‘കോൺഗ്രസിന്റെ അന്തകൻ, ഗ്രൂപ്പ് മാനേജരെ വേണ്ട’; ജോസഫ് വാഴയ്ക്കനെതിരെ പോസ്റ്റർ
Mail This Article
കൊച്ചി ∙ മൂവാറ്റുപുഴയിൽ കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനെതിരെ പോസ്റ്റർ. സേവ് കോൺഗ്രസ് എന്ന പേരിലാണ് അജ്ഞാത സംഘം രാത്രിയിൽ നഗരത്തിലെങ്ങും പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. മൂവാറ്റുപുഴയിലെ കോൺഗ്രസിന്റെ അന്തകനാണ് ഇയാളെന്നും ഗ്രൂപ്പ് മാനേജരെ വേണ്ടെന്നുമാണ് പോസ്റ്ററിൽ. ഏതെങ്കിലും പിആർ ഗ്രൂപ്പുകാരായിരിക്കും പോസ്റ്ററിനു പിന്നിലെന്നു ജോസഫ് വാഴയ്ക്കൻ പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് അടുത്തതോടെ മൂവാറ്റുപുഴയിൽ വീണ്ടും വാഴയ്ക്കൻ തന്നെ മൽസരിക്കുമെന്ന് യുഡിഎഫിൽ ഏകദേശ ധാരണയുണ്ട്. മൂവാറ്റുപുഴ സീറ്റിനായി ചാനൽ ചർച്ചകളിൽ പതിവു സാന്നിധ്യമായ വ്യക്തി ഉൾപ്പടെയുള്ളവർ രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്ര എറണാകുളത്ത് എത്തിയ ദിവസംതന്നെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് എന്നാണ് വ്യക്തമാകുന്നത്.
ഇത്തരത്തിലുള്ള പ്രചാരണങ്ങൾ വേണ്ടെന്നും പാർട്ടി തീരുമാനിക്കുന്ന ആളായിരിക്കും സ്ഥാനാർഥികളെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തനിക്കെതിരെ പോസ്റ്റർ പതിച്ചത് കോൺഗ്രസുകാരല്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ജോസഫ് വാഴയ്ക്കൻ ഇതിനു പിന്നിൽ രാഷ്ട്രീയ എതിരാളികളോ സീറ്റുമോഹികളോ ആയിരിക്കാമെന്നും പറഞ്ഞു.
സാധാരണ പ്രത്യക്ഷപ്പെടാറുള്ള കയ്യെഴുത്തു പോസ്റ്ററുകൾക്കു പകരം മികച്ച ഗ്രാഫിക്സ് സഹായത്തോടെ തയാറാക്കിയ പോസ്റ്ററുകളായതിനാൽ ഏതെങ്കിലും സീറ്റുമോഹികൾ ഏർപ്പെടുത്തിയ ഏജൻസികളാകാം ഇതിനു പിന്നിലെന്നാണ് ജോസഫ് വാഴയ്ക്കന്റെ ഒപ്പമുള്ളവരും പറയുന്നത്.
English Summary: Posters against Joseph Vazhakkan appeared in Muvattupuzha