രാഷ്ട്രീയത്തിലേക്ക് തൽക്കാലമില്ലെന്നാണ് രജനി പറഞ്ഞത്; സൂപ്പർസ്റ്റാറിന്റെ ഉപദേഷ്ടാവ്
Mail This Article
ചെന്നൈ∙ രാഷ്ട്രീയത്തിലേക്ക് ഒരിക്കലുമില്ലെന്ന് സൂപ്പർസ്റ്റാർ രജനീകാന്ത് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് തമിഴരുവി മണിയൻ. നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നു മാത്രമേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ. രജനി മക്കൾ മൺട്രം (ആർഎംഎം) അദ്ദേഹം പിരിച്ചുവിട്ടിട്ടില്ലെന്നും തമിഴരുവി മണിയൻ കൂട്ടിച്ചേർത്തു. ഗാന്ധിയ മക്കൾ ഇയക്കം സ്ഥാനപകൻ കൂടിയാണ് തമിഴരുവി മണിയൻ.
‘നാളെ രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്തിയാൽ ഗാന്ധിയ മക്കൾ ഇയക്കം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കും. രജനീകാന്ത് രാഷ്ട്രീയത്തിൽ കയറിയില്ലെങ്കിലും സഹോദര സംഘടനപോലെ ഞങ്ങൾ പ്രവർത്തിക്കും.’ – മണിയൻ കൂട്ടിച്ചേർത്തു. രാഷ്ട്രീയം വിടുകയാണെന്നും മരണം വരെ തിരികെ വരില്ലെന്നും 2020 ഡിസംബർ 30ന് പ്രഖ്യാപിച്ച ശേഷമുള്ള മണിയന്റെ ആദ്യ പ്രസ്താവനയാണ് ഇത്.
‘വിവിധ രാഷ്ട്രീയ കക്ഷികൾ രജനി മക്കൾ മൺട്രത്തിൽനിന്ന് ആളുകളെ തേടുകയാണ്. ചിലരൊക്കെ വിവിധ പാർട്ടികളിൽ ചേർന്നിട്ടുണ്ട്. മറ്റു ചിലരും ചേരാൻ തയാറായി നിൽക്കുന്നു. തിരുപ്പൂരിൽ മാർച്ച് 7ന് പാർട്ടി ജനറൽ കൗൺസിൽ യോഗം ചേരും’ – മണിയൻ പറഞ്ഞു. താൻ ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനീകാന്ത് കഴിഞ്ഞ ഡിസംബർ 29നാണ് പ്രഖ്യാപിച്ചത്.
English Summary: 'If Tomorrow Rajinikanth Says...': Superstar's Associate Plans His Return to Politics