ADVERTISEMENT

ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ടിന് ട്രാക്ടര്‍ റാലി തുടങ്ങാന്‍ ധാരണയായിരിക്കെ തീര്‍ത്തും അപ്രതീക്ഷിതമായാണ് സമരക്കാര്‍ രാവിലെ എട്ടേമുക്കാലോടെ ഡല്‍ഹിയിലേക്ക് തിരിച്ചത്. ഒന്നരമണിക്കൂറിനുള്ളില്‍ ഇത് സംഘര്‍ഷത്തില്‍ എത്തുകയായിരുന്നു.

പകല്‍മുഴുവന്‍ നീണ്ട സംഘര്‍ഷവഴി ഇങ്ങനെ

രാവിലെ 8.45, റിപബ്ലിക് ദിനപരേഡ് തുടങ്ങുന്നതിനും മുന്‍പേ പൊലീസ് ബാരിക്കേടുകള്‍ ഭേദിച്ച് കര്‍ഷകര്‍ രാജ്യതലസ്ഥാനം ലക്ഷ്യമാക്കി പുറപ്പെടുന്നു. തൊട്ടു‍പിന്നാലെ ഒന്‍പതേകാലോടെ നൂറുകണക്കിന് ട്രാക്ടറുകളും തിരിക്കുന്നു. 9.40 – ട്രാക്ടര്‍ റാലി സഞ്ജയ് ഗാന്ധി ട്രാന്‍സ്പോര്‍ട്ട് നഗറിലെത്തി. 10.17ന് ഗാസിപൂര്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടങ്ങുന്നു. അരമണിക്കൂറിന് ശേഷം പത്തേമുക്കാലോടെ പൊലീസ് ആദ്യ കണ്ണീര്‍വാതകം പ്രയോഗിച്ചു. 11 മണി, കര്‍ഷകര്‍ ഡല്‍ഹിയുടെ ഹൃദയഭാഗങ്ങളില്‍ പ്രവേശിക്കുന്നു. 

11.30 – സഞ്ജയ് ഗാന്ധി ട്രാന്‍സ്പോർട് നഗറില്‍ സംഘര്‍ഷം. 11.40– ഡല്‍ഹി മീററ്റ് ഹൈവേയില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ മറികടന്നു. പന്ത്രണ്ടേകാലോടെ സിംഘുവില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി റിങ് റോഡില്‍ പ്രവേശിച്ചു. 12.40 – ഡല്‍ഹി മുക്കാര്‍ബ ചൗക്കില്‍ സംഘര്‍ഷമായി. 12.55 – കര്‍ഷക റാലി ഐടിഒയിൽ പ്രവേശിച്ചു, ഇവിടെ പൊലീസ് ബസ് തകര്‍ത്തു. 

1200-republic-day-events

തൊട്ടുപിന്നാലെ ഒരുമണിയോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. 1.10ഓടെ പ്രധാന മെട്രോ സ്റ്റേഷനുകളെല്ലാം അടക്കുന്നു. 1.25ഓടെ പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങുന്നു. 1.48ന് കര്‍ഷകര്‍ ചെങ്കോട്ടയില്‍ പ്രവേശിക്കുന്നു. രണ്ടേകാലോടെ അതിദാരുണമായി കര്‍ഷകരില്‍ ഒരാളുടെ മരണം. ഇതോടെ കര്‍ഷകര്‍ ട്രാക്ടറുകളുമെടുത്ത് പൊലീസിനെ നേരിടാന്‍ ഒരുങ്ങുന്നു. അവിടെ മുതല്‍ കൈവിട്ട പ്രക്ഷോഭമാണ് തലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്. 

ചെങ്കോട്ടയിൽ കടന്ന സമരക്കാർ സിഖ് കൊടി ഉയർത്തി. ഒരു മണിക്കൂറോളം ചെങ്കോട്ട നിയന്ത്രണത്തിലാക്കിയ സമരക്കാരെ പൊലീസ് ഒഴിപ്പിച്ചു. വൈകിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. കൂടുതൽ അർധസൈനിക വിഭാഗത്തെ ഡൽഹിയിൽ നിയമിക്കാൻ തീരുമാനമായി. രാത്രിയോടെ കർഷകർ സമരഭൂമിയിലേക്ക് മടങ്ങിയതോടെ തലസ്ഥാനം ശാന്തം. 

English Summary : An unusual Republic day, what happened in Delhi? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com