വ്യാജപ്രചാരണക്കാർ സൂക്ഷിക്കുക; കോവിഡ് വാക്സീന്റെ തെറ്റായ പ്രചാരണത്തിന് ശിക്ഷ
Mail This Article
ന്യൂഡൽഹി ∙ കോവിഡ് വാക്‌സീനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. വ്യാജവിവരങ്ങൾ പ്രചരിക്കുന്നതു പരിശോധിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട കേന്ദ്രം, വേണ്ട നടപടിയെടുക്കാനും നിർദേശിച്ചു.
ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കു കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കത്തയച്ചു. ദേശീയ റഗുലേറ്ററി അതോറിറ്റി രാജ്യത്ത് ഉപയോഗാനുമതി നൽകിയ കോവിഷീൽഡ്, കോവാക്സീൻ എന്നീ രണ്ട് വാക്സീനുകളും സുരക്ഷിതവും രോഗപ്രതിരോധശേഷി ഉള്ളതുമാണെന്നു അദ്ദേഹം കത്തിൽ വ്യക്തമാക്കി.
അടിസ്ഥാനരഹിതവും തെറ്റിധരിപ്പിക്കുന്നതുമായ വിവരങ്ങൾ സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. ഇവ വാക്സീനെ കുറിച്ച് ആളുകളിൽ സംശയം സൃഷ്ടിക്കും. നിക്ഷിപ്ത താൽപര്യക്കാരാണ് അനാവശ്യമായ സംശയങ്ങൾ ഉണ്ടാക്കുന്നത്. ഇത്തരം അടിസ്ഥാനരഹിതമായ ഭയപ്പെടുത്തലിൽ ഏർപ്പെടുന്ന വ്യക്തികൾ, സംഘങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ ദുരന്തനിവാരണ നിയമത്തിലെയും ഇന്ത്യൻ പീനൽ കോഡിലെയും വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
English Summary: Take penal action against those circulating rumours on COVID-19 vaccine: MHA tells States