ADVERTISEMENT

ന്യൂഡല്‍ഹി∙ ഇന്ത്യയുടെ ഒരിഞ്ചു മണ്ണ് പോലും ആര്‍ക്കും അടിയറവ് വച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലഡാക്കിലെ സേനാ പിന്മാറ്റത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണു കേന്ദ്ര പ്രതിരോധമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ചില വിഷയങ്ങളില്‍ ചൈനയുമായുള്ള അഭിപ്രായഭിന്നത പരിഹരിക്കാനുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ നേട്ടത്തില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ സേനകളെ അവമതിക്കുകയാണു ചെയ്യുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. 

പിന്മാറ്റ കരാറിന്റെ ഭാഗമായി ഒരു മേഖല പോലും ഇന്ത്യ അടിയറവ് വച്ചിട്ടില്ല. പകരം നിയന്ത്രണ രേഖയെ ബഹുമാനിക്കത്തക്ക തരത്തില്‍ നിരീക്ഷണം നടപ്പാക്കുകയാണ് ചെയ്തത്. തല്‍സ്ഥിതിയില്‍ ഏകപക്ഷീയമായി മാറ്റം വരുത്താനുള്ള നീക്കത്തിനു തടയിടുകയും ചെയ്‌തെന്നു പ്രതിരോധമന്ത്രാലയം അറിയിച്ചു. 

ഹോട്‌സ് സ്പ്രിങ്‌സ്, ഗ്രോഗ്ര, ഡെപ്‌സാങ് എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ തുടരുന്നുണ്ട്. പാംഗാങ്ങിലെ പിന്മാറ്റം കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ മറ്റു വിഷയങ്ങള്‍ പരിഗണിക്കുമെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ലഡാക്കില്‍ ചൈനയുമായി നിലനിന്നിരുന്ന സംഘര്‍ഷത്തില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായതായി വ്യാഴാഴ്ച കേന്ദ്രസര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഹുല്‍ ഗാന്ധി അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് മറുപടിയുമായി പ്രതിരോധമന്ത്രാലയം രംഗത്തെത്തിയത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈനയ്ക്ക് അടിയറവു വച്ചെന്നാണ് രാഹുല്‍ ആരോപിച്ചത്. സാധാരണയായി ഫിംഗര്‍ 4ല്‍ വരെ നിലയുറപ്പിച്ചിരുന്ന ഇന്ത്യന്‍ സൈന്യം ഫിംഗര്‍ മൂന്നിലേക്കു പിന്മാറിയെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ പ്രതിരോധമന്ത്രാലയം ഇതു നിഷേധിച്ചു. ഫിംഗര്‍ 4 വരെയാണ് ഇന്ത്യന്‍ അതിര്‍ത്തിയെന്ന വാദം തെറ്റാണെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ഭൂപടത്തില്‍ പറയുന്നതാണ് അതിര്‍ത്തിയെന്നും 1962 മുതല്‍ 43,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശം ചൈന അനധികൃതമായി കൈവശം വച്ചിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. ഇന്ത്യയുടെ കാഴ്ചപ്പാടില്‍ ഫിംഗര്‍ 8ല്‍ ആണ് യഥാര്‍ഥ നിയന്ത്രണ രേഖ. അതുകൊണ്ടാണ് അവിടം വരെ പട്രോളിങ് നടത്താനുള്ള അവകാശം ഇന്ത്യ ഇപ്പോഴത്തെ ധാരണപ്രകാരം നിലനിര്‍ത്തുന്നത്. 

പാംഗോങ്ങിന്റെ വടക്കന്‍ തീരത്ത് ഇരുരാജ്യങ്ങളുടെയും സ്ഥിരമായ പോസ്റ്റ് വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. ഇന്ത്യന്‍ ഭാഗത്ത് ഫിംഗര്‍ മൂന്നിനു സമീപത്തുള്ള ധന്‍സിങ് താപ്പ പോസ്റ്റും ചൈനീസ് ഭാഗത്ത് ഫിംഗര്‍ എട്ടിന്റെ കിഴക്കു ഭാഗത്തുമാണത്. പുതിയ ധാരണപ്രകാരം ഈ പോസ്റ്റുകളില്‍ സേനാവിന്യാസം സാധ്യമാണെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കുന്നു. 

പാംഗോങ്ങില്‍ ഇന്ത്യയും ചൈനയും വ്യാഴാഴ്ച മുതല്‍ സൈനികരെയും ടാങ്കുകളും പിന്‍വലിച്ചു തുടങ്ങി. ഏപ്രിലില്‍ ചൈനീസ് സൈനികര്‍ യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് ഉള്ളിലേക്ക് അതിക്രമിച്ചു കയറിയതു മുതല്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിനാണ് അയവു വന്നിരിക്കുന്നത്. ഇരുവിഭാഗം സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ചൈനീസ് ഭാഗത്തും വന്‍ ആള്‍നാശം ഉണ്ടായെന്നാണു റിപ്പോര്‍ട്ട്.

English Summary: "Not Conceded Any Territory": Centre On Rahul Gandhi's China "Questions"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com