പൂഞ്ഞാർ മണ്ഡലത്തിലെ റോഡ്; ഹർജിയുമായി എംഎൽഎ; നാടകമെന്ന് കോൺഗ്രസ്
Mail This Article
പൂഞ്ഞാർ ∙ നിയമസഭ തിരഞ്ഞെടുപ്പു ചർച്ച ചൂടു പിടിച്ചതോടെ പി.സി.ജോർജിന്റെ പൂഞ്ഞാർ മണ്ഡലത്തിൽ പ്രധാന വിഷയമാകുന്നത് ഒരു റോഡാണ്. ഈരാറ്റുപേട്ടയിൽനിന്നു വാഗമണ്ണിലേയ്ക്കുള്ള റോഡ്. പതിറ്റാണ്ടോളമായി പണി പൂർത്തിയാക്കാത്തതിന്റെ പേരിൽ വിവാദം കൊഴുക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം എംഎൽഎ പി.സി.ജോർജ് റോഡു നിർമാണം ആരംഭിക്കുന്നില്ലെന്നു കാണിച്ച് ഹൈക്കോടതിയെ സമീപിക്കുന്നത്.
2017 ൽ 66.61 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയിൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് അഞ്ച് കോടി ഉൾപ്പെടുത്തിയിരുന്നു. കിഫ്‌ബി മാനദണ്ഡപ്രകാരമുള്ള വീതി പ്രസ്തുത റോഡിൽ ലഭ്യമാണെന്നാണ് ഹർജിയിൽ എംഎൽഎയുടെ വാദം. റോഡിന്റെ വീതിക്കുറവും സ്ഥലം ഏറ്റെടുക്കാനാകാത്തതും ചൂണ്ടിക്കാണിച്ചാണ് റോഡ് നിർമാണത്തിന്റെ നിർവഹണ ഏജൻസി റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി കേരള ലിമിറ്റഡ് (റിക്) ടെൻഡർ നടപടികളിലേക്കു കടക്കാത്തതെന്നാണ് എംഎൽഎയുടെ ആരോപണം.
ടെൻഡർ ചെയ്യുന്നതിന് യാതൊരു നിയമ തടസ്സവും ഇല്ലെന്ന് കിഫ്‌ബി സിഇഒ ഡോ. കെ.എം.എബ്രഹാം കത്തു നൽകിയിട്ടും ടെൻഡർ നൽകിയില്ലെന്നാണ് പരാതി. എംഎൽഎയുടെ പരാതി ഫയലിൽ സ്വീകരിച്ച കോടതി റോഡ് നിർമാണ ഏജൻസിയോട് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു.
ഈരാറ്റുപേട്ട – വാഗമൺ റോഡ് നിർമാണം നടത്താത്തതിനു പിന്നിൽ പ്രദേശത്തെ പാറമടക്കാരാണെന്നാണ് മുഖ്യ ആരോപണം. ഈ റോഡ് ഉണ്ടാകുന്നത് അവർക്ക് ബുദ്ധിമുട്ടാകുമെന്നു കണ്ട് തടസ്സം നിൽക്കുകയാണെന്ന് പി.സി.ജോർജ് ആരോപിക്കുന്നു. ഹൈക്കോടതി ഉത്തരവിലൂടെ റോഡ് പണി ആരംഭിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു.
എംഎൽഎ ജനത്തെ കബളിപ്പിക്കുന്നെന്ന് കോൺഗ്രസ്
സ്വന്തം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ കാര്യത്തിൽ കാണിച്ച ഉദാസീനതയുടെ ഉദാഹരണമാണ് ഈ റോഡെന്നാണ് കോൺഗ്രസ് ആരോപണം. ഇതിനിടെ പി.സി.ജോർജ് മുന്നണിയിലേയ്ക്ക് എത്തിയില്ലെങ്കിൽ യുഡിഎഫിന്റെ സ്ഥാനാർഥിയായി പരിഗണിക്കുമെന്നു പ്രതീക്ഷിക്കുന്ന കോൺഗ്രസിന്റെ ഡിസിസി സെക്രട്ടറി ജോമോൻ ഐക്കരയാണ് ആരോപണവുമായി രംഗത്തുള്ളത്.
ജനത്തെ കബളിപ്പിക്കാനുള്ള എംഎൽഎയുടെ നാടകം മാത്രമാണെന്ന് ജോമോൻ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ശേഷിക്കെ വാഗമൺ റോഡ് വികസനം വേഗത്തിലാക്കണമെന്ന ഹർജി നാടകമല്ലെങ്കിൽ പിന്നെ എന്താണെന്നും അദ്ദേഹം ചോദിക്കുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച പദ്ധതികൾ പോലും പൂർത്തിയാക്കാൻ ജോർജിനു കഴിഞ്ഞില്ല, ഈ പരാജയം മറച്ചു പിടിക്കാനാണ് പുതിയ നാടകമെന്നും ജോമോൻ ഐക്കര ആരോപിച്ചു.
വോട്ടുതട്ടാൻ ശ്രമമെന്ന് കേരള കോൺഗ്രസ്
ഇത്ര നാളും ഈ റോഡിന്റെ നിർമാണത്തിന് ഒരു ശ്രമവും പി.സി.ജോർജ് എംഎൽഎയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവും കോട്ടയം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആരോപണം.
അതിർത്തി നിർണയ സർവേ കല്ലിന്റെ കാര്യത്തിൽ വരെ ഇടപെട്ട് സ്ഥലം ഏറ്റെടുക്കൽ മുടക്കിയത് എംഎൽഎയാണെന്ന് ഇദ്ദേഹം പറയുന്നു. സ്വന്തം വീഴ്ച മറച്ചു വയ്ക്കാൻ കോടതിയെ കൂട്ടുപിടിക്കുകയാണ് എംഎൽഎ ചെയ്യുന്നത്. വികസനം മുടക്കിയുള്ള നടപടിയിൽ എംഎൽഎ ജനത്തോടു മാപ്പു ചോദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Erattupetta-Vagamon road construction, PC George MLA, Poonjar Constituency