ADVERTISEMENT

ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തെ അക്ഷരാർഥത്തിൽ കലുഷിതമാക്കിയ സംഭവവികാസങ്ങൾക്കു പിന്നിൽ കർഷകർക്ക് യാതൊരു പങ്കുമില്ലെന്ന് കർഷക സംഘടനകൾ. പൊലീസിന്റെ വിലക്കുകൾ ലംഘിച്ച് റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയുടെ മകുടത്തിൽ സിഖ് മതാനുയായികൾ പവിത്രമായി കാണുന്ന നിഷാൻ സാഹിബ് പതാക ഉയർത്തിയത് സമരം നടത്തുന്നവരിൽപ്പെട്ടവരല്ലെന്നാണ് കർഷക സംഘടനകൾ ആവർത്തിക്കുന്നത്.

ചെങ്കോട്ടയിൽ ദേശീയ പതാകയ്ക്കു പകരം മറ്റൊരു കൊടി ഉയർന്നത് വൻ വാഗ്വാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരിക്കെയാണ് അതിനു നേതൃത്വം നൽകിയത് ആരെന്ന ചോദ്യവും ഉയരുന്നത്. സമാധാനപരമായി ട്രാക്ടർ റാലി നടത്താനായിരുന്നു കർഷകർ തീരുമാനിച്ചതെന്നും അതിലേക്കു ചില സാമൂഹിക വിരുദ്ധർ നുഴഞ്ഞു കയറിയതാണ് പ്രശ്നങ്ങൾ സൃഷ്ടച്ചതെന്നുമാണു സംയുക്ത സമര സമിതി ഇന്നലെ വ്യക്തമാക്കിയത്.

അതിനിടെയാണ് കർഷക സമരങ്ങളിൽ പരിചിത മുഖമായ പഞ്ചാബി അഭിനേതാവ് ദീപ് സിദ്ധുവിന്റെ ഫെയ്സ്ബുക് ലൈവ് ചർച്ചയാകുന്നത്. ‘പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ ജനാധിപത്യ അവകാശം നിഷേധിച്ചപ്പോൾ ചെങ്കോട്ടയിൽ നിഷാൻ സാഹിബ് പതാക ഉയർത്തുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്, ദേശീയ പതാക മാറ്റിയിട്ടില്ല’– എന്നാണ് ദീപ് ഫെയ്സ്ബുക് ലൈവിൽ പറഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രി സമരഭൂമിയിലെത്തി കർഷകരെ പ്രകോപിതരാക്കി സമരം കലുഷിതമാക്കാൻ ദീപ് സിദ്ധുവും ഗുണ്ടാ രാഷ്ട്രീയ നേതാവായ ലഖ സിദാനയും ശ്രമിച്ചതായി സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് ദേശീയ മാധ്യമത്തോട് പറഞ്ഞു. ഒരു മൈക്രോഫോണുമായി ദീപ് സിദ്ധു എങ്ങനെയാണ് ചെങ്കോട്ടയിൽ എത്തിയത് എന്നതിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ദീപ് സിദ്ധു കർഷകരെ വഴിതെറ്റിച്ചു എന്നാണ് ഭാരതീയ കിസാൻ യൂണിയന്റെ ഹരിയാനയിലെ നേതാവ് ഗുർം സിങ് ചദൂനി അറിയിച്ചത്.

‘സമാധാനപരമായി ട്രാക്ടർ റാലി അരങ്ങേറിയാൽ ഞങ്ങൾ വിജയിച്ചെന്നും സംഘർഷമുണ്ടായാൽ വിജയിച്ചില്ലെന്നുമാണ് ഞാൻ പറഞ്ഞത്. കർഷകരെ തെറ്റായ വഴിയിലേക്ക് നയിച്ചവരാണ് ഈ പ്രശ്നങ്ങൾക്കു പിന്നിൽ. എന്തുകൊണ്ടാണ്, എന്തിനാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഞങ്ങൾ അന്വേഷിക്കും’– ഭാരതീയ കിസാൻ യൂണിയൻ നേതാവ് ബൽബീർ സിങ് രജേവാൽ പറഞ്ഞു. കർഷക സമരത്തിനു പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നൽകുന്നവർ പോലും ചെങ്കോട്ടയിൽ ദേശീയ പതാകയ്ക്കു പകരം മറ്റൊരു കൊടി ഉയർന്നതിനെ വിമർശിക്കുന്നുണ്ട്. അത് കർഷക സമരത്തെ എങ്ങനെ ബാധിക്കുമെന്ന പ്രശ്നം നിലനിൽക്കെയാണ് കർഷക സംഘടനകൾ വിശദീകരണവുമായി രംഗത്തുവന്നത്.

ആരാണ് ദീപ് സിദ്ധു?

1984 പഞ്ചാബിലെ മുക്സർ ജില്ലയിൽ ജനിച്ച ദീപ സിദ്ധു നിയമബിരുദധാരിയാണ്. അഭിനയം മോഹമായിരുന്ന ദീപിന്റെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത് 2015ലാണ്– റംതാ ജോഗി. എന്നൽ 2018ലെ ജോറ ദാസ് നുബ്രിയ എന്ന ചിത്രത്തിലെ ഗുണ്ടാ നേതാവിന്റെ വേഷത്തിലൂടെയാണ് ദീപ് ശ്രദ്ധേയനാകുന്നത്.

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഗുർദാസ്പുരിൽ മത്സരിച്ച ബിജെപി നേതാവും അഭിനേതാവുമായ സണ്ണി ഡിയോളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിൽ ദീപ് സിദ്ധുവും ഭാഗമായിരുന്നു. എന്നാൽ ചെങ്കോട്ടയിൽ പതാക ഉയർത്തിയതിൽ ഖേദം പ്രകടിപ്പിച്ച സണ്ണി ഡിയോൾ തനിക്കോ കുടുംബത്തിനോ ദീപുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് പ്രതികരിച്ചത്.

English Summary: Deep Sidhu & government agencies behind rampage: Farm netas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com