ഈന്തപ്പഴം ഇറക്കുമതി: കസ്റ്റംസിനോട് വിവരം തേടി സര്‍ക്കാര്‍; അസാധാരണ നീക്കം
Mail This Article
തിരുവനന്തപുരം ∙ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ ഔദ്യോഗികമായി കേന്ദ്ര ഏജന്‍സിയില്‍നിന്ന് ആരായുന്നു. യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഇറക്കുമതി ചെയ്ത ഈന്തപ്പഴവുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് അസാധാരണ നടപടി.
കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ എത്ര കേസുകളിലാണ് നിയമവ്യവഹാരം, വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രോട്ടോകോള്‍ ഹാന്‍ഡ്ബുക്ക് അനുവദിക്കുന്ന പ്രകാരം എക്‌സെംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള വസ്തുക്കള്‍, ആ എക്‌സെംപ്ഷന് അനുസൃതമായി ഉപയോഗിക്കപ്പെടുന്നു എന്നുറപ്പുവരുത്താനുള്ള എന്തു നടപടിക്രമങ്ങളാണ് കസ്റ്റംസിനുള്ളത് - തുടങ്ങി ആറു ചോദ്യങ്ങളാണ് പ്രോട്ടോകോൾ വിഭാഗം ആരാഞ്ഞിരിക്കുന്നത്. തിരുവനന്തപുരം കസ്റ്റംസ് പ്രിവന്റീവ് അസി.കമ്മിഷണർ മുൻപാകെയാണ് അപേക്ഷ നൽകിയത്.
എംബസികള്‍/കോണ്‍സുലേറ്റുകള്‍ എന്നിങ്ങനെയുള്ള നയതന്ത്ര ഓഫീസുകളുടെ ഉപയോഗത്തിനായി കസ്റ്റംസ് ഡ്യൂട്ടി കൂടാതെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിക്കൊടുക്കാന്‍ ഉത്തരവാദപ്പെട്ട വ്യക്തി ആരാണ്, 09.05.2017ല്‍ ബില്‍ ഓഫ് എന്‍ട്രി നമ്പര്‍ 9624365 പ്രകാരം തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനുവദനീയമല്ലാത്ത കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് ഡ്യൂട്ടി അടയ്ക്കാന്‍ ബാധ്യസ്ഥനായ ഇറക്കുമതിക്കാരന്‍ ആരാണ്, മേല്‍പറഞ്ഞ ബില്ലില്‍ ഇറക്കുമതി ചെയ്ത വസ്തുക്കളുടെ കാര്യത്തില്‍ എന്തെങ്കിലും കസ്റ്റംസ് നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ, ബില്ലിലെ ഈന്തപ്പഴത്തിന്‍റെ ഇറക്കുമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റംസ് ആക്ട് 1962ലെ സെക്ഷന്‍ 108 പ്രകാരം എത്ര പേര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്? അവരുടെ പേരും തസ്തികയും, അവര്‍ ഏതു സംഘടനയുമായി ബന്ധപ്പെട്ടവരാണെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കണം തുടങ്ങിയ കാര്യങ്ങളും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary: Central Agency asks for RTI document in Dates export Controversy