ADVERTISEMENT

നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി പുതിയ തലത്തിലേക്ക്. പാർലമെന്റ് പിരിച്ചുവിടാൻ തീരുമാനിച്ചു തന്റെ എതിരാളികൾക്കുമേൽ അപ്രതീക്ഷിത നീക്കം നടത്തിയ പ്രധാനമന്ത്രി കെ.പി.ശർമ ഓലിയെ ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി (എൻസിപി) പുറത്താക്കിയതോടെ പുതിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. മുൻ പ്രധാനമന്ത്രിയും പാർട്ടി നേതാവുമായ പുഷ്പ കമൽ ദഹാൽ പ്രചണ്ഡയുടെ നേതൃത്വത്തിലാണു പ്രധാനമന്ത്രിക്കെതിരായ നീക്കം. ചൈനയുമായും അതിർത്തി പങ്കിടുന്ന നേപ്പാളിലെ സംഭവവികാസങ്ങൾ ഗൗരവത്തോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്.

2020 ഡിസംബറിലാണു നേപ്പാൾ ജനപ്രതിനിധിസഭ പിരിച്ചുവിട്ടത്. വർഷങ്ങളുടെ അസ്ഥിരതയ്ക്കും ഹ്രസ്വകാല സർക്കാരുകൾക്കുംശേഷം നേപ്പാളിനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കു തള്ളിവിടുന്നതായിരുന്നു ഇപ്പോൾ കെയർടേക്കർ പ്രധാനമന്ത്രിയായ ഓലിയുടെ പ്രഖ്യാപനം. ഓലിക്കെതിരെ പാർട്ടി കോ–ചെയർമാൻ പ്രചണ്ഡ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ സ്ഥിരംസമിതി ഉത്തരവിടുമെന്ന സൂചനയെത്തുടർന്നായിരുന്നു ഈ യോഗത്തിന്റെ മണിക്കൂറുകൾക്കു മുൻപു പാർലമെന്റ് പിരിച്ചുവിട്ടത്.

അധികാരമേറ്റതുമുതൽ, പരമ്പരാഗത പങ്കാളിയായ ഇന്ത്യയിൽനിന്ന് അകന്ന ഓലി, ചൈനയുമായാണ് അടുത്തത്. ഇതിനെതിരെ പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പ്രചണ്ഡ വിഭാഗത്തിനും ഓലിയോടു താൽപര്യമുണ്ടായിരുന്നില്ല. വിഭാഗീയതയിൽപെട്ടു പാർട്ടിയിലും സർക്കാരിലും സ്ഥാനങ്ങൾ നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണു പാർലമെന്റ് പിരിച്ചുവിടാൻ ഓലി തയാറായത്. ഞായറാഴ്ച, എൻസിപിയിലെ പ്രചണ്ഡ-നേപ്പാൾ വിഭാഗമാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഓലിയെ പുറത്താക്കിയത്.

∙ കമ്യൂണിസ്റ്റ് പാർട്ടിയിൽ പിളർപ്പ്

പുറമേയ്ക്ക് അത്ര ഭിന്നത കണ്ടിരുന്നില്ലെങ്കിലും ഓലിയുടെ വിവാദ തീരുമാനം വന്നതോടെ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി രണ്ടു വിഭാഗങ്ങളായി. മൂന്നു വർഷം മുൻപുണ്ടായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർബന്ധിത ഐക്യവും ഇതോടെ അവസാനിച്ചു. ഈ ഭരണഘടന തള്ളിക്കളയുന്നതിനായി ഞങ്ങൾ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നു സിറ്റിസൺസ് മൂവ്മെന്റ് കൺവീനർ ബാലകൃഷ്ണ ന്യൂപെയ്ൻ പറഞ്ഞതും ഇതിനോടു ചേർത്തുവായിക്കാം.

പാർട്ടിയിൽ ഞങ്ങളാണ് ഔദ്യോഗിക വിഭാഗമെന്നു രണ്ടു പക്ഷവും പറയുന്നു. തിരഞ്ഞെടുപ്പ് ചിഹ്നമായ ‘സൂര്യൻ’ വേണമെന്നതിലും അവകാശവാദം ഉന്നയിക്കുന്നുണ്ട്. കാലാവധി തികയാൻ രണ്ടുവർഷം ശേഷിക്കെ സഭ പിരിച്ചുവിട്ടതു ചോദ്യം ചെയ്തു ഡസനോളം ഹർജികളാണു സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുള്ളത്. കോടതി നടപടികളുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടു മുന്നൂറിലധികം അഭിഭാഷകർ പേര് റജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

Narendra Modi, KP Sharma Oli
നരേന്ദ്ര മോദി, കെ.പി.ശർമ ഓലി

കഴിഞ്ഞ ഡിസംബർ 29ന് ഓലിയുടെ ഓഫിസിനു സമീപം 25,000 ആളുകളാണു പ്രതിഷേധിക്കാൻ തടിച്ചുകൂടിയത്. രാജ്യത്തുടനീളം കൂടുതൽ പ്രകടനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ‘സമാധാന പ്രക്രിയയെ വഴിതെറ്റിക്കാൻ ഓലി ശ്രമിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് പുനഃസ്ഥാപിക്കണം’ എന്നാണു കാഠ്മണ്ഡുവിലെ റാലിയിൽ മുൻ മാവോയിസ്റ്റ് കമാൻഡറും എൻസിപിയുടെ കോ-ചെയർമാനുമായ പ്രചണ്ഡ പറഞ്ഞത്. 1996-2006 കാലഘ‌ട്ടത്തിലെ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയയാളാണു പ്രചണ്ഡ.

∙ ഇനി എന്ത് സംഭവിക്കും? 

ചൈനയുടെ മധ്യസ്ഥതയിൽ ഐക്യപ്പെട്ട നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നു പുറത്തുവരുന്ന ഓലി, തന്റെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിനെ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) പുനരുജ്ജീവിപ്പിക്കാൻ സാധ്യതയുണ്ടെന്നാണു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അധികാരത്തിലേക്കു തിരിച്ചെത്താൻ നേപ്പാളി കോൺഗ്രസിന്റെ പിന്തുണയും ഓലി തേടിയതായി റിപ്പോർട്ടുണ്ട്. 17,000ത്തിലധികം മരണങ്ങൾക്കു കാരണമായ കലാപ രാഷ്ട്രീയത്തിന്റെ വിമർശകനായിരുന്നു ഓലി.

പക്ഷേ, മാവോയിസ്റ്റുകളും നേപ്പാളി കോൺഗ്രസും തമ്മിൽ സഖ്യമുണ്ടാക്കാനുള്ള സാധ്യത മുന്നിൽക്കണ്ടു ലയനത്തിനായി 2017ൽ ഓലി മാവോയിസ്റ്റുകളെ സമീപിക്കുകയായിരുന്നു. അങ്ങനെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ– യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റും നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയും (മാവോയിസ്റ്റ്) ലയിച്ചു. ഓലിയും പ്രചണ്ഡയും പാർട്ടിയുടെ കോ–ചെയർമാന്മാരായി. 275 സീറ്റിൽ 175 എണ്ണം നേ‌ടി അധികാരത്തിലെത്തി. രണ്ടുപേരും ഊഴമിട്ടു സർക്കാരിനെ നയിക്കാമെന്നായിരുന്നു ധാരണ.

കെ.പി.ശർമ ഒലി. ഫയൽ ചിത്രം: ISABEL INFANTES / AFP
കെ.പി.ശർമ ഓലി

പക്ഷേ, തന്റെ രണ്ടര വർഷം എത്തിയതോടെ ഓലി പാലം വലിച്ചു. സഭ പിരിച്ചുവിട്ടു നേരത്തെ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതു നേട്ടമാകുമെന്നാണു പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ തെരുവകളിൽ പടരുന്ന കലാപങ്ങളും ആക്രമണങ്ങളും ഒപ്പം ഏപ്രിൽ–മേയ് മാസങ്ങളിലെ മഴയും കണക്കിലെടുത്തു തിരഞ്ഞെടുപ്പ് നീട്ടുമോ എന്ന ആശങ്കയുമുണ്ട് അവർക്ക്. നിശ്ചയിച്ച തീയതികളിൽ തിരഞ്ഞെടുപ്പ് നടക്കുമോയെന്നു സംശയമുണ്ടെന്നു നേപ്പാളി കോൺഗ്രസ് കേന്ദ്ര കമ്മിറ്റി അംഗ ശേഖർ കൊയ്‌രാള പറഞ്ഞു.

ഏപ്രിൽ 30, മേയ് 10 തീയതികളിലാണു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളിൽ നിഷ്പക്ഷത പാലിക്കുമെന്നാണു നേപ്പാൾ സൈന്യത്തിന്റെ നിലപാട്. കെയർടേക്കർ പ്രധാനമന്ത്രിയുടെ പദവി ഉപയോഗിച്ച് കലാപം അടിച്ചമർത്താനും അതുവഴി ഭരിക്കാനും ഓലി ശ്രമിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. ഇതിനെ സൈന്യം എത്രത്തോളം പിന്തുണയ്ക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ഹിന്ദു രാജ്യമായി നേപ്പാളിനെ മാറ്റാനുള്ള ചില നീക്കങ്ങളും അണിയറയിൽ നട‌ക്കുന്നുണ്ട്.

∙ ഇന്ത്യയുമായുള്ള ബന്ധമെന്താവും?

പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടയാളാണ് ഇപ്പോൾ നേപ്പാളിന്റെ പ്രധാനമന്ത്രി. ഓലി, പ്രചണ്ഡ പക്ഷങ്ങൾ തങ്ങളാണ് ഔദ്യോഗികമെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുന്നതിനെച്ചൊല്ലിയും തർക്കമുണ്ട്. ഇതോടെ രാജ്യം നേരിടുന്ന ഭരണഘടനാ പ്രതിസന്ധി രൂക്ഷമായി. പൊതുതിരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളായേക്കുമെന്നാണു വിലയിരുത്തൽ.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി (ഫയൽ ചിത്രം)
നരേന്ദ്ര മോദി, കെ.പി.ശർമ ഓലി

ഔദ്യോഗിക പക്ഷമേതെന്നു തിരഞ്ഞെടുപ്പ് കമ്മിഷനും, പാർലമെന്റ് പിരിച്ചുവിട്ടതിനെതിരായ ഹർജികളിൽ സുപ്രീംകോടതിയും എടുക്കുന്ന തീരുമാനങ്ങൾ നേപ്പാളിനു നിർണായകമാകും. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വന്നിരുന്ന സമയത്തായിരുന്നു ഇരു പാർട്ടികളുടെയും ലയനം. സാമ്പത്തിക മാന്ദ്യത്തിനൊപ്പം ഇന്ത്യ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത് അവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമത്തിനു കാരണമായെന്നു നേപ്പാൾ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയു‌ടെ ശ്രമങ്ങളിലും മുറിവ് ഉണങ്ങിയിരുന്നില്ല.

2020ൽ ഇന്ത്യയിലെ ലിപുലേഖ്, കാലാപാനി, ലിംപിയാദുര പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം പുതുക്കിയതോടെ ബന്ധം മോശമായി. ഭൂപട ഭേദഗതി നേപ്പാൾ പാർലമെന്റും പാസാക്കി. ഇന്ത്യയോടുള്ള നീരസം ചൈന മുതലെടുത്തു. കാഠ്മണ്ഡുവിലെ അധികാര ഇടനാഴികളിൽ ചൈനീസ് വ്യാളി പടർന്നുകയറി. ഓലിയുടെ നീക്കങ്ങളിൽ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. സഭ പിരിച്ചുവിട്ടശേഷം ‘ഇന്ത്യയുടെ യഥാർഥ സുഹൃത്താകാൻ’ താൻ ആഗ്രഹിച്ചിരുന്നതായി ഓലി അഭിപ്രായപ്പെട്ടു.

വിദേശകാര്യമന്ത്രി പ്രദീപ് കുമാർ ഗ്യാവാലിയുടെ ന്യൂഡൽഹി സന്ദർശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഓലിയുടെ മാനസാന്തരം. നേപ്പാളിനോടു സൗഹൃദഭാവത്തിൽതന്നെയാണ് ഇന്ത്യ. ‘വാക്സീൻ മൈത്രി’ സംരംഭത്തിൽ ‘അയൽക്കാർ ആദ്യം’ എന്ന നയപ്രകാരം നേപ്പാളിനു മുൻ‌ഗണന നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സീനുകളുടെ ആദ്യ 10 ലക്ഷം ഡോസ് കാഠ്മണ്ഡുവിലെത്തി. 40 ലക്ഷം ഡോസുകൾ കൂടി വാങ്ങാൻ ഉദ്ദേശിക്കുന്നതായി നേപ്പാൾ അറിയിച്ചിട്ടുമുണ്ട്.

കാഠ്മണ്ഡുവിലെ ഭരണമാറ്റം ഇന്ത്യയ്ക്ക് അനുകൂലമായി വരണമെന്നില്ലെന്നു നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ന്യൂഡൽഹിയുമായും അടുപ്പം പുലർത്തി അയൽസ്നേഹം സന്തുലിതമാക്കാനുള്ള ഉദ്ദേശ്യം ഓലി പ്രകടിപ്പിച്ചിട്ടുണ്ട്. 2008-2009ൽ അധികാരത്തിലിരുന്ന പ്രചണ്ഡ ചൈനയെ മാത്രമാണു പുണർന്നത്. ഓലിയും ചൈനാചായ്‍വ് കാട്ടിയെങ്കിലും പാർട്ടിയിലെ പിളർപ്പ് തടയാൻ ബെയ്ജിങ്ങിനായില്ല. അതിർത്തി സംഘർഷം അയഞ്ഞിട്ടില്ലാത്തതിനാൽ ഏതവസരവും അനുകൂലമാക്കാൻ ചൈന ശ്രമിക്കുമെന്ന ചിന്ത ഇന്ത്യയ്ക്കുണ്ടുതാനും.

English Summary: Nepal PM KP Sharma Oli Expelled from Ruling Party; What this could mean for India-Nepal ties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com