ADVERTISEMENT

ജിന്ത് ∙ ഹരിയാനയിലെ ജിന്തിൽ കർഷകരുടെ ‘മഹാപഞ്ചായത്ത്’ (സമ്മേളനം) നടക്കുന്നതിനിടെ വേദി തകർന്നുവീണു. ഡൽഹിയിലെ കർഷക സമരത്തിന്റെ പ്രധാന നേതാവ് രാകേഷ് ടിക്കായത്ത് (ഭാരതീയ കിസാൻ യൂണിയൻ) അടക്കമുള്ളവർ കൂട്ടത്തോടെ താഴേക്കു വീണെങ്കിലും ആർക്കും പരുക്കില്ലെന്നാണു റിപ്പോർട്ട്.

ബുധനാഴ്ച ഉച്ചയോടെ വലിയ ജനക്കൂട്ടത്തെ ടിക്കായത്ത് അഭിസംബോധന ചെയ്യാൻ തുടങ്ങുമ്പോഴാണു സമ്മേളന വേദി താഴേക്കു പതിച്ചത്. ഇതിന്റെ വിഡിയോ വാർത്താ ഏജൻസി എഎൻഐ പുറത്തുവിട്ടു. പ്രസംഗം കേൾക്കാനായി താഴെയിരുന്നവർ ഞെട്ടലോടെ ചാടിയെഴുന്നേൽക്കുന്നതും വിഡിയോയിൽ കാണാം.

ഹരിയാനയിലെ ഖാപ് പഞ്ചായത്ത് ആണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. ടിക്കായത്ത് ഉൾപ്പെടെ നിരവധി കർഷക നേതാക്കളാണ് എത്തിയിരുന്നത്. കർഷക സമരത്തിനു പിന്തുണ കൂട്ടുന്നതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തർപ്രദേശിലും ഇത്തരം സമ്മേളനങ്ങൾ സംഘടിപ്പിച്ചിരുന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരുമെന്ന നിലപാടിലാണു പ്രതിഷേധക്കാർ.

‌അതിനിടെ, കർഷകർ പ്രതിഷേധിക്കുന്ന ഡൽഹി അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് അവരെ തടയുന്നതു രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുകയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെട‌ുത്തി.രാജ്യാന്തര പോപ്പ് താരം റിഹാന, കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് എന്തുകൊണ്ടാണു ചർച്ച നടത്താത്തതെന്നു ട്വീറ്റ് ചെയ്തതു സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

English Summary: Stage Collapse At Farmers' "Mahapanchayat", Leader Rakesh Tikait Falls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com