ലൈഫിനെ പ്രശംസിച്ച് ഗവര്‍ണര്‍; പരാമര്‍ശിച്ചത് പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് പദ്ധതിയെന്ന്
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ, ആരോഗ്യ, ക്ഷേമ പദ്ധതികളെ പുകഴ്ത്തി ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക് ദിന സന്ദേശം. അതേസമയം, വിവാദത്തിലായ ലൈഫ് മിഷൻ പദ്ധതിയെ പ്രകീര്‍ത്തിച്ച ഗവര്‍ണര്‍ പരാമര്‍ശിച്ചത് പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് പദ്ധതി എന്നാണ്.
9 മണിക്ക് മുഖ്യമന്ത്രിയേയും വിശിഷ്ടാതിഥികളെയും സാക്ഷികളാക്കി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ദേശീയ പതാകയുയര്‍ത്തി. സേനാവിഭാഗങ്ങളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. മലയാളത്തില്‍ തുടങ്ങി നീതി ആയോഗിന്റെ ദേശീയ സ്കൂള്‍ വിദ്യാഭ്യാസ സൂചികയില്‍ കേരളം ഒന്നാമതെത്തിയത്, സാമൂഹിക അടുക്കള, സൗജന്യ കിറ്റ്, കോവിഡ് പ്രതിരോധം തുടങ്ങി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഗവര്‍ണര്‍ എണ്ണിപ്പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ആഘോഷം ചുരുക്കിയായിരുന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലകളിലെ റിപ്പബ്ലിക് ദിന ചടങ്ങുകള്‍. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയിലെ വീട്ടിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എംഎന്‍ സ്മാരകത്തിലും പതാക ഉയര്‍ത്തി. തിരുവനന്തപുരത്ത് റയില്‍വേ ആസ്ഥാനത്ത് ഡിവിഷനല്‍ റയില്‍വേ മാനേജര്‍ ആര്‍.മുകുന്ദും കൊച്ചി നാവികസേന ആസ്ഥാനത്ത് ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എ.കെ.ചാവ്്ലയും പൊലീസ് ആസ്ഥാനത്ത് എഡിജിപി മനോജ് എബ്രഹാമും പതാക ഉയര്‍ത്തി.
English Summary: Republic Day celebrations in Kerala