കനിമൊഴിക്കെതിരെ മോശം പരാമർശം: ബിജെപി നേതാവിനെ വിമർശിച്ച് ഖുഷ്ബു
Mail This Article
ചെന്നൈ∙ ഡിഎംകെ നേതാവ് കനിമൊഴിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ബിജെപി നേതാവിനെതിരെ ഖുഷ്ബു. ബിജെപി സംസ്ഥാന നിർവാഹക സമിതിയംഗം വി.ഗോപീകൃഷ്ണനെതിരെയാണു പാർട്ടി അംഗം കൂടിയാണു ഖുഷ്ബു നിലപാടെടുത്തത്. സ്ത്രീകളെ അപകീർത്തപ്പെടുത്തുന്നതു രാഷ്ട്രീയത്തിനതീതമായി എതിർക്കപ്പെടണമെന്നു കനിമൊഴിയെ പിന്തുണച്ചു ഖുഷ്ബു ട്വീറ്റ് ചെയ്തു.
ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു കനിമൊഴി നടത്തിയ പ്രസ്താവനയ്ക്കെതിരെയായിരുന്നു ഗോപീകൃഷ്ണന്റെ വിവാദ പരാമർശം. തോന്നിയതു പോലെ ആളുകൾക്കു കയറാൻ ക്ഷേത്രങ്ങൾ കനിമൊഴിയുടെ കിടപ്പുമുറി പോലെയാണോയെന്നായിരുന്നു വാക്കുകൾ.
കനിമൊഴി ഒരു സ്ത്രീയും ഭാര്യയും മകളും പാർലമെന്റേറിയനുമാണ്. അവൾ അർഹിക്കുന്ന ബഹുമാനം കൊടുത്തേ തീരൂ. ഖുഷ്ബു ട്വീറ്റ് ചെയ്തു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ബാർ ഡാൻസർ എന്നു വിളിച്ച ബിജെപി ഐടി സെൽ ഭാരവാഹിക്കെതിരെ നേരത്തെ ഖുഷ്ബു രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ, സമൂഹ മാധ്യമങ്ങളിൽ ഖുഷ്ബുവിനെതിരെ രൂക്ഷ വിമർശനമുണ്ടായി. കോൺഗ്രസ് ദേശീയ വക്താവായിരുന്ന ഖുഷ്ബു ഈയിടെയാണു പാർട്ടിയിൽനിന്നു രാജിവച്ചു ബിജെപിയിൽ ചേർന്നത്.
English Summary: EKhushbu Sundar Criticises Fellow BJP Leader For Remarks On MK Kanimozhi