കാസര്‍കോട് പിടിക്കാൻ എല്‍ഡിഎഫ്; ലക്ഷ്യം അഞ്ചിൽ നാല് മണ്ഡലങ്ങൾ
Mail This Article
കാസര്‍കോട്∙ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നാലെണ്ണം ലക്ഷ്യമിട്ട് എല്‍ഡിഎഫ്. മുസ്ലിം ലീഗിന്റെ കൈവശമുള്ള മഞ്ചേശ്വരത്ത് ശക്തമായ പോരാട്ടം നടത്തിയാല്‍ കൂടെ പോരുമെന്നാണ് വിലയിരുത്തല്‍. കാസര്‍കോട് ഐഎന്‍എല്‍ വഴി രണ്ടാം സ്ഥാനവും എല്‍ഡിഎഫ് ലക്ഷ്യമിടുന്നു. സിപിഎമ്മിന്റെ പൊന്നാപുരം കോട്ടയായ തൃക്കരിപ്പൂരിലും ഉദുമയിലും അനായാസ ജയം സിപിഎം ഉറപ്പിക്കുന്നു.
ഇരുപതിനായിരത്തിലേറെ വോട്ടിന് സിപിഐ ജയിക്കുന്ന എല്‍ഡിഎഫിന്റെ അടിയുറച്ച മറ്റൊരു മണ്ഡലമായ കാഞ്ഞങ്ങാട്ടും ഭീഷണികളില്ല. മുസ്ലിം ലീഗും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന കാസര്‍കോട്ടും മഞ്ചേശ്വരത്തും വലിയ പോരാട്ടം കാഴ്ചവയ്ക്കുക എന്നതും പ്രധാന ലക്ഷ്യമാണ്. അനുകൂല സാഹചര്യങ്ങള്‍ മുതലാക്കി മഞ്ചേശ്വരം പിടിച്ചെടുക്കാനാകും ശ്രമം. 2006ന് ശേഷം എല്‍ഡിഎഫ് മഞ്ചേശ്വരത്ത് വിജയം സ്വപ്നം കാണുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗിന് മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച എന്നീ പഞ്ചായത്തുകള്‍ നഷ്ടമായതും എല്‍ഡിഎഫിന് പ്രതീക്ഷയാണ്.
സിപിഎമ്മിനെ മാത്രം വിജയിപ്പിച്ച തൃക്കരിപ്പൂരിലും ഭൂരിപക്ഷം മാത്രം അറിയേണ്ടതുള്ളു എന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍. ശക്തമായ മല്‍സരം നേരിടാന്‍ പോകുന്നു എന്ന പറയുന്ന ഉദുമയില്‍ സീറ്റ് നിലനിര്‍ത്താന്‍ സാധിക്കും എന്ന് തന്നെയാണ് കണക്കുകൂട്ടല്‍. നാല് പതിറ്റാണ്ടിലേറെയായി യുഡിഎഫിന്റെ കയ്യിലുള്ള കാസര്‍കോട്ട് ഇത്തവണ രണ്ടാം സ്ഥാനമാണ് മുന്നണിയുടെ ലക്ഷ്യം.
English Summary: Left Front gets into poll mode, aims Kasaragod constituency