ADVERTISEMENT

ഓക്‌ലൻഡ് ∙ ഓങ് സാൻ സൂ ചിയുടെ നേതൃത്വത്തിലുള്ള ജനകീയ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുത്ത പശ്ചാത്തലത്തിൽ മ്യാൻമറുമായുള്ള എല്ലാ ഉന്നതതല ബന്ധങ്ങളും ന്യൂസിലൻഡ് ഉപേക്ഷിക്കുന്നുവെന്നു പ്രധാനമന്ത്രി ജസീന്ത ആ൪ഡൻ. മ്യാൻമറിലെ സൈനിക ഭരണകൂടത്തിന് യാതൊരു സഹായവും നൽകില്ലെന്നും സൈനിക മേധാവികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയെന്നും ജസീന്ത പറഞ്ഞു. 

മ്യാൻമറിനു നൽകുന്ന സാമ്പത്തിക സഹായം സൈനിക ഭരണകൂടത്തിന് സഹായകരമാകുന്ന വിധത്തിൽ ആയിരിക്കില്ലെന്ന് ഉറപ്പു വരുത്തും. 30 ദശലക്ഷം യുഎസ് ഡോളറാണ് 2018 മുതൽ 2021 വരെ മ്യാൻമറിനു ന്യൂസിലൻഡ് അനുവദിച്ചിരുന്നത്. സൂ ചി ഉൾപ്പെടെയുള്ള മുഴുവൻ നേതാക്കളെയും തടവിൽനിന്നു മോചിപ്പിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കാൻ പട്ടാളം തയാറാകണമെന്നും ജസീന്ത ആവശ്യപ്പെട്ടു. 

ബ്രിട്ടിഷ് ഭരണത്തിൽനിന്ന് 1962 ൽ മോചിതമായ മ്യാൻമർ 2010 മുതൽ ഒരു പതിറ്റാണ്ട് ഭാഗിക ജനാധിപത്യത്തിന്റെ ഭാഗമായ ശേഷമാണ് വീണ്ടും പട്ടാളം ഭരണം പിടിച്ചെടുക്കുന്നത്. സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ച പട്ടാളം രാജ്യത്ത് ഇന്റർനെറ്റ് നിരോധിച്ചു. സമൂഹമാധ്യമങ്ങൾ നിരോധിച്ചിട്ടും പ്രതിഷേധം ശക്തമാകുന്നതു തടയുന്നതിനാണ് ഇന്റർനെറ്റ് സേവനം പൂർണമായി നിരോധിച്ചത്. മൊബൈൽ ഫോണുകളുടെ പ്രവർത്തനം സുഗമമല്ല.

ലാൻഡ് ഫോണുകളും പലയിടത്തും ലഭ്യമല്ല. അട്ടിമറി നടന്ന ഫെബ്രുവരി 1 മുതൽ സൂ ചിയും പ്രസിഡന്റ് വിൻ മിന്റും വീട്ടുതടങ്കലിലാണ്. ജനാധിപത്യം പുനഃസ്ഥാപിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് യുഎൻ പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതിയില്ല. സൂ ചിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഓസ്ട്രേലിയൻ പൗരൻ ഷോൺ ടർണലിനെയും തടവിലാക്കി. ഇതിൽ മ്യാൻമർ അംബാസഡറെ വിളിച്ചുവരുത്തി ഓസ്ട്രേലിയ പ്രതിഷേധം അറിയിച്ചു.

English Summary: New Zealand suspends ties with Myanmar; to ban visits from military leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com