‘റഫാൽ ചൈനീസ് ക്യാംപിൽ ആശങ്കയുണ്ടാക്കി; എന്തും നേരിടാൻ സേന സജ്ജം’
Mail This Article
ബെംഗളൂരു∙ ഇന്ത്യയിലേക്ക് റഫാൽ യുദ്ധവിമാനങ്ങൾ എത്തിയത് ചൈനീസ് ക്യാംപിൽ അശങ്കയുണ്ടാക്കിയെന്ന് ഇന്ത്യൻ വ്യോമസേന. ചൈന അതിർത്തിയിൽ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഇന്ത്യയ്ക്കുണ്ടെന്നും വ്യോമസേന മേധാവി ആർകെഎസ് ഭദൗരിയ അറിയിച്ചു. ഫ്രഞ്ച് നിർമിത റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത് ചൈനയ്ക്ക് ആഘാതം സൃഷ്ടിച്ചതിനാലാണ് അവർ ജെ–20 യുദ്ധവിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിൽ വിന്യസിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘ചൈനയുമായി നിലവിൽ ചർച്ചകൾ നടക്കുകയാണ്. ആവശ്യമായ സേനയെ ഞങ്ങൾ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ചർച്ചകൾ എങ്ങനെ പുരോഗമിക്കുന്നു എന്നത് അനുസരിച്ചിരിക്കും മറ്റെല്ലാം. അതിർത്തിയിൽ നിന്ന് പിന്മാറുകയാണെങ്കിൽ നല്ലത്. അതല്ല മറ്റെന്തെങ്കിലുമാണ് സംഭവിക്കുകയെങ്കിൽ അതിനെ നേരിടാനും തയാറാണ്.
ചൈനയുടെ ഭാഗത്തും നിന്നും വ്യോമ വിന്യാസത്തിൽ ചില പിന്മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ മറ്റൊരു ഭാഗത്ത് അവർ വ്യോമപ്രതിരോധ ശേഷി കൂട്ടുകയാണ്. ഈ വിന്യാസങ്ങൾ കുറയുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അവരുടെ വിമാന വിന്യാസങ്ങൾക്ക് അനുസരിച്ച് അതിനെ നേരിടാൻ ഇന്ത്യയും മാറ്റങ്ങൾ വരുത്തും.–’അദ്ദേഹം പറഞ്ഞു.
English Summary :Rafale has caused worries in China's camp, says IAF Chief