വിശ്വാസ് മേത്തയുടെ നിയമനത്തെ അനുകൂലിച്ചിട്ടില്ല; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
Mail This Article
തിരുവനന്തപുരം∙ മുഖ്യവിവരാവകാശ കമ്മിഷണറായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ നിയമിക്കുന്നതിനെ അനുകൂലിച്ചിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താനുൾപ്പെട്ട കമ്മിറ്റി വിശ്വാസ് മേത്തയെ എതിർപ്പില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നെന്ന വാർത്തകൾ ശരിയല്ല. ഇന്‍റർനെറ്റ് പ്രശ്നം കാരണം ഓൺലൈൻ മീറ്റിങ്ങിൽ തനിക്കു വിഷയത്തെക്കുറിച്ചു വ്യക്തമായ അഭിപ്രായം രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നു മുഖ്യമന്ത്രിക്കു അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ജലസേചനവകുപ്പിൽ സ്വകാര്യ കൺസൾട്ടൻസികളെ നിയമിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ വിജിലൻസിനു പരാതി നൽകിയിട്ടുള്ള കാര്യം കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമനത്തിൽ തനിക്ക് എതിർപ്പുണ്ടെന്നും ഇക്കാര്യം യോഗത്തിന്റെ മിനിറ്റ്സിൽ രേഖപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി എ.കെ. ബാലൻ എന്നിവരുൾപ്പെട്ട സമിതി വ്യാഴാഴ്ച വൈകിട്ട് ചേർന്ന യോഗത്തിലാണ് വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കാൻ തീരുമാനിച്ചത്. ചെന്നിത്തലയും തീരുമാനത്തെ അനുകൂലിച്ചെന്നായിരുന്നു യോഗത്തിനുശേഷമുള്ള അറിയിപ്പ്. ഇൗ മാസം 28ന് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ചശേഷമാകും വിശ്വാസ മേത്ത പുതിയ ചുമതല ഏറ്റെടുക്കുക.
English Summary: Ramesh Chennithala's Letter to CM Pinarayi Vijayan on Posting of CIO