ADVERTISEMENT

കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളിലും ജാമ്യം ലഭിച്ച മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനു അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീംകോടതിയെ സമീപിച്ചു. ഇഡി കൊച്ചി സോണൽ ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടറാണ് ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. ശിവശങ്കർ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നു ഇഡി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. 

കണക്കിൽ പെടാത്ത 64 ലക്ഷം രൂപ  തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് കണ്ടെത്തിയ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലാണ്. ഇൗ അവസരത്തിൽ ശിവശങ്കർ ജാമ്യത്തിൽ തുടരുന്നത് കേസിനെ പ്രതികൂലമായി ബാധിക്കും. ഈ കേസിൽ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും ഇഡി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിൽ നിന്നു സ്വപ്നയ്ക്കു ലഭിച്ച 1.05 കോടി രൂപ കമ്മിഷനിൽ 64 ലക്ഷം രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന നിഗമനത്തിലായിരുന്നു ഇഡി. ഈ തുക കൈമാറിയ യുഎഇ കോൺസുലേറ്റിലെ ഈജിപ്ത് പൗരൻ ഖാലിദ് അലി ഷൗക്രിയെ ശിവശങ്കറിന് അടുത്തറിയാമെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. 

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നു കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2020 ഒക്ടോബർ 28നാണ് ശിവശങ്കറെ അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേ നവംബർ 25നു സ്വർണക്കടത്തു കേസിലും 2021 ജനുവരി 20നു ഡോളർ കടത്തു കേസിലും അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ആദ്യ അറസ്റ്റിനു ശേഷം 99–ാം ദിവസമാണു ശിവശങ്കർ ജയിൽ മോചിതനായതെങ്കിലും 68 ദിവസമാണു ജയിലിനുള്ളിൽ കഴിഞ്ഞത്. ഇതിൽ 3 ദിവസം കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. അറസ്റ്റിനു ശേഷം ഇഡിയും കസ്റ്റംസും 15 ദിവസം വീതം ശിവശങ്കറെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു.  സ്വർണക്കടത്ത്, ഡോളർ കടത്തു കേസിലും സാമ്പത്തിക കുറ്റവിചാരണക്കോടതി ജാമ്യം അനുവദിച്ചതോടെ ഈ മാസം മൂന്നിനാണ് ശിവശങ്കർ മോചിതനായത്. കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. 

English Summary: ED approaches supreme court inorder to cancel Bail of  M Sivasankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com