ടിആർപി കേസ് രാഷ്ട്രീയ കുടിപ്പക; അർണബിന് എതിരെ തെളിവില്ല: സത്യവാങ്മൂലം
Mail This Article
മുംബൈ ∙ ടിആർപി അഴിമതിക്കേസിൽ മുംബൈ പൊലീസിന്റെ കുറ്റപത്രത്തിൽ റിപ്പബ്ലിക് ടിവിക്കും ഉടമ അർണബ് ഗോസ്വാമിക്കും എതിരെ തെളിവുകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്ന് മാതൃകമ്പനിയായ എആർജി ഔട്ട്‌ലിയർ മീഡിയ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. കേസിൽ ജീവനക്കാരെ വ്യാജമായി പ്രതിചേർത്തതായും ചൊവ്വാഴ്ച ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
തങ്ങളുടെ ചാനലുകൾക്കും ജീവനക്കാർക്കുമെതിരായ മുഴുവൻ കേസുകളും രാഷ്ട്രീയ കുടിപ്പകയിൽനിന്നുണ്ടായതാണ്. മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച്, ചാനലുകൾക്കോ ജീവനക്കാർക്കോ എതിരായി തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നിട്ടും പൊലീസ് ചാനലുകളെയും മാനേജ്മെന്റ് ഉൾപ്പെടെയുള്ള ജീവനക്കാരെയും കുറ്റപത്രത്തിൽ പ്രതികളെന്നും സംശയമുള്ളവരെന്നും പ്രതിചേർത്തു.
അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഗാൻഷ്യം സിങ് ഉൾപ്പെടെയുള്ള ചില ജീവനക്കാരെ പൊലീസ് ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തെന്നു സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് മുംബൈ പൊലീസ് ടിആർപി കേസ് റജിസ്റ്റർ ചെയ്തത്. ഹൻസ റിസർച്ച് കമ്പനി പ്രതിനിധി നിതിൻ ദിയോക്കറാണ് പരാതി നൽകിയത്.
ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിനു (ബാർക്) വേണ്ടി റേറ്റിങ് ബോക്സുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഹൻസ് റിസർച്ച് കമ്പനിയാണ്. മുൻ ജീവനക്കാരുടെ സഹായത്തോടെ ചില ചാനൽ ബോക്സുകളിൽ കൃത്രിമം നടത്തിയെന്നു ഹൻസയുടെ പരാതിയിൽ പറയുന്നു.
English Summary: No evidence against Arnab in TRP case chargesheet: Republic TV to HC