ഗ്രേറ്റയുടെ ടൂൾകിറ്റിന് പിന്നിൽ കാനഡ ആസ്ഥാനമായ ഖലിസ്ഥാനി സംഘടന: ഡൽഹി പൊലീസ്
Mail This Article
ന്യൂഡൽഹി ∙ ‘കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാൻ സമൂഹ മാധ്യമങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ’ എന്ന വിശദീകരണവുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെർഗ് ട്വീറ്റ് ചെയ്ത ടൂൾകിറ്റിനു പിന്നിൽ കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ സംഘടനയെന്ന് ഡൽഹി പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട വിശദാംശം തേടി ഡൽഹി പൊലീസ് ഗൂഗിളിനു കത്ത് നൽകി. ഗ്രേറ്റ ട്യുൻബെർഗിന്റെ ട്വീറ്റ് ആധാരമാക്കി ഗൂഢാലോചന, മതസ്പർധ വളർത്തൽ എന്നീ വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് നടപടി.
വിഘടനവാദ പ്രചാരണത്തിനായി എം.ഒ. ധാലിവാളി സ്ഥാപിച്ച, കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘പോയന്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ’ എന്ന ഖലിസ്ഥാൻ സംഘടനയാണ് നീക്കങ്ങൾക്കു ചുക്കാൻ പിടിച്ചതെന്നാണ് പൊലീസ് നിഗമനം. എന്നാൽ ഖലിസ്ഥാനി ഗ്രൂപ്പായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ പങ്കും ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. ഗ്രേറ്റയെ പ്രതി ചേർത്തിട്ടില്ലെന്നു വ്യക്തമാക്കിയ പൊലീസ് സമൂഹമാധ്യമ പ്രചാരണങ്ങൾക്കു പിന്നിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു.
ട്വിറ്ററിൽ ഗ്രേറ്റ ഒരു ടൂൾകിറ്റ് പങ്കുവച്ചതോടെയാണ് ‘ഗൂഢാലോചന സിദ്ധാന്ത’ത്തിനു ശക്തി കിട്ടിയത്. ‘നിങ്ങൾക്ക് സഹായിക്കാൻ താൽപര്യമുണ്ടെങ്കിൽ ഇതാ ഒരു ടൂൾകിറ്റ്’ എന്ന കുറിപ്പോടെയാണു ഗ്രേറ്റ ഇതു പോസ്റ്റ് ചെയ്തത്. കർഷക സമരത്തെ പിന്തുണയ്ക്കാനായി ട്വീറ്റിൽ തരംഗമുണ്ടാക്കുക, ഇന്ത്യൻ എംബസികൾക്കു പുറത്തു പ്രതിഷേധിക്കുക എന്നിവയുൾപ്പെടെ വിവിധ കാര്യങ്ങൾ ടൂൾകിറ്റിൽ രേഖപ്പെടുത്തിയിരുന്നു.ഇന്ത്യയെ അവഹേളിക്കാനുള്ള ഗൂഢാലോചനയാണിതെന്ന് ആരോപണമുയർന്നതിനു പിന്നാലെ ഗ്രേറ്റ ട്വീറ്റ് പിൻവലിച്ച് ചില മാറ്റങ്ങൾ വരുത്തി വീണ്ടും പോസ്റ്റ് ചെയ്തു.
ഡൽഹിയിലെ കർഷക സമരത്തിനു പോപ് താരം റിയാനയും ഗ്രേറ്റയും മറ്റു സെലിബ്രിറ്റികളും പിന്തുണ പ്രഖ്യാപിച്ചതു വലിയ ചർച്ചയായതോടെ സംഭവത്തിൽ വിദേശ ഗൂഢാലോചന സംശയിച്ചു ബിജെപി രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഡൽഹി പൊലീസ് നടപടി കടുപ്പിച്ചത്. ഖലിസ്ഥാനി ഗ്രൂപ്പായ സിഖ്സ് ഫോർ ജസ്റ്റിസ്, അവരുടെ വിഘടനവാദ പ്രചാരണമായ റഫറണ്ടം 2020 എന്നിവയെക്കുറിച്ച് അന്വേഷിക്കാൻ യുഎസിന്റെ സഹായം ഇന്ത്യ തേടിയിരുന്നു. യുഎസ് നീതിന്യായ വകുപ്പിന് അപേക്ഷ അയച്ചതായി വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്.
English Summary: Canada-based pro-Khalistani outfit blamed for organising Twitter toolkit