കുഞ്ഞുങ്ങളുടെ കുരുതിയിലോ സൗന്ദര്യ 'വില്പന'; റിയാനയ്ക്ക് കേൾക്കാമോ?
Mail This Article
ഒറ്റവരി ട്വീറ്റിലൂടെ, ഒറ്റ ചോദ്യത്തിലൂടെ ഇന്ത്യയിലെ കർഷക സമരത്തിനു കനലൂതി തീ പകർന്നൊരാൾ; റിയാന. ലോകപ്രശസ്ത പോപ് താരത്തിന്റെ ആ ചോദ്യമുനയിൽ ട്വിറ്റർ രണ്ടു ചേരിയായി. ഫെബ്രുവരി രണ്ടിനു റിയാന ട്വീറ്റ് ചെയ്ത മൂന്ന് സന്ദേശങ്ങളിൽ രണ്ടാമത്തേതാണു വിവാദപ്രകമ്പനം സൃഷ്ടിച്ചത്. ‘നമ്മൾ എന്തുകൊണ്ടാണ് ഇതേക്കുറിച്ചു സംസാരിക്കാത്തത്?’– കർഷക പ്രക്ഷോഭവേദികളിൽ ഇന്റർനെറ്റ് റദ്ദാക്കിയ വാർത്ത പങ്കുവച്ചായിരുന്നു ചോദ്യം. കേന്ദ്ര സർക്കാരും വിവിധ മേഖലകളിലെ താരങ്ങളും പ്രതികരിച്ചു വൻ സംഭവമായിട്ടും ഇതേപ്പറ്റി പിന്നീടൊന്നും റിയാന പറഞ്ഞതേയില്ല!
ഇതിനിടയിൽ റിയാന ആരാണെന്നും മതമേതെന്നുമെല്ലാം തിരഞ്ഞവർക്കു കിട്ടിയ പിടിവള്ളിയായി ‘ഫെന്റി ബ്യൂട്ടി’. റിയാനയുടെ സൗന്ദര്യവസ്തു നിർമാണ കമ്പനി. ഇവിടെ സാധനസാമഗ്രികളുടെ നിർമാണത്തിനായി ഇന്ത്യയിൽനിന്നാണ് മൈക്ക എന്ന സുപ്രധാനഘടകം വാങ്ങുന്നത്. ഇതു ശേഖരിക്കുന്ന ഖനികളിൽ ബാലവേല നടക്കുന്നുവെന്നാണ് ആരോപണം. എൻജിഒ ആയ ലീഗൽ റൈറ്റ്‌സ് ഒബ്‌സർവേറ്ററി (എൽആർഒ), കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മിഷനാണു (എൻസിപിസിആർ) പരാതി നൽകിയത്. ആവശ്യമായ നടപടിയെടുക്കുമെന്ന് എൻസിപിസിആർ ചെയർമാൻ പ്രിയങ്ക് കനൂൻഗോ പറയുകയും ചെയ്തു.
ലീഗൽ റൈറ്റ്‌സ് ഒബ്‌സർവേറ്ററിക്ക് ആർഎസ്എസ് പിന്തുണയുണ്ടെന്നു പറയപ്പെടുന്നു. എൻജിഒ സ്ഥാപകാംഗം വിനയ് ജോഷിയാണു പരാതിക്കാരൻ. ജാർഖണ്ഡിലെ ഖനികളിൽനിന്നാണു ഫെന്റി ബ്യൂട്ടി കമ്പനി മൈക്ക വാങ്ങുന്നത്. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെ പിന്തുണച്ച റിയാന, ബാലവേല തടയാതെ ഇരട്ടത്താപ്പ് സ്വീകരിക്കുകയാണെന്നാണ് വിമർശനം. ഫെന്റി ബ്യൂട്ടിക്കു സപ്ലൈ ചെയിൻ ക്ലിയറൻസ് സർട്ടിഫിക്കറ്റ് (എസ്‍സിസിസി) ഇല്ലെന്നും ആരോപണമുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നു വിനയ് ജോഷി ആവശ്യപ്പെടുന്നു.
ആരാണ് റിയാന?
കരീബിയൻ ദ്വീപ് രാജ്യമായ ബാർബഡോസിൽ ജനിച്ച് ലോകമാകെ ആരാധകരുള്ള ഗായികയും നടിയും ബിസിനസുകാരിയുമായി മാറിയ 32 കാരി. റോബിന്‍ റിയാന ഫെന്റി എന്നു മുഴുവൻ പേര്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള (101.6 ദശലക്ഷം) വ്യക്തികളിലൊരാൾ. 2019 ലെ കണക്കനുസരിച്ച് വാർഷിക വരുമാനം 600 മില്യൻ ഡോളർ. വർണ, വർഗ, ലിംഗ വിവേചനങ്ങള്‍ക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കുന്ന ആർട്ടിസ്റ്റ്. അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയും.
ഒരിക്കൽ ബാർബഡോസിൽ വന്ന അമേരിക്കൻ നിർമാതാവ് ഇവാൻ റോജേഴ്സ്, യുഎസിലേക്കു ക്ഷണിക്കുന്നതോടെ റിയാനയുടെ പാട്ടുവര തെളിഞ്ഞു. 2005 ൽ മ്യൂസിക് ഓഫ് ദ് സൺ, തൊട്ടടുത്ത വർഷം എ ഗേൾ ലൈക്ക് മീ തുടങ്ങിയ ആൽബങ്ങൾ റിയാനയെ പ്രശസ്തയാക്കി. കരീബിയൻ സംഗീതത്തിന്റെ സ്വാധീനം ആൽബങ്ങളിൽ കാണാം. 2007 ൽ ഗുഡ് ഗേൾ ഗോൺ ബാഡ് എന്ന മൂന്നാം ആൽബത്തിലൂടെ ‘സെക്സ് സിംബൽ’ പട്ടവും നേടി. ഒറ്റയ്ക്കു പുറത്തിറക്കിയ ആദ്യ ഗാനമായ അംബ്രല്ല ആദ്യത്തെ ഗ്രാമി പുരസ്കാരക്കുട ചൂടി.
2009 ൽ റേറ്റഡ് ആർ, 2010ൽ ലൗഡ്, 2011ൽ ടോക് ദാറ്റ് ടോക്, 2012ൽ അൺഅപ്പോളജറ്റിക്.. എന്നിങ്ങനെ സംഗീതതരംഗങ്ങൾ. ഇതിനകം 9 ഗ്രാമി പുരസ്കാരങ്ങൾ, 13 അമേരിക്കൻ മ്യൂസിക് അവാർഡ്, 12 ബിൽബോർഡ് മ്യൂസിക് അവാർഡ്, ആറ് ഗിന്നസ് ലോകറെക്കോർഡ്. ലോകമെമ്പാടുമായി വിറ്റത് 20 കോടി ആൽബങ്ങൾ. ഫോബ്സ് മാഗസിനും ടൈം മാഗസിനും വിശിഷ്ട വ്യക്തികളുടെ പട്ടികയിൽപെടുത്തിയ സെലിബ്രിറ്റി. 2019 ൽ 600 ദശലക്ഷം ഡോളറുമായി ഏറ്റവും സമ്പന്നയായ സ്ത്രീസംഗീതജ്ഞയെന്ന റെക്കോർഡ്. ബാറ്റിൽഷിപ് ഉൾപ്പെടെയുള്ള സിനിമകളിലെ അഭിനയം. ക്ലാര ലയണൽ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയിലൂടെ ക്ഷേമപ്രവർത്തനങ്ങളിലും സജീവം.
എന്താണ് ഫെന്റി ബ്യൂട്ടി?
സമൂഹമാധ്യമങ്ങളിലെല്ലാം ദശലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന അക്കൗണ്ടാണു റിയാനയുടേത്. അവരുടെ ഓരോ പോസ്റ്റിനും റീച്ച് അപാരം. റിയാന പങ്കുവയ്ക്കുന്ന പാട്ടുകളും പരസ്യങ്ങളും അഭിപ്രായങ്ങളുമെല്ലാം ലോകത്തിന്റെ മുക്കിലും മൂലയിലും ഞൊടിയിടയിൽ എത്തുമെന്നു ചുരുക്കം. ഈ താരപദവി ഉപയോഗിച്ചുള്ള ബിസിനസ് എന്ന ലക്ഷ്യത്തോടെയാണ് 2017 സെപ്റ്റംബറിൽ ഫെന്റി ബ്യൂട്ടിക്കു റിയാന തുടക്കമിട്ടത്. എല്ലാത്തരം ചർമക്കാരെയും (സ്കിൻ ടോൺ) ഉദ്ദേശിച്ച് 50 ഷെയ്ഡുകളിലുള്ള ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള സൗന്ദര്യവസ്തുക്കൾ അതിവേഗം ജനപ്രിയമായി. ടൈം മാസികയുടെ, 2017 ലെ ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങളുടെ പട്ടികയിലേക്കു ഫെന്റി ബ്യൂട്ടി തിരഞ്ഞെടുക്കപ്പെട്ടു.
ലിംഗഭേദമില്ലാതെ മേയ്ക്കപ് ചെയ്യുന്ന പുതിയ കാലത്ത്, ആഡംബര പ്രിയരുടെ ഇഷ്ട ബ്രാൻഡായി ഫെന്റി ബ്യൂട്ടി. എല്ലാ സൗന്ദര്യവർധക വസ്തുക്കളുടെയും മുഖ്യ ചേരുവയാണു പൊട്ടാസ്യം അലുമിനിയം സിലിക്കേറ്റ് എന്ന മൈക്ക. ലോകവിപണിയിലെ 60 ശതമാനം മൈക്കയും ഇന്ത്യയിലാണ് ഖനനം ചെയ്തെടുക്കുന്നത്. ടൂത്ത് പേസ്റ്റ്, പെയിന്‍റ് തുടങ്ങിയവയുടെയും അസംസ്കൃത വസ്തുവാണിത്. ലോകത്തിലെ മിക്ക കോസ്‍മെറ്റിക്സ് കമ്പനികളും ഇന്ത്യയില്‍നിന്നാണു മൈക്ക വാങ്ങുന്നത്, ഫെന്റി ബ്യൂട്ടിയും അങ്ങനെതന്നെ. അങ്ങേയറ്റം ചൂഷണം നടക്കുന്ന, പ്രത്യേകിച്ചും കുട്ടികളുടെ ജീവിതം നീറ്റിക്കളയുന്ന മൈക്ക ഖനികൾ ഭീകരകാഴ്ചയാണ്.
കുട്ടികളുടെ ‘ബ്ലഡ് മൈക്ക’
ഇന്ത്യയിലെ അനധികൃത മൈക്ക ഖനന കേന്ദ്രങ്ങളെ കുറിച്ച് 201 6ൽ റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച സമഗ്ര റിപ്പോർട്ടിന്റെ തലക്കെട്ട് ഇതായിരുന്നു– ബ്ലഡ് മൈക്ക! കുട്ടികളുടെ ജീവന്റെയും സ്വപ്നത്തിന്റെയും ചോര പൊടിഞ്ഞ മൈക്ക ഖനനത്തിന്റെ നൊമ്പരപ്പെടുത്തുന്ന കഥകൾ. ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഖനികളിൽ ബാലവേലയും തൊഴിൽ ചൂഷണവും നിത്യസംഭവം. ഖനികൾ തകർന്നുള്ള മരണങ്ങളും പതിവാണ്. ജാർഖണ്ഡിലും ബിഹാറിലും മാത്രം 20,000 ലേറെ കുട്ടികൾ മൈക്ക ഖനികളിൽ പണിയെടുക്കുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നു.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജാർഖണ്ഡിലെ കോഡർമ, ഗിരിദിഹ്, ഹസാരിബാഗ്, ബിഹാറിലെ നവാഡ, ജാമുയി, ഗയ, ഭാഗൽപുർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശത്തു ബ്രിട്ടിഷുകാരാണു മൈക്കാശേഖരം കണ്ടെത്തിയത്. എഴുന്നൂറിലധികം ഖനികളിലായി ആയിരക്കണക്കിനു തൊഴിലാളികൾ ജോലി ചെയ്ത കാലം. വനനശീകരണം തടയാനും പ്രകൃതിദത്ത മൈക്കയ്ക്കു പകരമുള്ളവ കണ്ടെത്തണമെന്ന നിർദേശത്തോടെയും 1980 ൽ വനസംരക്ഷണ നിയമം കൊണ്ടുവന്നതോടെ ഖനനവ്യവസായം നിലച്ചു. കർശനമായ പാരിസ്ഥിതിക നിയമങ്ങളെ തുടർന്നു ഖനികൾ പൂട്ടി. 2013–14 ൽ ഇന്ത്യയിൽ 38 മൈക്ക ഖനികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ഇന്ത്യയുടെ ബ്യൂറോ ഓഫ് മൈൻസിന്റെ കണക്ക്.
ഇതിനിടെ, ചൈനയിലുണ്ടായ സാമ്പത്തിക കുതിപ്പും ‘പ്രകൃതിദത്ത’ സൗന്ദര്യവർധക വസ്തുക്കളോടുള്ള ആഗോള താൽപര്യവും ഇന്ത്യയിലെ മൈക്ക ഖനികളിലേക്കു തിരികെ പ്രവേശിക്കാൻ പലരെയും പ്രേരിപ്പിച്ചു. അനധികൃതമായി ഖനികൾ തുറന്നു, കരിഞ്ചന്ത സൃഷ്ടിച്ചു. 2013–14 ൽ രാജ്യം 19,000 ടൺ മൈക്ക ഉൽപാദിപ്പിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ 1,28,000 ടൺ കയറ്റുമതി ചെയ്തെന്നും പറയുന്നു! 62 ശതമാനം ചൈനയിലേക്കും ബാക്കി ജപ്പാൻ, യുഎസ്, നെതർലൻഡ്‌സ്, ഫ്രാൻസ് എന്നിവിടങ്ങളിലേക്കും. ഡേറ്റയിലെ ഈ പൊരുത്തക്കേടിനെക്കുറിച്ച് ബ്യൂറോ ഓഫ് മൈൻസ് പ്രതികരിച്ചില്ല. രാജ്യത്തെ മൈക്ക ഖനനത്തിൽ 70 ശതമാനവും അനധികൃതമെന്നു ചുരുക്കം.
ഉപജീവനത്തിനായി ബാലവേല
ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ അയ്യായിരത്തിലധികം കുട്ടികൾ പഠനമുപേക്ഷിച്ചു മൈക്ക ഖനികളിൽ ബാലവേല ചെയ്യുന്നതായി 2019 ൽ സർക്കാർ നടത്തിയ സർവേയിൽ കണ്ടെത്തി. മൈക്ക ഖനികളിൽ 22,000 ത്തിലധികം കുട്ടികൾ ബാലവേല ചെയ്യുന്നുണ്ടെന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്ന രാജ്യാന്തര ഏജൻസിയായ തേരെ ദേശ് ഹോംസ് കണ്ടെത്തിയതിനു പിന്നാലെയാണ് എൻസിപിസിആർ സർവേ നടത്തിയത്. ബാല്യം നഷ്ടപ്പെടുന്നവരിൽ ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും സർവേയിലുണ്ട്.
കുടുംബത്തെ സഹായിക്കാനാണു മിക്ക കുട്ടികളും തൊഴിലെടുക്കുന്നത്. ജാർഖണ്ഡിലെ കോഡർമ, ഗിരിദിഹ്, ബിഹാറിലെ നവാഡ ജില്ലകളിലായിരുന്നു സർവേ. ജാർഖണ്ഡിൽ ആറ് മുതൽ 14 വയസ്സു വരെയുള്ള 4,545 കുട്ടികൾ സ്കൂളിൽ പോകുന്നില്ലെന്ന് എൻസിപിസിആർ റിപ്പോർട്ടിൽ പറയുന്നു. താൽപര്യക്കുറവ്, മൈക്ക ശേഖരണം തുടങ്ങിയവയാണ് സ്കൂളിൽ ചേരാതിരിക്കാനുള്ള കാരണങ്ങൾ. ഈ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗമാണ് മൈക്കാ ശേഖരണം. മൈക്ക ഖനന പ്രക്രിയയിലും മറ്റും കുട്ടികളെ ഉപയോഗിക്കരുതെന്നാണ് എൻസിപിസിആർ നിലപാട്.
കുട്ടികളിൽനിന്നു മൈക്ക വാങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കമ്മിഷൻ പറയുന്നു. പട്ടിണിയും മറ്റു തൊഴിൽ മേഖലകളുടെ അഭാവവുമാണു തുച്ഛമായ കൂലിക്ക് അപകടകരമായ ഈ തൊഴിൽ ചെയ്യാൻ മുതിർന്നവരെയും കുട്ടികളെയും നിർബന്ധിതരാക്കുന്നത്. ഇടുങ്ങിയ തുരങ്കങ്ങളിൽ ജോലി ചെയ്യാമെന്ന ‘സൗകര്യം’ കുട്ടികളുടെ ഡിമാൻഡ് കൂട്ടുന്നു. ‘എന്താണു മൈക്കയെന്ന് എനിക്കറിയില്ല, എന്തിനാണ് ഉപയോഗിക്കുന്നതെന്നും അറിയില്ല. കഠിനാധ്വാനം ചെയ്തു മൈക്ക ശേഖരിച്ചു വിറ്റാൽ കുറച്ചു പണം കിട്ടുമെന്നറിയാം’– ജാർഖണ്ഡിൽ വർഷങ്ങളായി ഈ പണി ചെയ്യുന്ന, ആറു കുട്ടികളുടെ അമ്മയായ സുശീല ദേവി പറയുന്നു.
നാലു വർഷം മുൻപ്, ദിവസവും 10 കിലോയോളം മൈക്ക ശേഖരിക്കാറുണ്ടായിരുന്ന സുശീലയ്ക്കു കിലോയ്ക്ക് 8 രൂപ വച്ച് 80 രൂപയാണ് ഇടനിലക്കാരൻ നൽകുക. ഉന്നത നിലവാരമുള്ള മൈക്കയ്ക്ക് (ടോപ് ക്വാളിറ്റി ഷീറ്റ്/ റൂബി മൈക്ക) കിലോയ്ക്ക് പരമാവധി 25 രൂപയേ കിട്ടൂ. പല കൈ മറിയുന്ന ഇതേ സാധനത്തിനു രാജ്യാന്തര വിപണിയിൽ വില എത്രയെന്നോ? കിലോയ്ക്ക് 2000 ഡോളറെന്നു യുഎസ് ജിയോളജിക്കൽ സർവേ. ആവശ്യകത കൂടുന്തോറും വിലയും കുതിക്കും. പക്ഷേ പെറുക്കിക്കൂട്ടുന്നവർക്ക് പിച്ചക്കാശ് മാത്രം.
റിയാനയ്ക്ക് എന്തുചെയ്യാനാകും?
മോണിക്ക ഫെന്റിയുടെയും റൊണാൾഡ് ഫെന്റിയുടെയും മൂന്നു മക്കളിൽ മൂത്തവളായ റിയാന, പട്ടിണിയോടും പടവെട്ടിയാണ് ഇന്നീക്കാണുന്ന കൊടുമുടികൾ കീഴടക്കിയത്. മദ്യപാനത്തിലും ലഹരിമരുന്നിലും അഭയം തേടിയ അച്ഛൻ. തന്റെ 14–ാം വയസ്സിൽ വിവാഹമോചനം നേടിയ മാതാപിതാക്കൾ. ഭക്ഷണത്തിനുപോലും പ്രയാസപ്പെട്ട കുട്ടിക്കാലം. പാവപ്പെട്ട കുട്ടികളെ എങ്ങനെ സഹായിക്കാമെന്നായിരുന്നു അവളുടെ ബാല്യകാലസ്വപ്നം. കരിയര്‍ തുടങ്ങിയതിനൊപ്പം, കൗമാരം പിന്നിട്ടതിനു പിന്നാലെ, ചാരിറ്റിക്കു തുടക്കമിട്ടു റിയാന. ഇന്ന് അറുപതോളം രാജ്യങ്ങളിലെ കുട്ടികൾക്കു വിദ്യാഭ്യാസത്തിനുള്ള സഹായങ്ങൾ നൽകുന്നു. മുതിർന്നവർക്കടക്കം രോഗീപരിചരണത്തിനു കോടികൾ ചെലവിടുന്നു.
തുരങ്കങ്ങളിൽ കയറിയുള്ള മൈക്ക ശേഖരണം നിസ്സാരമല്ല, ജീവൻ പണയപ്പെടുത്തിയുള്ള പണിയാണ്. എല്ലാ മാസവും 10–20 കുരുന്നുകൾ ഈ തുരങ്കങ്ങളിലും ഖനികളിലും മണ്ണിടിഞ്ഞോ പാറ വീണോ കൊല്ലപ്പെടുന്നുണ്ടെന്നാണു കണക്ക്. കൈകാലുകൾ ഒടിഞ്ഞവരും മുറിവേൽക്കുന്നവരും കിടപ്പിലായവരും നിരവധി. നഷ്ടപരിഹാരമായി ഇടനിലക്കാർ കൊടുക്കുന്ന ചെറിയ തുക വാങ്ങുകയേ കുടുംബങ്ങൾക്കു നിവൃത്തിയുള്ളൂവെന്ന് ഇവിടെയുള്ള സന്നദ്ധ സംഘടനകൾ. കുഞ്ഞുങ്ങളുടെ ചോരക്കുരുതിയിലാണു ലോകത്തിന്റെ സൗന്ദര്യം മുഖപ്പ് ചാർത്തുന്നത്. മുഖത്തിടുന്ന ക്രീമിൽ, പൗഡറിൽ എല്ലാം കുരുന്നുകളുടെ കണ്ണീരുപ്പുണ്ട്. കരീബിയൻ ദ്വീപിലെ കുട്ടിക്കാലം ഓർക്കാറുള്ള റിയാനയ്ക്ക്, ഈ കുട്ടികളുടെ വിലാപങ്ങളെ കേട്ടില്ലെന്നു നടിക്കാനാകുമോ?
English Summary: Rihanna Faces Outrage Over Fenty Beauty Procuring Makeup Ingredient From Child Labour Mines in India