ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയില്‍ നിലപാട് തിരുത്തുമോയെന്നും നവോത്ഥാന നായകന്റെ മേലങ്കി  അഴിച്ചുവച്ചോയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തിൽ സർക്കാർ പുതിയ സത്യവാങ്മൂലം നൽകുമെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമെന്നു ചെന്നിത്തല ആവര്‍ത്തിച്ചു.

പുതിയ നിലപാട്  സിപിഎമ്മിന്റെ അടവ് നയം മാത്രമാണെന്നും ശബരിമലയെ യുഡിഎഫ് തിരഞ്ഞെടുപ്പ് വിഷയമായി മാത്രം കണ്ടിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. ശബരിമലയിൽ  വിശ്വാസികൾക്കു വേണ്ടി ആത്മാർഥമായുള്ള നിലപാടാണ് സർക്കാരിന്റേത് എങ്കിൽ എത്രയും വേഗം നേരത്തേ നൽകിയ സത്യവാങ്മൂലം പിൻവലിച്ചു പുതിയതു നൽകണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ശബരിമല വിഷയത്തിൽ സർക്കാർ പുതിയ സത്യവാങ്മൂലം നൽകുമെന്ന പ്രചാരണം തെറ്റാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പ്രതികരിച്ചു. ശബരിമല വിധി വന്നതിനുശേഷം മാത്രം ചിന്തിക്കേണ്ട വിഷയമാണത്. വിധി നടപ്പാക്കുന്നത് സാമൂഹിക സംഘർഷത്തിന് വഴിവയ്ക്കരുത്. പാർട്ടി വീക്ഷണം ബലം പ്രയോഗിച്ച് നടപ്പാക്കില്ല. തന്റെ പേരിൽ ശബരിമല അനുകൂല പ്രചാരണം നടക്കുന്നത് ശരിയല്ലെന്നും ബേബി പറഞ്ഞു.

യുവതീപ്രവേശം അനുകൂലിച്ച് സത്യവാങ്മൂലം നൽകിയ എൽഡിഎഫ് സർക്കാരാണ് എല്ലാ പ്രശ്നത്തിനും വഴിവച്ചതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. ആചാര സംരക്ഷണത്തിനു വേണ്ടിയാണ് യുഡിഎഫ് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഇപ്പോൾ അവർക്കു യുഡിഎഫിന്റെ സത്യവാങ്മൂലത്തിലേക്കു വരേണ്ട സ്ഥിതിയിലാണ്. അല്ലെങ്കിൽ അവർക്കു ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

English Summary: CM should clarify whether he is with Sabarimala devotees or not says chennithala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com