ട്രംപിനെ കൈവിട്ട് അഭിഭാഷകരും; ഇംപീച്ച്മെന്റ് കടുക്കും
Mail This Article
വാഷിങ്ടൻ ∙ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കൈവിട്ട് അഭിഭാഷക സംഘത്തിലെ പ്രമുഖർ. ഇംപീച്ച്മെന്റ് അടക്കം കൈകാര്യം ചെയ്യുന്ന അഭിഭാഷകരാണ് സംഘത്തിൽനിന്നും പിരിഞ്ഞുപോയത്. സംഘത്തിൽ തുടരണമെന്ന് ട്രംപ് ഇവരോട് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന അടിസ്ഥാന രഹിതമായ ആരോപണം തുടരാൻ ട്രംപ് സംഘത്തെ നിർബന്ധിച്ചുവെന്നും രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. സംഘത്തെ നയിച്ചിരുന്ന ബച്ച് ബോവേസ്, ദെബോറ ബാർബ്യർ എന്നിവരാണു രാജിവച്ചത്.
വിചാരണയ്ക്ക് ഒരാഴ്ച മുൻപ് അഭിഭാഷകർ വിട്ടുപോയതു ട്രംപിന് വൻ തിരിച്ചടിയാണ്. അഭിഭാഷക സംഘവുമായി ബന്ധപ്പെട്ട് അവസാന തീരുമാനം എടുത്തിട്ടില്ലെന്ന് ട്രംപിന്റെ ഉപദേശകൻ ജേസൻ മില്ലർ ട്വീറ്റ് ചെയ്തു. ജനുവരി 6ന് ക്യാപ്പിറ്റലിലുണ്ടായ ആക്രമണത്തെത്തുടർന്നാണു ട്രംപിന് ഇംപീച്ച്മെന്റ് നേരിടേണ്ടി വരുന്നത്.
കലാപത്തിന് പ്രേരിപ്പിച്ചു എന്നാണു ട്രംപിനുമേൽ ആരോപിക്കുന്ന കുറ്റം. ഫെബ്രുവരി 9നാണ് വിചാരണ ആരംഭിക്കുക. ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോകുന്നതിനെ 5 റിപ്പബ്ലിക്കൻ പ്രതിനിധികൾ അനുകൂലിച്ചു. റിപ്പബ്ലിക്കൻകാരായ 17 പേർ ട്രംപിനെതിരെ വോട്ട് ചെയ്യുമെന്നാണ് കരുതുന്നത്.
Content Highlights: Trump impeachment lawyers leave team