പാംഗോങ്ങിൽനിന്ന് ഇരു രാജ്യങ്ങളുടെയും സൈന്യം പിൻവാങ്ങുകയാണെന്ന് ചൈന
Mail This Article
ന്യൂഡൽഹി ∙ പാംഗോങ് തടാകത്തിന്റെ വടക്ക്, തെക്ക് തീരങ്ങളിൽനിന്ന് ഇന്ത്യൻ–ചൈനീസ് സംഘങ്ങൾ പിൻവാങ്ങാൻ ആരംഭിച്ചതായി ചൈന. ചൈനീസ് പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ വു ക്വിയാനാണ് ഇക്കാര്യം അറിയിച്ചത്. പാംഗോങ് തടാകത്തിന്റെ തീരത്തുള്ള ഇരുരാജ്യങ്ങളുടെയും സൈനികർ ഫെബ്രുവരി 10 മുതൽ പിൻവാങ്ങുമെന്നാണു വു ക്വിയാന്റെ പ്രസ്താവനയിൽ പറയുന്നത്.
ഇതിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഒൻപതാംഘട്ട സൈനിക കമാൻഡർ തല ചർച്ചയുടെ ഭാഗമായാണ് നടപടിയെന്നും കേണൽ ക്വിയാൻ പറഞ്ഞു. അതേസമയം, കിഴക്കൻ ലഡാക്കിലെ നിലവിലെ അവസ്ഥയെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്ച രാജ്യസഭയിൽ പ്രസ്താവന നടത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.
അതിർത്തി സംഘർഷങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം മേയ് മുതലാണ് ഇരുരാജ്യങ്ങളുടെയും സൈന്യം കിഴക്കൻ ലഡാക്കിലെ വിവിധ മേഖലകളിൽ നിലയുറപ്പിച്ചത്. ജൂൺ 14ന് ഗൽവാൻ താഴ്‌വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.
English Summary: India-China Start Withdrawal Along Pangong Lake: Chinese Defence Ministry