ഇനിയൊരിക്കലും മടങ്ങിവരവ് അനുവദിക്കില്ല; ട്രംപിന് മുന്നിൽ വാതില്‍ കൊട്ടിയടച്ച് ട്വിറ്റർ
Mail This Article
വാഷിങ്ടൻ ∙ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കടുത്ത നിലപാടുമായി സമൂഹമാധ്യമമായ ട്വിറ്റർ. വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചാൽപോലും അക്കൗണ്ട് തുടങ്ങാൻ ട്രംപിനെ സമ്മതിക്കില്ലെന്നു ട്വിറ്റർ വ്യക്തമാക്കി. ക്യാപ്പിറ്റൽ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് അന്നു പ്രസിഡന്റായിരുന്ന ട്രംപിന്റെ അക്കൗണ്ടുകൾ ട്വിറ്റർ അടച്ചുപൂട്ടിയത്.
‘ഞങ്ങളുടെ നയങ്ങൾ അനുസരിച്ച് പ്ലാറ്റ്ഫോമിൽനിന്ന് ഒരാളെ നീക്കം ചെയ്താൽ അത് അന്തിമമാണ്. നിങ്ങളൊരു വ്യഖ്യാതാവോ വിമർശകനോ സിഎഫ്ഒയോ, ഇപ്പോഴോ നേരത്തെയോ സർക്കാർ ഉദ്യോഗസ്ഥനോ ആരായിരുന്നാലും തീരുമാനത്തിൽ മാറ്റമുണ്ടാകില്ല. കലാപത്തിനോ ആക്രമണത്തിനോ പ്രേരിപ്പിക്കരുത് എന്ന തരത്തിലാണ് ഞങ്ങളുടെ നയങ്ങൾ രൂപീകരിച്ചിട്ടുള്ളത്’– സിഎൻബിസിയുടെ അഭിമുഖത്തിൽ ട്വിറ്റർ ചീഫ് ഫിനാൻഷ്യൽ ഓഫിസർ (സിഎഫ്ഒ) നെഡ് സെഗൽ പറഞ്ഞു.
നയങ്ങൾ ലംഘിച്ച് ആരെങ്കിലും പ്രവർത്തിക്കുകയും അവരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ തിരിച്ചെടുക്കാൻ കമ്പനിയുടെ നിയമങ്ങൾ അനുവദിക്കുന്നില്ലെന്നും നെഡ് സെഗൽ വ്യക്തമാക്കി. ഇതോടെ തന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമായ ട്വിറ്ററിൽ മടങ്ങിയെത്താമെന്ന മോഹം ട്രംപിന് ഉപേക്ഷിക്കേണ്ടി വരും. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ ക്യാപ്പിറ്റൽ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപിന് ആജീവനാന്ത വിലക്കാണ് ട്വിറ്റർ ഏര്‍പ്പെടുത്തിയത്.
നടപടി ശരിയായ തീരുമാനമാണെന്നും എന്നാല്‍ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെട്ടുമെന്നും ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ (സിഇഒ) ജാക്ക് ഡോര്‍സെ അഭിപ്രായപ്പെട്ടിരുന്നു. ട്രംപിന്റെ അക്കൗണ്ടിന് 88 ദശലക്ഷം ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്. ട്രംപിന്റെ ആഹ്വാനങ്ങൾ ഏറ്റെടുത്ത് യുഎസിൽ കൂടുതല്‍ അക്രമം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അക്കൗണ്ട് നീക്കം ചെയ്തത്. ട്വിറ്ററിനു പിന്നാലെ മറ്റു സാമൂഹിക മാധ്യമങ്ങളും ട്രംപിനു വിലക്കേര്‍പ്പെടുത്തി.
അതിനിടെ, ട്രംപിനെ രണ്ടാം തവണയും കുറ്റവിചാരണ ചെയ്യുന്നതിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച പ്രമേയത്തെ സെനറ്റിൽ 6 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും അനുകൂലിച്ചു. ട്രംപിന്റെ അഭിഭാഷകരും ഡമോക്രാറ്റ് സംഘവും വാദങ്ങൾ അവതരിപ്പിച്ച ശേഷം പ്രമേയം 44നെതിരെ 56 വോട്ടിനു പാസായി. ചരിത്രത്തിൽ രണ്ടുതവണ ഇംപീച്ച്മെന്റ് നേരിടുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ട്രംപ്.
English Summary: Donald Trump Won't Be Allowed On Twitter Ever Again: Official