ADVERTISEMENT

വാഷിങ്ടൻ∙ ജനുവരി ആറിന് യുഎസ് ക്യാപ്പിറ്റല്‍ മന്ദിരത്തിൽ നടന്ന അതിക്രമത്തിന്റെ ഞെട്ടിക്കുന്ന വിഡിയോ പുറത്ത്. യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ഇംപീച്മെന്റ് നടക്കുന്നതിനിടെയാണ് വിഡിയോ തെളിവായി പുറത്തുവിട്ടത്. സ്പീക്കർ നാൻസി പെലോസിയെയും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെയും തേടി കലാപകാരികൾ നടക്കുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. അക്രമം വിശദീകരിക്കുന്ന ഗ്രാഫിക് വിഡിയോകളും ഓഡിയോ ഫയലുകളും വാദത്തിനു ബലം പകരാൻ ഡമോക്രാറ്റുകൾ ഉപയോഗിച്ചു. 

പ്രതിഷേധക്കാർ പൊലീസുകാരുമായി നേരിട്ട് ഏറ്റുമുട്ടുന്നതും അവർ സഹായത്തിനായി കേഴുന്നതും വിഡിയോയിൽ കാണാം. അക്രമികൾ പ്രവേശിക്കുന്നതിനു ഏതാനും നിമിഷങ്ങൾ മുൻപ് സെനറ്റർമാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്നതുമുണ്ട്. അക്രമികളെ പ്രചോദിപ്പിച്ചത് ട്രംപിന്റെ വാക്കുകളും ട്വീറ്റുകളുമാണെന്നും ഡമോക്രാറ്റ് അംഗങ്ങൾ വാദിച്ചു.

എന്താണ് വിഡിയോയിൽ?

പടച്ചട്ട പോലുള്ള സുരക്ഷാജായ്ക്കറ്റുകൾ ധരിച്ച കലാപകാരികൾ എങ്ങനെയാണ് ക്യാപ്പിറ്റൽ മന്ദിരത്തിൽ പ്രവേശിക്കുന്നതെന്നും കെട്ടിടത്തിൽ എന്തൊക്കെ നാശനഷ്ടങ്ങൾ വരുത്തിയെന്നും വിഡിയോയിൽ വ്യക്തമാണ്. ബാറ്റുകൾ വീശിയും കണ്ണീർ വാതകം പ്രയോഗിച്ചും ഇവർ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ ആഞ്ഞടിക്കുന്നതും വിഡിയോയിൽ ഉൾപ്പെടുന്നു. ഗ്രാഫിക് വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ക്യാപ്പിറ്റൽ മന്ദിരത്തിൽ നടന്ന സംഭവങ്ങളുടെ തുടക്കം മുതൽ ഒടുക്കം വരെ കൃത്യമായി അവതരിപ്പിക്കുന്നുമുണ്ട്.

ഒരു വിഡിയോയിൽ റിപ്പബ്ലിക്കൻ സെനറ്ററും മുൻ പ്രസിഡന്റ് സ്ഥാന‍ാർഥിയുമായ മിറ്റ് റോംനി കലാപകാരികളുടെ അടുത്തേക്കു നടക്കുന്നതും എന്നാൽ ക്യാപ്പിറ്റൽ പൊലീസ് ഉദ്യോഗസ്ഥനായ യൂജിൻ ഗുഡ്മാൻ അദ്ദേഹത്തെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്നതും കാണാം. മറ്റൊരു വിഡിയോയിൽ മൈക്ക് പെൻസിനെയും കുടുംബത്തെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നതുമുണ്ട്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തയാറായ പെൻസിനെ തൂക്കിലേറ്റണമെന്നും ജനക്കൂട്ടം വിളിച്ചു പറയുന്നത് വിഡിയോയിലുണ്ട്. കലാപകാരികളിൽനിന്ന് 100 അടി മാത്രം അകലെയായിരുന്നു ഒരു ഘട്ടത്തിൽ മൈക്ക് പെൻസും കുടുംബവും.

സ്പീക്കർ നാൻസി പെലോസിയുടെ ഓഫിസിലേക്ക് അതിക്രമിച്ചുകയറിയവർ അവരെവിടെയെന്ന് ആക്രോശിക്കുന്നതും വിഡിയോയിൽനിന്നു വ്യക്തമാണ്. പെലോസി സഹപ്രവർത്തകർക്കൊപ്പം രക്ഷപ്പെടുന്നതും കാണാം. ജനപ്രതിനിധി സഭയുടെ ലോബിയിലേക്ക് അതിക്രമിച്ചു കയറാനൊരുങ്ങുന്ന വനിതയെ വെടിവച്ചുകൊല്ലുന്നതും വാതിൽക്കൽനിന്ന പൊലീസുകാരനെ ജനക്കൂട്ടം മർദിച്ചൊതുക്കുന്നതും വിഡിയോയിലുണ്ട്.

ജോ ബൈഡൻ (Photo by ANGELA  WEISS / AFP), യുഎസ്‍ കാപിറ്റോൾ (Photo By Stefani Reynolds/Getty Images/AFP), ഡോണൾഡ് ട്രംപ് (Photo by MANDEL NGAN / AFP)
ജോ ബൈഡൻ (Photo by ANGELA WEISS / AFP), യുഎസ്‍ കാപിറ്റോൾ (Photo By Stefani Reynolds/Getty Images/AFP), ഡോണൾഡ് ട്രംപ് (Photo by MANDEL NGAN / AFP)

ക്യാപ്പിറ്റൽ പൊലീസ് കൂടുതൽ സേനയെ ആവശ്യപ്പെടുന്നതിന്റെ ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ചാനലുകളിലൂടെ പുറത്തുവരാത്ത വിഡിയോകളാണ് വിചാരണയ്ക്കിടെ പുറത്തുവിട്ടവയിൽ ഏറെയും. വിഡിയോ പുറത്തുവന്നതിലൂടെ ഇംപീച്മെന്റ് വാദത്തിന്റെ ഗതിയും മാറുകയാണ്. ഭരണഘടനാപരമായ പ്രശ്നം എന്നതിൽനിന്നു മാറി നേതാക്കളുടെ ജീവനു വരെ ഭീഷണിയാകുംവിധം കലാപകാരികൾ അവർക്കു തൊട്ടടുത്തെത്തിയെന്നതിലേക്കാണ് വാദം വഴിമാറുന്നത്.

ഇനിയെന്ത്?

വ്യാഴാഴ്ച കൂടി ഡമോക്രാറ്റുകൾ അവരുടെ ഭാഗം വാദിക്കും. തുടർന്ന് ട്രംപിന്റെ സംഘം പ്രതിവാദം നടത്തും. വിചാരണ രാഷ്ട്രീയനീക്കമാണെന്നും ഭരണഘടനാവിരുദ്ധമാണന്നും ട്രംപ് വിഭാഗം നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈയാഴ്ച വാദപ്രതിവാദങ്ങളുമായി പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാക്ഷികളെ വിസ്തരിക്കാൻ ചിലപ്പോൾ ആവശ്യപ്പെട്ടേക്കാം. ബ്രൂസ് കാസ്റ്റർ നയിക്കുന്ന ട്രംപ് അഭിഭാഷസംഘത്തിന്റേത് ദയനീയ പ്രകടനമായെന്നും സെനറ്റിൽ കാസ്റ്ററിന്റെ ദുർബലമായ വാദം ടിവിയിൽ കണ്ടു നിരാശനായ ട്രംപ് രോഷം കൊണ്ടെന്നും അതിനിടെ റിപ്പോർട്ട് പുറത്തുവന്നു.

100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻമാർക്കും തുല്യ അംഗബലമുണ്ട്. ട്രംപിനെ ശിക്ഷിക്കണമെങ്കിൽ മൂന്നിൽ രണ്ട് വോട്ട് വേണം. ക്യാപ്പിറ്റൽ അതിക്രമത്തെ എതിർത്ത് ഏതാനും ചില റിപ്പബ്ലിക്കൻമാർ രംഗത്തെത്തിയെങ്കിലും ഭൂരിഭാഗവും ഇപ്പോഴും ട്രംപിനെ അനുകൂലിച്ച് നിശബ്ദരായിരിക്കുന്നവരാണ്. അതിനാൽ ഇംപീച്മെന്റ്് വിജയിക്കുമോ എന്നതിൽ വ്യക്തതയില്ല. എന്നാൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ ട്രംപിന് ഇനി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനാകില്ല.

English Summary: Trump impeachment: Graphic video shown as ex-president called 'inciter in chief'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com