ADVERTISEMENT

മുംബൈ ∙ ബിജെപി ഭരിക്കുന്ന കര്‍ണാടകത്തിലെ മറാത്തി സംസാരിക്കുന്ന പ്രദേശങ്ങളില്‍ കണ്ണുനട്ട് ശിവസേനയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും. കർണാടക അതിർത്തിയിലെ അവകാശത്തർക്കത്തിൽ പരിഹാര നിർദേശവുമായി ഉദ്ധവ് താക്കറെ രംഗത്തെത്തി. സംസ്ഥാന അതിർത്തികളിൽ മറാത്തി സംസാരിക്കുന്നവർ കൂടുതലുള്ള ഇടങ്ങളെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്നാണ് ഉദ്ധവിന്റെ നിർദേശം. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ അന്തിമവിധി വരെ ഇതു തുടരാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിത്തർക്കം പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിയിൽ മറാത്തി സംസാരിക്കുന്നവർക്കു നേരെയുള്ള അതിക്രമങ്ങളിൽ കർണാടക സർക്കാരിനെ വിമർശിച്ച ഉദ്ധവ്, ആ ജനങ്ങളെ മഹാരാഷ്ട്രയുടെ ഭാഗമാക്കാനുള്ള പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. കർണാടകയുടെ ഭാഗമായ ബെൽഗാം, കർവാർ, നിപ്പനി എന്നിവിടങ്ങളിലാണു മഹാരാഷ്ട്ര അവകാശമുന്നയിക്കുന്നത്. ഇവിടങ്ങളിൽ മറാത്തി പറയുന്നവരാണു കൂടുതൽ എന്നതു ചൂണ്ടിക്കാട്ടിയാണു തർക്കം.

‘വിഷയം വർഷങ്ങളായി സുപ്രീംകോടതിയിൽ തീരുമാനമാകാതെ കിടക്കുന്നു. എന്നിട്ടും ബെൽഗാമിന്റെ പേരുമാറ്റി സംസ്ഥാനത്തിന്റെ രണ്ടാമത്തെ തലസ്ഥാനമാക്കുകയാണു കർണാടക ചെയ്തത്. ഇതു കോടതിയലക്ഷ്യമല്ലേ? അന്തിമവിധി വരുന്നതുവരെ, കർണാടക കൈവശം വച്ചിരിക്കുന്ന മറാത്തി പ്രദേശങ്ങൾ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണം. ഏതു പാർട്ടിയുടെ സർക്കാരോ മുഖ്യമന്ത്രിയോ വന്നാലും മറാത്തി ജനതയെയും ഭാഷയെയും അക്രമിക്കുന്നതു കർണാടകയുടെ പതിവാണ്’– ഉദ്ധവ് പറഞ്ഞു.

English Summary: Uddhav Thackeray's Suggestion For Marathi-Speaking Areas In Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com