് ഹയത്ത് ഹോട്ടലിന്റെ സഹകരണത്തോടെ ഫോർട്ടുകൊച്ചി ഗ്രീനിക്സ് വില്ലേജാണ് പരിപാടി സംഘടിപ്പിച്ചത്. ചിത്രം ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

കേരളത്തെ വെഡ്ഡിങ് ഡെസ്റ്റിനേഷനായി വിപണനം ചെയ്യാൻ വെറുതേ വാചകമടിച്ചാൽ മതിയോ? കേരളത്തിൽ എല്ലാത്തരം ആഘോഷങ്ങളും ചെയ്തുകൊടുക്കാൻ പറ്റും എന്നു തെളിയിക്കണമായിരുന്നു. അതിനാണു വെഡ്ഡിങ് പ്ലാനർമാർക്കുവേണ്ടി ഒരു നേരനുഭവം സംഘടിപ്പിച്ചത്. കേരളത്തിൽ ആഡംബര കല്യാണം നടത്തുമ്പോൾ എന്തൊക്കെയായിരിക്കും വെല്ലുവിളികൾ എന്നു പലർക്കും സംശയമുണ്ടായിരുന്നു. ശരിക്കും കല്യാണം നടത്തുന്നപോലെതന്നെ. ‌‌ഓരോ ഇവന്റും ഹയാത്ത് അധികൃതർ ഷെഡ്യൂൾ ചെയ്തു, സമയക്രമം പാലിച്ചു നടപ്പാക്കി.

കേരളത്തിന്റെ സംസ്കാരം, കൊച്ചിയുടെ പ്രകൃതിഭംഗി, സംവിധാനങ്ങൾ– സൗകര്യങ്ങൾ എന്നിവയെല്ലാം സംശയങ്ങൾക്ക് ഇടയില്ലാത്തവിധം അതിഥികൾക്കു മുൻപിൽ അവതരിപ്പിച്ചു. അതിന്റെ ഭാഗമായിരുന്നു കൊച്ചിക്കായലിലെ വള്ളംകളി. വടക്കേ ഇന്ത്യക്കാരനു കേരളത്തിനെക്കുറിച്ചുള്ള സംശയങ്ങൾ മിക്കവാറും ഈ സംഗമത്തിലൂടെ മാറ്റിയെടുത്തു.

വടക്കേ ഇന്ത്യയിൽനിന്നുള്ളവർക്കു ചെറുതും വലുതുമായ സംശയങ്ങൾ ഉണ്ടായിരുന്നു. കല്യാണത്തിന്റെ ഭാഗമായ മെഹന്ദി ആഘോഷം കേരളത്തിന്റെ സംസ്കാരത്തിൽ വരുന്നതല്ലല്ലോ, അതിനുള്ള സംവിധാനം ഇവിടെ ഉണ്ടാകുമോ? ആഫ്റ്റർ പാർട്ടി. 10 മണിക്കുശേഷം ഉയർന്ന ശബ്ദത്തിൽ സംഗീതം വച്ചു പുലരുംവരെയുള്ള ആഘോഷത്തിനു തടസ്സങ്ങളുണ്ടോ? മെഹന്ദി പാർട്ടിക്കു പ്രശ്നമില്ല. പക്ഷേ അർധരാത്രിക്കുശേഷം തുറന്നവേദിയിൽ സംഗീതപരിപാടികൾ സാധ്യമല്ല എന്നതു തുറന്നുപറഞ്ഞു.

വെഡ്ഡിങ് പ്ലാനർമാർ അക്കാര്യം അംഗീകരിച്ചാണു മടങ്ങിയത്. കേരളത്തിന്റെ ‘പ്ലസ് പോയിന്റുകൾ’ പരിഗണിക്കുമ്പോൾ പലരുംവരെയുള്ള ‘തുറന്ന’ ആഘോഷമില്ലെങ്കിലും കുറവൊന്നുമില്ല എന്നവർ തിരിച്ചറിയുന്നു. ഗോവയിലും ഇപ്പോൾ രാത്രി 10.30നുശേഷം തുറന്ന വേദികളിൽ ആട്ടവും പാട്ടും അനുവദിക്കുന്നില്ല.

വധൂവരൻമാരും കുടുംബങ്ങളും അവരുടെ അതിഥികളും വന്നു താമസിച്ചും അല്ലാതെയും ഒട്ടേറെ വിവാഹങ്ങൾ കഴിഞ്ഞ രണ്ടു വർഷത്തിനിടെ നടത്തിയതിന്റെ അനുഭവസമ്പത്തുണ്ടെന്ന് ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി ജനറൽ മാനേജർ ശ്രീകാന്ത് വഖാർക്കർ പറയുന്നു. അതിന്റെ ബലത്തിലാണ് ഇത്തരമൊരു വെഡ്ഡിങ് പ്ലാനേഴ്സ് സംഗമം നടത്തിയത്.

‘‘വെഡ്ഡിങ് പ്ലാനർമാർ നേരിട്ടുവന്ന് കൊച്ചിയിലെ സൗകര്യങ്ങളും കേരളത്തനിമയുടെ സമൃദ്ധിയും പ്രകൃതിഭംഗിയുടെ സമ്പന്നതയും ഹയാത്തിലെ സംവിധാനങ്ങളും കാണട്ടെ, അനുഭവിക്കട്ടെ എന്നു കരുതി. ‘ഡെസ്റ്റിനേഷൻ വെഡ്ഡിങ്’ എന്നതു കൊച്ചിക്കു വെറുമൊരു സങ്കൽപവും സാധ്യതയും മാത്രമല്ല, യാഥാർഥ്യംതന്നെയാണെന്നു തെളിയിക്കാനാണുദ്ദേശിച്ചത്. അതു സാധ്യമായെന്നു കരുതുന്നു.’’

അടുത്ത വർഷം 70 ആഡംബര കല്യാണങ്ങൾക്കു കൊച്ചി വേദിയാകുമെന്നാണു കണക്കുകൂട്ടൽ. ആഡംബര ഹോട്ടലുകൾക്കു മാത്രമല്ല, നാടൻ കലാകാരൻമാർക്കും കരിക്കുവെട്ടി വിൽക്കുന്നവർക്കും ഓട്ടോറിക്ഷ ഓടിക്കുന്നവർക്കുംവരെ വരുമാനത്തിന്റെ പങ്കുലഭിക്കും എന്ന ആകർഷണമുണ്ട്. ഫോർട്ട്കൊച്ചിയിലെ ഗ്രീനിക്സ് വില്ലേജാണു കഥകളി ഉൾപ്പെടെയുള്ള കലാരൂപങ്ങൾ അവതരിപ്പിച്ചത്. വള്ളംകളി ഏകോപിപ്പിച്ചതും അവർതന്നെ. വള്ളംകളിയും കേരള ഗ്രാമവും കലാപരിപാടികളും മുതൽ ക്ഷേത്രോത്സവം വരെ ഒരുക്കാൻ തയാറാണ്.

365 ദിവസവും കഥകളി അരങ്ങേറിയിരുന്ന വേദിയാണു ഗ്രീനിക്സ്. ലോക്ഡൗണിൽ അവിടത്തെ കലാകാരൻമാർ മാസ്ക് നിർമാണം ഉൾപ്പെടെയുള്ള ഉപജീവന മാർഗങ്ങളിലേക്കു തിരിഞ്ഞു. അവരെപ്പോലുള്ളവർക്കും ഉയിർത്തെഴുന്നേൽപിന്റെ വഴി കാണിക്കുകയാണ് ആഡംബര കല്യാണങ്ങൾ. അവ ആസൂത്രണം ചെയ്യുന്നവർക്ക് ഒരു കാര്യത്തിലേ നിർബന്ധമുള്ളൂ. അതിഥികൾക്ക് 3 ദിവസത്തേക്കു ബോറടിക്കാൻ പാടില്ല. മുഴുവൻ ദിവസവും ആഘോഷം വേണം. കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ചകൾ വേണം. രുചിയനുഭവങ്ങൾ വേണം. വടക്കേ ഇന്ത്യയിൽ കിട്ടാത്ത അനുഭവങ്ങൾ കൊച്ചിയും കേരളവും നൽകും. സംശയമില്ല.

English Summary: Kochi plans to be a Wedding Destination to attract tourists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com