ADVERTISEMENT

ചണ്ഡിഗഡ്∙ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് കർഷക പ്രതിഷേധം തുടങ്ങിയതിനു ശേഷം പാക്കിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്ത് വർധിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. കർഷക സമരം ശക്തമായതിനു ശേഷം അതിർത്തിയിലെ അസ്വസ്ഥതകളും ക്രമാതീതമായി വർധിച്ചുവെന്നും പാക്കിസ്ഥാൻ ഡ്രോണുകളിൽ ആയുധങ്ങൾ ഇന്ത്യയിലേക്കു കടത്തുകയാണെന്നും അമരീന്ദർ സിങ് ആരോപിച്ചു. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അമരീന്ദർ സിങ്ങിന്റെ ആരോപണം.

ഒക്ടോബറിൽ രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം ആരംഭിച്ചപ്പോൾ മുതൽ പഞ്ചാബിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുകയാണെന്നും ഇക്കാര്യങ്ങൾ കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും അമരീന്ദർ സിങ് പറഞ്ഞു. ആയുധങ്ങൾ കൂടാതെ പണവും ഹെറോയിനും ഉൾപ്പെടെയുള്ള ഡ്രോണുകൾ വഴി കടത്തുകയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധികളും അസ്വസ്ഥതകളുമുള്ള പഞ്ചാബാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും അമരീന്ദർ പറഞ്ഞു. 

രാജ്യത്തിനെതിരെ പാക്കിസ്ഥാനും ചൈനയും ഗൂഢാലോചന നടത്തുകയാണ്. രാജ്യത്തെ  20 ശതമാനം സൈനികരും കർഷകർ സജീവമായ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. കാർഷിക നിയമങ്ങൾ കൊണ്ട് അവരുടെ ആത്മവിശ്വാസം തല്ലിക്കെടത്തരുതെന്നും അമരീന്ദർ പറഞ്ഞു. ആരെയും അടച്ചാക്ഷേപിക്കാനല്ല താനിത് പറയുന്നതെന്നും റിപ്പബിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമങ്ങൾക്കു പിന്നിൽ പാക്കിസ്ഥാനാണോ എന്നത് കണ്ടുപിടിക്കേണ്ടത് അന്വേഷണ ഏജൻസികളാണെന്നും അമരീന്ദർ പറഞ്ഞു. 

പഞ്ചാബിനെ ലക്ഷ്യമിട്ടുളള പാക്ക് സ്ലീപ്പർ സെല്ലുകൾ സംസ്ഥാനത്ത് സജീവമാണെന്നും അമരീന്ദർ പറഞ്ഞു. രാജ്യത്തെ വഞ്ചിച്ച് കടന്നു കളഞ്ഞ വിജയ് മല്യയും നീരവ് മോദിയുമല്ല കർഷക നേതാക്കളെന്നും അവർക്കെതിരായ ലുക്കൗട്ട് നോട്ടിസ് പിൻവലിക്കണമെന്നും അമരീന്ദർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കർഷക നേതാക്കളെ ഉപദ്രവിക്കാൻ ഡൽഹി പൊലീസ് റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങൾ മറയാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റിപ്പബ്ലിക് ദിനത്തിൽ  കർഷകരിൽ ഒരു വിഭാഗം ഡൽഹിയിൽ നടത്തിയ അഴിഞ്ഞാട്ടം കർഷക സംഘടനകളെ പ്രതിരോധത്തിലാക്കിയിരുന്നു. ട്രാക്ടർ പരേഡിനിടെ നടന്ന അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും യഥാർഥ കർഷകരോട് ദേശീയ തലസ്ഥാനത്തുനിന്നും അതിർത്തിയിലേക്ക് തിരിച്ചുപോകാൻ അഭ്യർഥിക്കുന്നതായും പഞ്ചാബ് മുഖ്യമന്ത്രി  അക്രമ സംഭവങ്ങൾക്കു പിന്നാലെ ആവശ്യപ്പെട്ടിരുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർ നേടിയ അംഗീകാരം അക്രമങ്ങൾ നിരാകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കർഷകരല്ല, കോൺഗ്രസിന്റെ പിന്തുണയോടെ ഇടനിലക്കാരാണ് സമരം നടത്തുന്നതെന്ന വാദമുയർത്തിയ ബിജെപിക്കും അക്രമസംഭവങ്ങൾ സമരത്തിനെതിരെ ആഞ്ഞടിക്കാൻ ഊർജം പകരുന്നതാണ്. ‘അന്നദാതാക്കൾ എന്നു പറഞ്ഞവർ ഭീകരവാദികളാണെന്നു തെളിഞ്ഞുവെന്ന് ബിജെപി വക്താവ് സംബിത് പത്ര പ്രതികരിക്കുകയും ചെയ്തു. 

English Summary: Punjab Chief Minister Cautions About Pakistan Amid Farm Protests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com