നടന് ദീപ് സിദ്ദു അറസ്റ്റില്‍; ചെങ്കോട്ട അക്രമത്തില്‍ നിര്‍ണായക വഴിത്തിരിവ്
Mail This Article
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിൽ നടൻ ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ്. സിദ്ദുവിനും മറ്റു മൂന്നുപേരെക്കുറിച്ചും വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്ടർ റാലിക്കിടെയാണ് സിദ്ദുവിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെങ്കോട്ടയിൽ കടന്ന് സിഖ് പതാക ഉയർത്തിയത്. ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ വന്‍നാശനഷ്ടം വരുത്തുകയും സിഖ് പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു. ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു അക്രമമെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.
ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ നേതൃത്വം നൽകിയശേഷം ഒളിവിൽ പോയ നടനെതിരെ പൊലീസ് തിരച്ചിൽ ഊർജിതമാക്കുന്നതിനിടെയും സമൂഹമാധ്യമങ്ങളിൽ ദീപ് സിദ്ധുവിന്റെ വിഡിയോകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഒളിസങ്കേതത്തിൽ സ്വയം ചിത്രീകരിച്ച വിഡിയോകൾ വിദേശത്തുള്ള സുഹൃത്തിന് അയച്ചു കൊടുത്തെന്നാണ് പൊലീസിന്റെ നിഗമനം. കർഷക നേതാക്കൾക്കെതിരെയും ഡൽഹി പൊലീസിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ച് ദീപ് സിദ്ധു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ വിദേശത്തു നിന്നാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്തുനിന്ന് ദീപ് സിദ്ധുവിന്റെ പെൺസുഹൃത്താണ് വിഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമ സംഭവങ്ങളിൽ കർഷക നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണം ഉയർത്തി താരം സമൂഹമാധ്യമങ്ങളിൽ നിരവധി തവണ പ്രത്യക്ഷപ്പെട്ടുവെങ്കിലും ഒളിസങ്കേതം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കർഷക നേതാക്കളുടെ രഹസ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും നേതാക്കൾ ഒളിക്കാൻ പെടാപ്പാടു പെടുമെന്നും ദീപ് സിദ്ധു ഭീഷണിപ്പെടുത്തിയിരുന്നു. നടന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ടിരുന്നതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. സിദ്ധു ബിജെപി ഏജന്റാണെന്നും സമരം പൊളിക്കാൻ ഇടപെട്ടുവെന്നുമാണ് കർഷക സംഘടനകളുടെ ആരോപണം. ഗുണ്ടാ രാഷ്ട്രീയ നേതാവായ ലഖ സിദാനയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സിദ്ധു ജനുവരി 25ന് രാത്രി സമരഭൂമിയിലെത്തി കർഷകരെ പ്രകോപിപ്പിച്ച് സമരം അക്രമസക്തമാക്കാൻ നേതൃത്വം നൽകിയതായി സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് ആരോപിച്ചിരുന്നു.
അക്രമവുമായി ബന്ധപ്പെട്ട് 12 പേരുടെ ചിത്രങ്ങളാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് പുറത്തുവിട്ടത്. വിവിധ വിഡിയോകള്‍ പരിശോധിച്ചതിനു ശേഷവും ഫൊറന്‍സിക് സംഘത്തിന്റെ സഹായത്തോടെയുമാണ് അക്രമികളെ തിരിച്ചറിഞ്ഞത്. ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറി പൊലീസിനെ ആക്രമിച്ചത് ഇവരാണെന്നാണ് നിഗമനം. അക്രമത്തില്‍ 44 കേസുകളാണ് ഡല്‍ഹി പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
122 പേരെ അറസ്റ്റ് ചെയ്തു. വിവിധ കര്‍ഷകസംഘടനാ നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐടിഒ മേഖലയില്‍ കര്‍ഷകന്‍ മരിച്ചതിനെക്കുറിച്ചു തെറ്റായ വിവരം പ്രചരിപ്പിച്ചതിനു കോണ്‍ഗ്രസ് എംപി ശശി തരൂരിനും വിവിധ മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ കേസെടുത്തിരുന്നു.
English Summary: Actor-Activist Deep Sidhu, Accused In Red Fort Violence, Arrested