സംസ്ഥാനങ്ങളിൽ ‘കിസാൻ മഹാപഞ്ചായത്ത്’; കടുപ്പിക്കാൻ കർഷകർ, ടികായത് പങ്കെടുക്കും
Mail This Article
ന്യൂഡൽഹി ∙ രണ്ടര മാസത്തിലേറെയായി തുടരുന്ന കർഷക പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ ‘കിസാൻ മഹാപഞ്ചായത്ത്’ സംഘടിപ്പിക്കും. ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലായി ആസൂത്രണം ചെയ്തിട്ടുള്ള ഏഴു യോഗങ്ങളിൽ ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവും കർഷക സമരത്തിന്റെ മുന്നണിപ്പോരാളിയുമായ രാകേഷ് ടികായത് പങ്കെടുക്കും.
ഞായറാഴ്ച മുതലാണു സമ്മേളനങ്ങൾ തുടങ്ങുക. ഫെബ്രുവരി 23ന് സമാപിക്കുന്ന യോഗങ്ങൾ സംയുക്ത കിസാൻ മോർച്ചയുടെ സമരപരിപാടിയുടെ ഭാഗമാണെന്നു ബികെയുവിന്റെ മാധ്യമ ചുമതലയുള്ള ധർമേന്ദ്ര മാലിക് പറഞ്ഞു.
ഹരിയാനയിലെ കർണാൽ, റോത്തക്, സിർസ, ഹിസാർ ജില്ലകളിലും മഹാരാഷ്ട്രയുടെ അകോല, രാജസ്ഥാനിലെ സികാർ എന്നിവിടങ്ങളിലുമാണു കിസാൻ മഹാപഞ്ചായത്ത് നടക്കുകെയന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രം നടപ്പാക്കിയ മൂന്ന് കൃഷി നിയമങ്ങൾ റദ്ദാക്കണമെന്നും വിളകൾക്കു താങ്ങുവില (എംഎസ്പി) ഉറപ്പ് നൽകണമെന്നും ആവശ്യപ്പെട്ട് നവംബർ മുതൽ ഡൽഹിയിലെ സിംഘു, തിക്രി, ഖാസിപുർ അതിർത്തി പ്രദേശങ്ങളിൽ ആയിരക്കണക്കിനു കർഷകരാണു സമരം ചെയ്യുന്നത്.
പ്രതിഷേധിക്കുന്ന കർഷക യൂണിയനുകളുമായി 11 തവണ കേന്ദ്രം ചർച്ച നടത്തിയെങ്കിലും നിയമങ്ങൾ കർഷകർക്ക് അനുകൂലമാണെന്ന വാദത്തിൽനിന്നു പിൻമാറിയിട്ടില്ല.
English Summary: Farmer leader Rakesh Tikait to join 7 'mahapanchayats' in 3 states starting 14 Feb