കേരള സംഗീത നാടക അക്കാദമി പുരസ്കാരം ജേതാക്കളുടെ കയ്യിൽ നല്‍കി കെപിഎസി ലളിത
Mail This Article
തൃശൂര്‍∙ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേരിട്ട് കയ്യിൽ നൽകാതിരുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങൾ കനക്കുന്നതിടെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം ജേതാക്കളുടെ കയ്യിൽ നല്‍കി ചെയർപഴ്സൺ കെപിഎസി ലളിത. പുരസ്കാരം കയ്യിൽ നൽകുന്നതിനൊപ്പം പൊന്നാടയും ചാർത്തി.
ഗ്ലൗസ് ധരിച്ചാണ് ലളിത പുരസ്കാര സമർപ്പണത്തിനു തയാറെടുത്തത്. പക്ഷേ പണ്ടുമുതലേ താൻ ആരാധിച്ചിരുന്ന ബിയാട്രീസ് ഫെലോഷിപ് വാങ്ങിക്കാനായി വേദിയിൽ എത്തിയപ്പോൾ ലളിത മാസ്ക് മാറ്റി സ്നേഹം പ്രകടിപ്പിച്ചു. പിന്നെ ആലിംഗനവും ചെയ്താണ് വേദിയിൽനിന്നു മടക്കിയത്.
സാംസ്കാരിക വകുപ്പു മന്ത്രി എ.കെ. ബാലൻ പുരസ്കാരം സമർപ്പിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നെങ്കിലും കോവിഡ് മുക്തനായശേഷം ദീർഘയാത്രകൾ സാധ്യമല്ലാത്തതിനാൽ അദ്ദേഹം എത്തിയില്ല. ജേതാക്കളായ 36 പേർക്കും കെപിഎസി ലളിത പുരസ്കാരം കൈകളിൽ തന്നെ നൽകി. കാൽതൊട്ടു വന്ദിച്ചവരെ സ്നേഹപൂർവം തോളിൽ തട്ടി. ഇടയ്ക്ക് കാൽമുട്ടുവേദന വലച്ചെങ്കിലും ഒന്നിരുന്നശേഷം പുരസ്കാര സമർപ്പണം തുടർന്നു. മുപ്പതോളം പേർക്ക് നൽകിക്കഴിഞ്ഞ ശേഷം ഗ്ലൗസും ഊരിമാറ്റി.
English Summary: KPAC Lalitha gifts Kerala Sangeetha Nataka Academy award