അക്രമം സമരത്തെ ദുർബലപ്പെടുത്തി: എഎപി; കർഷകർ തലസ്ഥാനം വിടണമെന്ന് അമരീന്ദർ
Mail This Article
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ നടന്ന അക്രമസംഭവങ്ങളെ അപലപിച്ച് ആം ആദ്മി പാർട്ടി. കഴിഞ്ഞ രണ്ടു മാസം സമാധാനപരമായി നടന്ന സമരം വഷളാകാൻ കേന്ദ്രസർക്കാരാണ് അനുവദിച്ചതെന്ന് എഎപി കുറ്റപ്പെടുത്തി. സമരത്തിലേക്ക് നുഴഞ്ഞുകയറിയവരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. അത് ആരാണെങ്കിലും സമാധാനപരമായും അച്ചടക്കത്തോടെയും നടന്ന സമരത്തെ അക്രമസംഭവങ്ങൾ ദുർബലമാക്കിയെന്നും എഎപി പ്രസ്താവനയിൽ വ്യക്തമാക്കി.
ട്രാക്ടർ പരേഡിനിടെ നടന്ന അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും യഥാർഥ കർഷകരോട് ദേശീയ തലസ്ഥാനത്തുനിന്നും അതിർത്തിയിലേക്ക് തിരിച്ചുപോകാൻ അഭ്യർഥിക്കുന്നതായും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർ നേടിയ അംഗീകാരം അക്രമങ്ങൾ നിരാകരിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.
ചൊവ്വാഴ്ച, ആയിരക്കണക്കിന് കർഷകരമാണ് ട്രാക്ടറുകളിൽ ഡൽഹി നഗരത്തിൽ പ്രവേശിച്ചത്. വിവിധ ഇടങ്ങളിൽ ഇവർ പൊലീസുമായി ഏറ്റുമുട്ടി. ഐടിഒയിലുണ്ടായ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. ചെങ്കോട്ടയിൽ പ്രവേശിച്ച കർഷകർ, ദേശീയപതായും സിഖ് കൊടിയും ഉയർത്തി. ഇതിനു പിന്നാലെ സമരക്കാരെ പൊലീസ് ചെങ്കോട്ടയിൽനിന്നു നീക്കി. സമരഭൂമിയിലെ ഇന്റർനെറ്റ് സേവനം കേന്ദസർക്കാർ റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി.
English Summary: AAP strongly condemns violence in farmers' tractor parade; Amarinder says scenes in Delhi shocking