ADVERTISEMENT

ന്യൂഡൽഹി∙ കർഷക സമരത്തിന്റെ ഗതി അക്രമത്തിലേക്കു മാറ്റിയതിനു പിന്നിൽ ബാഹ്യശക്തികളാണെന്ന ആരോപണവുമായി കർഷക സംഘടനകളും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും രംഗത്ത്. ചെങ്കോട്ടയിലെ സംഘർഷത്തിലും പതാക ഉയർത്തിയ സംഭവത്തിനും നേതൃത്വം നൽകിയത് പഞ്ചാബി സിനിമാതാരം ദീപ് സിദ്ധു ആണെന്നാണ് കർഷക സംഘടനകൾ ആരോപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി എംപി സണ്ണി ഡിയോളും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദീപ് നിൽക്കുന്ന ചിത്രമാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്. ഇതോടെ സൈബർ ഇടങ്ങളിലും ചർച്ച സജീവമായി. ഇയാൾ ബിജെപിയുമായി ഏറെ അടുത്ത ബന്ധമുള്ള വ്യക്തിയാണെന്ന് ചിത്രങ്ങൾ പങ്കുവച്ച് പ്രശാന്ത് ഭൂഷൺ വ്യക്തമാക്കുന്നു.

‘മോദിക്കും അമിത് ഷായ്ക്കും ഒപ്പം നിൽക്കുന്ന ഇയാളാണ് ദീപ് സിദ്ധു. ഇയാളാണ് ചെങ്കോട്ടയിലേക്ക് ആൾക്കൂട്ടത്തെ നയിച്ചതും സിഖ് പതാക അവിടെ ഉയർത്തിയതും’– മോദിക്കും അമിത് ഷായ്ക്കുമൊപ്പം ദീപ് നിൽക്കുന്ന ഫോട്ടോ പങ്കുവച്ച് പ്രശാന്ത് ഭൂഷൺ കുറിച്ചു.

കര്‍ഷക നേതാക്കളുടെ ആരോപണത്തെ തള്ളി ദീപ് സിദ്ധു ഫെയ്സ്ബുക് ലൈവിലെത്തിയിരുന്നു. സിഖ് പതാകയാണ് ഞങ്ങള്‍ ചെങ്കോട്ടയിലുയര്‍ത്തിയത്. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത്, ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ലെന്നും ദീപ് സിദ്ധു പറയുന്നു.

കർഷകപ്രതിഷേധത്തിൽ പങ്കെടുക്കാനും പിന്തുണ അറിയിച്ചും ഇയാൾ മുൻപ് തന്നെ സജീവമായിരുന്നു. എന്നാൽ ആർഎസ്എസ് – ബിജെപി ബന്ധം ആരോപിച്ച് കർഷക സംഘടന തന്നെ ഇയാൾക്കെതിരെ മുൻപ് രംഗത്തുവന്നിരുന്നു. ചെങ്കോട്ടയിലേക്ക് മൈക്രോഫോണുമായാണ് ദീപ് സിദ്ധു എത്തിയതെന്നും കര്‍ഷക പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചതു ദീപ് സിദ്ധുവാണെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സണ്ണി ഡിയോളിനായി തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ദീപ് സജീവമായിരുന്നു. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ ദീപ് സിദ്ദുവുമായി തനിക്കു ബന്ധമില്ലെന്ന് ബിജെപി എംപിയും നടനുമായ സണ്ണി ഡിയോള്‍ രംഗത്തെത്തി. തനിക്കോ കുടുംബത്തിനോ ദീപ് സിദ്ധുവുമായി ബന്ധമില്ല. ചെങ്കോട്ടയില്‍ നടന്നത് വേദനിപ്പിച്ചെന്നും സണ്ണി ഡിയോൾ വിശദീകരിച്ചു.

English Summary : Lawyer Prashant Bhushan tweets photo of Deep Sidhu with PM Modi, claiminig his BJP connection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com