ADVERTISEMENT

ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിൽ  ചെങ്കോട്ടയിൽ അതിക്രമിച്ചു കയറിയവർ വെടിക്കോപ്പുകൾ അപഹരിച്ചുവെന്നു ഡൽഹി പൊലീസിന്റെ എഫ്ഐആർ. 20 വെടിയുണ്ടകൾ വീതം അടങ്ങുന്ന 2 മാഗസിനുകൾ അപഹരിച്ചുവെന്നും പൊലീസുകാരുടെ സുരക്ഷാ ഉപകരണങ്ങൾ കവർന്നുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. കോട്‌വാലി പൊലീസ് സ്റ്റേഷനിലാണു അതിക്രമവുമായി ബന്ധപ്പെട്ട കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതനുസരിച്ചു ചെങ്കോട്ടയിലെ അതിക്രമങ്ങളിൽ 141 പൊലീസുകാർക്കു പരുക്കേറ്റു. 

അക്രമികൾ 2 പൊലീസുകാരുടെ കയ്യിൽ നിന്നു തോക്കുകൾ തട്ടിപ്പറിക്കാൻ ശ്രമിച്ചു. എന്നാൽ ഇരുവരും ഇതു തടഞ്ഞു. എങ്കിലും വെടിയുണ്ടകൾ സംരക്ഷിക്കാനായില്ല. ‘റിപ്പബ്ലിക് ദിനാഘോഷം നടക്കുന്നതിനാൽ ചെങ്കോട്ടയിൽ കർശന സുരക്ഷയുണ്ടായിരുന്നു. 4 വഴികളിലൂടെ ഡൽഹിയിൽ പ്രവേശിക്കാൻ ട്രാക്ടർ സമരക്കാർക്ക് അനുമതി നൽകിയിരുന്നെങ്കിലും കോട്‌വാലി ഭാഗത്തേക്കു കടക്കാൻ അനുമതി നൽകിയിരുന്നില്ല’ എഫ്ഐആറിൽ പറയുന്നു. 

റിപ്പബ്ലിക് ദിനത്തിൽ സംഭവിച്ചത്: എഫ്ഐആർ വിവരിക്കുന്നതിങ്ങനെ

12 മണിയോടെ നോർത്ത് ജില്ലാ പൊലീസ് കൺട്രോൾ റൂമിൽ നിന്നാണു കർഷകർ വലിയതോതിൽ രാജ്ഘട്ടിൽ നിന്നു ശാന്തിവൻ ചൗക്കിലേക്ക് കടക്കുന്നതായി വിവരം ലഭിച്ചത്. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച ബാരിക്കേഡുകൾ ഇവർ തകർത്തു. 12.15നു 1000–1200 സമരക്കാർ 30–40 ട്രാക്ടറുകളിലായി ചെങ്കോട്ടഭാഗത്തേക്ക് ഇരച്ചെത്തി. 125–130 ബൈക്കുകളും കാറുകളുമെല്ലാം ബാരിക്കേഡുകൾക്കു സമീപത്തെത്തി. 

ചെങ്കോട്ടയിലേക്കു പോകണമെന്ന വാശിയിലായിരുന്നു ഇവർ. ഇവരോടു ഇവർക്ക് അനുവദിച്ചിരിക്കുന്ന പ്രതിഷേധ സ്ഥലങ്ങളിലേക്കു മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ട്രാക്ടർ ഉപയോഗിച്ചു ബാരിക്കേഡ് തകർത്തു. പൊലീസുകാർക്കു നേരെ ട്രാക്ടർ ഓടിച്ചു കയറ്റാൻ ശ്രമിച്ചു. തുടർന്നാണ് ഇവർ ചെങ്കോട്ടയിൽ അതിക്രമിച്ചു കയറിയത്. ഇവരെത്തിയ സമയത്തു റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചലദൃശ്യങ്ങൾ നേതാജി സുഭാഷ് മാർഗ് കടന്നതേ ഉണ്ടായിരുന്നൂള്ളൂ. 

അക്രമികൾ ചെങ്കോട്ടയിൽ  പതാക ഉയർത്തി. സമരക്കരെ ലഹോരി ഗേറ്റ് ഭാഗത്തേക്ക് വിടാൻ പൊലീസ് ശ്രമിച്ചപ്പോൾ അവർ കൂടുതൽ അക്രമകാരികളായി. പൊലീസുകാരെ ഓടിക്കുകയും പലരെയും മതിലിനു പുറത്തേക്ക് വലിച്ചിടുകയും ചെയ്തു. ബസുകളും പൊലീസ് വാഹനങ്ങളും തകർത്ത സംഘം പൊലീസിന്റെ ആയുധങ്ങളും കയ്യടക്കിയെന്നും എഫ്ഐആറിൽ പറയുന്നു. 

English Summary: Republic Day violence: Delhi Police name farmer leaders in FIRs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com