ADVERTISEMENT

കൊച്ചി∙എറണാകുളം ജംക്‌ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്കു ഉയർത്താനുള്ള പദ്ധതിയിൽ താൽപര്യം പ്രകടപ്പിച്ചു രാജ്യത്തെ മുൻനിര കമ്പനികൾ. 229 കോടി രൂപ ചെലവിൽ റെയിൽവേ സ്റ്റേഷൻ ആധുനികവൽക്കരിക്കാനുള്ള  പദ്ധതി ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഒാപ്പറേറ്റ്, ട്രാൻസ്ഫർ(ഡിബിഎഫ്ഒടി) മാതൃകയിലാണു നടപ്പാക്കുക. 25ന് നടന്ന പ്രീ–ബിഡ് യോഗത്തിൽ അദാനി ഗ്രൂപ്പ്, ജിഎംആർ ഗ്രൂപ്പ്, കൽപതരു ഗ്രൂപ്പ്, ആങ്കറേജ് ഇൻഫ്രാസ്ടക്ചർ, ഐ സ്വക്‌യേഡ് ക്യാപിറ്റൽ, ഒമേക്സ് തുടങ്ങിയ 15ൽ അധികം കമ്പനികൾ പങ്കെടുത്തു. ഫെബ്രുവരി  22 വരെ സ്വകാര്യ കമ്പനികൾക്കും കൺസോർഷ്യങ്ങൾക്കും ടെൻഡറിൽ പങ്കെടുക്കാം. 3 വർഷമാണു പദ്ധതി നടപ്പാക്കാനുള്ള സമയം. ഏറെക്കാലം മുൻപു പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണെങ്കിലും നടപടി നീണ്ടു പോവുകയായിരുന്നു. 

60 വർഷത്തെ പാട്ടത്തിനാണു റെയിൽവേ ഭൂമി സ്വകാര്യ നിക്ഷേപകർക്കു വാണിജ്യാവശ്യങ്ങൾക്കു ഉപയോഗിക്കാൻ കഴിയുക. സൗത്ത് സ്റ്റേഷൻ വികസനം അതിവേഗം വളരുന്ന കൊച്ചിക്കു മുതൽക്കൂട്ടാകുമെന്നു ആർഎൽഡിഎ വൈസ് ചെയർമാൻ വേദ് പ്രകാശ് ദുദേജ പറഞ്ഞു. ഫുഡ് കോർട്ടുകൾ,  മൾട്ടി ലവൽ പാർക്കിങ്, ബസ് ബേ, എല്ലാ പ്ലാറ്റ്ഫോമുകളും  ഉൾക്കൊള്ളുന്ന തരത്തിൽ റൂഫിങ്, കഫറ്റേരിയ, റസ്റ്ററന്റുകൾ, മെട്രോ സ്റ്റേഷനിലേക്കു ഫുട്ട് ഒാവർ ബ്രിജ്, പ്ലാറ്റ്ഫോമുകൾക്കു മുകളിലായി വിശ്രമ സ്ഥലങ്ങൾ തുടങ്ങിയ സൗകര്യങ്ങളാണു വരിക. ഹോട്ടലുകളും വാണിജ്യ സമുച്ചയങ്ങളും ഇതോടൊപ്പം ശുപാർശ ചെയ്തിട്ടുണ്ട്. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ചിതറി കിടക്കുന്ന റെയിൽവേ ഒാഫിസുകളെല്ലാം ഒറ്റ സമുച്ചയത്തിലേക്കു മാറ്റും. സ്റ്റേഷന്റെ പരിപാലനവും നടത്തിപ്പും കമ്പനികൾക്കാകും. ന്യൂഡൽഹി, തിരുപ്പതി, ഡെറാഡൂൺ, നെല്ലൂർ, പുതുച്ചേരി എന്നിവയാണു ആർഎൽഡിഎ വികസിപ്പിക്കുന്ന മറ്റു സ്റ്റേഷനുകൾ. 

സ്റ്റേഷനു ആധുനിക മുഖം  ലഭിക്കുമെങ്കിലും സ്ഥലപരിമിത മൂലം പുതിയ പ്ലാറ്റ്ഫോമുകളോ അധിക ലൈനുകളോ പദ്ധതിയിൽ ശുപാർശ ചെയ്തിട്ടില്ല.110 ഏക്കർ ഭൂമിയുള്ള  വൈറ്റില പൊന്നുരുന്നിയിൽ ശുപാർശ ചെയ്തിരിക്കുന്ന പുതിയ ഇന്റഗ്രേറ്റഡ് കോച്ചിങ് ടെർമിനൽ കൂടി യാഥാർത്ഥ്യമായാൽ മാത്രമേ  സൗത്തിലെയും നോർത്തിലെയും തിരക്കു കുറയ്ക്കാനും  കൂടുതൽ സർവീസുകൾ ആരംഭിക്കാനും  കഴിയൂ. മാർഷലിങ് യാഡ് സ്വകാര്യ പങ്കാളിത്തതോടെ ടെർമിനൽ സ്റ്റേഷനാക്കുന്ന പദ്ധതിയുടെ കരട് റിപ്പോർട്ട് കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (െക–റെയിൽ) ദക്ഷിണ റെയിൽവേയ്ക്കു വൈകാതെ കൈമാറും. 

English Summary : Redevelopment of Ernakulum Junction Railway Station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com