അരൂരിലെ തോൽവിയിൽ മുന്നറിയിപ്പ്: അച്ചടക്ക ലംഘനം വച്ചു പൊറുപ്പിക്കില്ലെന്ന് പിണറായി
Mail This Article
ആലപ്പുഴ∙ അരൂർ ഉപതെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് വേണ്ട പരിശോധനകൾ നടത്തിയിട്ടില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം. അച്ചടക്ക ലംഘനം കാട്ടിയാൽ സംഘടനയിൽ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജില്ലയുടെ തെക്കൻ മേഖലയിൽ ബിജെപിയുടെ വളർച്ചയ്ക്ക് തടയിടണമെന്നും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
അരൂർ ഉപതെരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷവും സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വീഴ്ചയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ മേഖലയിൽ രണ്ടു പഞ്ചായത്തുകൾ കൈവിട്ടുപോയത് കൂടി സൂഷ്മമായി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പിണറായി ചൂണ്ടിക്കാട്ടി.
കുട്ടനാട്ടിലും അരൂരിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ജില്ലാ നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതിഷേധങ്ങൾക്ക് ഇടയായ ആലപ്പുഴയിൽ, അച്ചടക്ക ലംഘനം കാണിക്കുന്നവർ സിപിഎമ്മിലുണ്ടാകില്ലെന്ന കൃത്യമായ താക്കീതും പിണറായിയുടെ ഭാഗത്ത് നിന്നുണ്ടായി. നാല് പഞ്ചായത്തുകളിലേക്ക് വളർന്ന ജില്ലയിലെ ബിജെപിയുടെ മുന്നേറ്റവും യോഗത്തിൽ ചർച്ചയായി.
ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ഹരിപ്പാട് മണ്ഡലങ്ങളിൽ അനുയോജ്യമായ ഇടപെടൽ ഉണ്ടാകണമെന്ന് പിണറായി നിർദ്ദേശിച്ചു. ഭവന സന്ദർശനം അടക്കമുള്ള കാര്യങ്ങൾക്ക് ജില്ലാ നേതാക്കൾ മുൻകൈ എടുക്കണം. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് പരിശോധിക്കുമ്പോൾ ഹരിപ്പാട് മണ്ഡലം ഉൾപ്പെടെ ജില്ലയിൽ ഒൻപതിൽ ഒൻപത് സീറ്റുകളും ജയിക്കാനുള്ള അവസരമുണ്ടെന്ന് രണ്ടരമണിക്കൂറിലേറെ നീണ്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
English Summary: No study done regarding loss in Aroor says pinarayi vijayan