ADVERTISEMENT

ചെന്നൈ∙ ബെംഗളുരുവിൽ 4 വർഷത്തെ ജയിൽ ശിക്ഷയും രണ്ടാഴ്ചത്തെ കോവിഡ് ചികിത്സയും കഴിഞ്ഞ് ചെന്നൈയിലേക്ക് തിരിച്ച അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികലയുടെ വാഹനവ്യൂഹം അതിർത്തിയിൽ പൊലീസ് തടഞ്ഞു. നൂറു വാഹനങ്ങളുടെ അകമ്പടിയോടെ തമിഴ്നാട് അതിർത്തിയായ കൃഷ്ണഗിരിയിൽ എത്തിയ ശശികലയെ തടഞ്ഞ പൊലീസ് അകമ്പടിയായി അഞ്ചു വാഹനങ്ങള്‍ മാത്രമേ കടത്തി വിടൂവെന്ന് അറിയിച്ചു.

അണ്ണാഡിഎംകെ പതാക ഉപയോഗിക്കാനാകില്ലെന്ന് നിലപാട് എടുത്ത പൊലീസ് ശശികലയുടെ കാറിൽനിന്ന് അണ്ണാഡിഎം പതാക അഴിച്ചുമാറ്റി. ഇതോടെ അണ്ണാഡിഎംകെ പ്രവര്‍ത്തകന്‍റെ പാര്‍ട്ടി പാതകയുള്ള കാറിലേക്ക് ശശികല മാറിക്കയറി യാത്ര തുടരുകയും തമിഴ്നാട്ടിൽ പ്രവേശിക്കുകയും ചെയ്തു. അതേസമയം, പൊലീസ് നിര്‍ദേശം ലംഘിച്ച് വാഹനവ്യൂഹം മുന്നോട്ടു പോവുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

കൃഷ്ണഗിരിയിൽ വൻ സ്വീകരണമാണു ശശികലയ്ക്കായി പ്രവർത്തകർ ഒരുക്കിയിരുന്നത്. അതിനിടെ, കൃഷ്ണഗിരി ടോൾഗേറ്റിന് സമീപം രണ്ട് കാറുകൾക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ടോൾഗേറ്റിന് സമീപം പാർക്ക് ചെയ്തിരുന്നു സ്വീകരണ റാലിക്ക് എത്തിയ രണ്ടു കാറുകൾക്കാണ് തീ പിടിച്ചത്. റാലിക്കിടെ പ്രവർത്തകർ പടക്കം പൊട്ടിക്കുമ്പോഴാണ് കാറുകളിലേക്ക് തീ പടർന്നതെന്നാണ് വിവരം. 

ശശികലയുടെ കാറിൽ അണ്ണാഡിഎംകെ പതാക ഉപയോഗിക്കുന്നതിനെ തമിഴ്നാട് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ശശികല സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള അണ്ണാഡിഎംകെ കേന്ദ്രങ്ങളിലെല്ലാം ഇന്ന് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്. ശശികലയെ ‘രാജ മാതാ’ ആയി വിശേഷിപ്പിക്കുന്ന പോസ്റ്ററുകളാണ് അനുയായികൾ ചെന്നൈ നഗരത്തിൽ ഒരുക്കിയിരുന്നത്. അതിര്‍ത്തി മുതല്‍ 32 സ്ഥലങ്ങളിലാണ് ശശികലയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നത്. 

അനധികൃത സ്വത്ത് സമ്പാദനക്കേസിലെ കൂട്ടുപ്രതികളായ ഇളവരശി, വി.എൻ.സുധാകരൻ എന്നിവരുടെ പേരിൽ ചെന്നൈയിലുള്ള 6 സ്വത്തുവകകൾ സർക്കാർ കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. ശശികലയുടെ സഹോദര ഭാര്യയാണ് ഇളവരശി. സഹോദരീ പുത്രനും ടി.ടി.വി. ദിനകരന്റെ സഹോദരനുമാണു സുധാകരൻ.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷയുടെ ഭാഗമായി പ്രതികൾക്കു 100 കോടി രൂപ പിഴ വിധിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു ചെന്നൈ കലക്ടർ ഇളവരശിയുടെയും സുധാകരന്റെയും പേരിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടിയത്. ജയിൽ മോചിതയായ ഇളവരശിയും ശശികലയ്ക്കൊപ്പം ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.

10 കോടി രൂപ പിഴ അടയ്ക്കാത്തതിനാൽ സുധാകരൻ ഇതുവരെ ജയിൽ മോചിതനായിട്ടില്ല. ശ്രീറാം റോഡിലെ വസ്തു, വാലസ് എസ്റ്റേറ്റിലെ 5 വസ്തുക്കൾ എന്നിവയാണു കണ്ടുകെട്ടിയത്. 

English Summary: VK Sasikala Ignores Warning, Enters Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com