കെ.വി.തോമസ് കെപിസിസി വർക്കിങ് പ്രസിഡന്റാകും; പ്രഖ്യാപനം ഉടൻ
Mail This Article
തിരുവനന്തപുരം ∙ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ കെ.വി.തോമസ് കെപിസിസി വർക്കിങ് പ്രസിഡന്റാകും. കെപിസിസി നിർദേശം ഹൈക്കമാൻഡ് അംഗീകരിച്ചു. ഉടൻ പ്രഖ്യാപനമുണ്ടായേക്കും. ഇടഞ്ഞുനിന്ന കെ.വി.തോമസ് ഇടതുപക്ഷത്തേക്കു പോകുന്നുവെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പിന്നാലെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വിളിച്ചതോടെയാണു തോമസ് തീരുമാനം മാറ്റിയത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ശേഷം പാർട്ടി പദവികളൊന്നും ലഭിക്കാതെ വന്നതോടെയാണ് നേതൃത്വവുമായി തോമസ് അകന്നത്. എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം മുതൽ കെപിസിസി വർക്കിങ് പ്രസിഡന്റ് പദവി വരെ സ്ഥാനങ്ങളിലേക്ക് അദ്ദേഹത്തിന്റെ പേര് ഉയർന്നിരുന്നു. പാർട്ടി നേതൃത്വം പ്രഖ്യാപനങ്ങൾക്കൊന്നും അന്നു തയാറായില്ല. അതിനിടെയാണ്, പാർട്ടി വിടുമെന്ന തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിച്ചത്. പ്രായത്തിന്റെ പേരുപറഞ്ഞ് തന്നെ ഒഴിവാക്കുന്നത് വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: KV Thomas to be named KPCC Working President