വടംവലിയും സ്പോർട്സ് ക്വോട്ടയ്ക്ക് കീഴിൽ; 21 പുതിയ കായിക ഇനങ്ങളെ ഉൾപ്പെടുത്തി
Mail This Article
ന്യൂഡൽഹി ∙ വടംവലി മത്സരം ഉൾപ്പെടെ കേന്ദ്ര സർക്കാർ ജോലികളിലെ സ്പോർട്സ് ക്വോട്ടയ്ക്ക് കീഴിൽ 21 പുതിയ കായിക ഇനങ്ങളെ കൂടി ഉൾപ്പെടുത്തി. മികവ് തെളിയിച്ച കായിക താരങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയ്ക്ക് കീഴിലെ ഗ്രൂപ്പ് (സി) തസ്തികകളിലേക്ക് നിയമനം നൽകുന്നതിനായുള്ള പട്ടികയിലാണ് പുതിയ ഇനങ്ങൾ ഉൾപ്പെടുത്തിയത്.
മല്ലഖമ്പ്, സെപക്ക് തക്രോ അടക്കം പട്ടികയിലിടം പിടിച്ചു. യുവജനകാര്യ–കായിക മന്ത്രാലയങ്ങളുടെ ചുമതലയുള്ള സഹമന്ത്രി കിരൺ റിജിജു ആണ് രാജ്യസഭയിൽ രേഖാമൂലം ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് യുവാക്കൾക്ക് പ്രോത്സാഹനം നൽകുന്നതിന് കായിക ഇനങ്ങൾ വർധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണമേഖലയിലടക്കം നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നു മന്ത്രാലയം വ്യക്തമാക്കി.
ഖേലോ ഇന്ത്യ, ദേശീയ സ്പോർട്സ് ഫെഡറേഷൻ സഹായം, രാജ്യാന്തര മത്സരങ്ങളിലെ വിജയികൾക്കും പരിശീലകർക്കും പ്രത്യേക അവാർഡ്, നാഷനൽ സ്പോർട്സ് അവാർഡ്, വിരമിച്ച പ്രതിഭകൾക്ക് പെൻഷൻ, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷനൽ സ്പോർട്സ് വെൽഫെയർ ഫണ്ട്, നാഷനൽ സ്പോർട്സ് ഡെവലപ്മെന്റ് ഫണ്ട്, സ്പോർട്സ് അതോറിറ്റി ഇന്ത്യ വഴി കായിക പരിശീലന കേന്ദ്രങ്ങൾ എന്നിവ പദ്ധതികളിൽ ചിലതാണ്.
വിവിധ പദ്ധതികളിലായി 2017-18 ൽ 1393.21 കോടിയും 2018-19 ൽ 1381. 52 കോടിയും 2019-20 ൽ 2000 കോടി രൂപയും അനുവദിച്ചു.
English Summary: Government has included 21 new disciplines for Central Government Jobs under sports quota: Kiren Rijiju