ആത്മനിര്‍ഭര്‍ പദ്ധതിയുടെ ആത്മാവ് തൊട്ട് എയ്‌റോ ഇന്ത്യ 2021ന് തുടക്കം
Mail This Article
ബെംഗളൂരു∙ ആത്മനിര്‍ഭര്‍ പദ്ധതിയുടെ ആത്മാവ് തൊട്ട് എയ്‌റോ ഇന്ത്യ 2021-ന് തുടക്കം. യെലഹങ്കയിലെ വ്യോമസേനാ കേന്ദ്രത്തിലാണ് പ്രദര്‍ശനം നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ മൂന്നു ദിവസമായി പരിപാടി വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച വ്യോമപ്രദര്‍ശനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും.
കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇക്കുറി പ്രദര്‍ശനം നടത്തുന്നത്. വ്യോമകേന്ദ്രത്തിലേക്കു കടക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. പൊതുജനങ്ങള്‍ക്ക് പ്രദര്‍ശന സ്ഥലത്തേക്കു പ്രവേശനം അനുവദിക്കില്ല. ബിസിനസ് പ്രതിനിധികള്‍ക്കു മാത്രമായിരിക്കും പ്രവേശനം. സാധാരണയായി അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയാണു മൂന്നു ദിവസമായി ചുരുക്കിയിരിക്കുന്നത്. ഇത്തവണ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ തത്സമയമായി പ്രദര്‍ശനം കാണാനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. https://aeroindia.gov.in/ എന്ന വെബ്‌സൈറ്റില്‍നിന്ന് ഇതിന്റെ വിവരങ്ങള്‍ ലഭിക്കും.
പ്രതിരോധ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയിലെ ഇന്ത്യയുടെ കഴിവുകള്‍ ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതും ലക്ഷ്യമിട്ടാണ് എയറോ ഇന്ത്യ-21 പരിപാടി സംഘടിപ്പിക്കുന്നതെന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയ്ക്കു കരുത്തു പകരുന്നതിനൊപ്പം സൗഹൃദരാജ്യങ്ങളിലേക്ക് പ്രതിരോധ സാമഗ്രികള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യയെ വളര്‍ത്തുകയെന്നതുമാണു ലക്ഷ്യം.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി 83 തേജസ് എംകെ1എ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യന്‍ വ്യോമസേനയും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും തമ്മില്‍ 48,000 കോടി രൂപയുടെ കരാര്‍ ഒപ്പുവയ്ക്കും.
പ്രധാന പരിപാടികള്‍
റോട്ടറി വിങ് തീം അടിസ്ഥാനപ്പെടുത്തി പ്രത്യേക ഇന്ത്യന്‍ പവലിയന്‍ പ്രദര്‍ശനത്തിന്റെ ആകര്‍ഷണമാണ്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ വിദേശമന്ത്രിമാരുടെ യോഗം, വിവിധ രാജ്യങ്ങളിലെ ചീഫ് ഓഫ് എയര്‍ സ്റ്റാഫിന്റെ സമ്മേളനം, ഇന്ത്യ-റഷ്യ മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോണ്‍ഫറന്‍സ് തുടങ്ങിയവയും പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും. സമാധാന പാലനത്തിനായി രാജ്യങ്ങള്‍ തമ്മില്‍ കൈകോര്‍ക്കേണ്ടതിന്റെ ആവശ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയാണ് ചീഫ് ഓഫ് എയര്‍ സ്റ്റാഫിന്റെ സമ്മേളനം മാറുമെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു.
തീപാറും പ്രകടനങ്ങള്‍
സൂര്യകിരണ്‍, സാരംഗ് വിമാനങ്ങളുടെ മാസ്മരിക എയ്‌റോബാറ്റിക് ഷോ പരിപാടിയുടെ മുഖ്യ ശ്രദ്ധാകേന്ദ്രമായിരിക്കും. ചൊവ്വാഴ്ച നടത്ത റിഹേഴ്‌സലില്‍ മികവുറ്റ പ്രകടമാണ് ഇരുവിഭാഗവും കാഴ്ചവച്ചത്. ഫിക്‌സഡ് വിങ്, റോട്ടറി പ്ലാറ്റ്‌ഫോം എന്നീ രണ്ടു വിഭാഗങ്ങളും ഒരുമിച്ചു നടത്തുന്ന ലോകത്തെ തന്നെ ആദ്യപ്രദര്‍ശനമായിരിക്കുമിത്. എല്‍സിഎ, എച്ച്ടിടി-40, ഐജെടി, ഹോക്ക്, ഡിഒ-228 വിഭാഗത്തില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനങ്ങളും പ്രദര്‍ശനത്തില്‍ അണിനിരക്കും. 63 വിമാനങ്ങളാവും പങ്കെടുക്കുക.
എല്‍സിഎച്ച്, എച്ച്ടിടി-40
15 ലൈറ്റ് കോംപാക്ട് ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള കരാറിന് സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി അനുമതി നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് എച്ച്എല്‍ സിഎംഡി ആ. മാധവന്‍ പറഞ്ഞു. എച്ച്ടിടി-40ന്റെ റിക്വസ്റ്റ് ഫോര്‍ ക്വട്ടേഷന്‍ ഉടന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തേജസ് പോര്‍വിമാനം നിര്‍മിക്കാനുള്ള എച്ച്എഎല്ലിന്റെ പുതിയ പ്ലാന്റിന്റെ ഉദ്ഘാടനം ബെംഗളൂരുവില്‍ ഇന്നലെ നടന്നു.
(എയ്‌റോസ്‌പെയ്‌സ്, പ്രതിരോധ സ്വതന്ത്രമാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)
English Summary:Plane Carnival Aero India 2021 takes off today carrying the Aatmanirbhar soul