ഗവർണർ സർക്കാർ വിമാനത്തിലിരുന്നത് 15 മിനിറ്റ്; ഉദ്ധവിന്റെ അനുമതിയില്ല, തിരിച്ചിറങ്ങി
Mail This Article
മുംബൈ∙ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിക്ക് സർക്കാർ വിമാനം ഉപയോഗിക്കാൻ അനുമതി നിഷേധിച്ചു. വ്യാഴാഴ്ച രാവിലെ ഡെറാഡൂണിലേക്കു പോകുന്നതിനായാണ് വിമാനം തേടിയത്. എന്നാൽ പ്രത്യേക വിവിഐപി വിമാനം ഗവർണർക്കു നൽകുന്നതിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയിൽനിന്ന് അനുമതി വന്നില്ല. ഇതേത്തുടർന്ന് ഗവർണറും സംഘവും മറ്റൊരു വിമാനത്തിലാണ് പോയത്. ഇത് അസാധാരണ സംഭവമായി വിലയിരുത്തപ്പെടുന്നു.
രാവിലെ 9ന് ഗവർണറും സംഘവും മുംബൈ വിമാനത്താവളത്തിലെ ജനറൽ ഏവിയേഷൻ ടെർമിനലിൽ എത്തിയെങ്കിലും അനുമതി വരാത്തതിനാൽ സർക്കാരിന്റെ സെസ്ന സൈറ്റേഷൻ എക്സ്എൽഎസ് വിമാനം ഉപയോഗിക്കാനായില്ല.
ഒരാഴ്ച മുൻപേ ഗവർണറുടെ യാത്രയെക്കുറിച്ച് രാജ്ഭവൻ സംസ്ഥാന വ്യോമയാന വിഭാഗത്തിന് വിവരം നൽകിയിരുന്നു. പ്രോട്ടോക്കോൾ പ്രകാരം ഇതു മുഖ്യമന്ത്രിയുടെ ഓഫിസിന് അനുമതിക്കായി അയച്ചു. സാധാരണഗതിയിൽ സംസ്ഥാന ഭരണത്തലവൻ ആയതിനാൽ മുഖ്യമന്ത്രിയുടെ അനുമതി ഉറപ്പാണ്. അവസാന നിമിഷമാണെങ്കിലും അനുമതി വരാറുണ്ട്. അങ്ങനെയാണ് ഗവർണറും സംഘവും വിമാനത്താവളത്തിലെത്തിയത്.
ഗവർണർ എത്തിയതിനു പിന്നാലെ സംസ്ഥാന വ്യോമയാന വിഭാഗം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ആവർത്തിച്ചു ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല. ഗവർണറും സംഘവും വിമാനത്തിൽ പ്രവേശിച്ചിട്ടും അനുമതി ലഭിച്ചില്ല. ഇതേത്തുടർന്ന് ഇവരെ ഡീബോർഡ് ചെയ്യുകയായിരുന്നു. 15 മിനിറ്റോളം ഗവർണർ വിമാനത്തിൽ ഇരുന്നു. തുടർന്ന് ഡെറാഡൂണിലേക്ക് മറ്റൊരു വിമാനത്തിൽ പോകുകയായിരുന്നു.
മുംബൈയിൽനിന്ന് ഡെറാഡൂണിലേക്ക് ദിവസവും 4 വിമാനങ്ങളാണുള്ളത്. രണ്ടെണ്ണം രാവിലെ എട്ടിനു മുൻപു പുറപ്പെടും. പിന്നെ 12.15നുള്ള സ്പൈസ്ജെറ്റ് വിമാനവും 3.45നുള്ള ഇൻഡിഗോ വിമാനവും മാത്രമാണുള്ളത്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഔദ്യോഗിക വിശദീകരണം പുരത്തുവന്നിട്ടില്ല. എന്നാൽ വിഷയം ബിജെപി ഏറ്റെടുത്തു.
English Summary: Maharashtra CM says no to governor Koshyari for use of VVIP aircraft