ADVERTISEMENT

ന്യൂഡൽഹി ∙ തൃണമൂൽ കോൺഗ്രസ് നേതാവ് ദിനേശ് ത്രിവേദി എംപി പാർലമെന്റിൽ രാജി പ്രഖ്യാപിച്ചു. ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃണമൂലിനെ ഞെട്ടിപ്പിക്കുന്നതായി രാജ്യസഭ അംഗമായ ത്രിവേദിയുടെ പ്രഖ്യാപനം. ബംഗാളിലെ രാഷ്ട്രീയ അതിക്രമങ്ങളിൽ നിസ്സഹായത ചൂണ്ടിക്കാട്ടിയാണു രാജിപ്രഖ്യാപനം. നേരത്തെ നിരവധി ജനപ്രതിനിധികളും നേതാക്കളും തൃണമൂലിൽനിന്നു ബിജെപിയിലേക്കു ചേക്കേറിയിരുന്നു.

‘ബംഗാളിൽ നടക്കുന്ന അക്രമങ്ങൾ ജനാധിപത്യത്തിനു ഭീഷണിയാണ്. ഇവിടെ ഇരിക്കുന്നത് വളരെ വിചിത്രമായി തോന്നുന്നു. എന്തു ചെയ്യണമെന്ന് ചിന്തിക്കുകയാണ്. രബീന്ദ്രനാഥ ടഗോറിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു. പാർട്ടി അച്ചടക്കം പാലിക്കണോ? തീർച്ചയായും. പക്ഷേ വല്ലാത്ത പിരിമുറുക്കം തോന്നുന്നു. ഇവിടെ ഇരുന്ന് ഒന്നും പറയുന്നില്ലെന്ന് ആത്മാവ് പറയുന്നു, എന്താണ് ഇതുകൊണ്ടു പ്രയോജനം? ഞാൻ രാജിവയ്ക്കുന്നു’– ത്രിവേദി രാജ്യസഭയിൽ പറഞ്ഞു.

‘ഞങ്ങൾ ഇവിടെ വന്നതു മാതൃരാജ്യത്തിനായി മാത്രമാണ്. എന്നെ ഇവിടെ അയച്ചതിനു പാർട്ടിയോടു നന്ദിയുള്ളവനാണ്. തിരിച്ചുപോയി എന്റെ സംസ്ഥാനത്തിനായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’ – അദ്ദേഹം വ്യക്തമാക്കി. രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡുവിന് അദ്ദേഹം രാജിക്കത്ത് കൈമാറി.

ത്രിവേദിയുടെ പ്രഖ്യാപനം തൃണമൂലിനെ അമ്പരപ്പിച്ചുവെങ്കിലും സൂചന നേരത്തെ കിട്ടിയിരുന്നതായി പാർട്ടിവൃത്തങ്ങൾ പറഞ്ഞു. പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ബാരക്പുരിൽനിന്നുള്ള ലോക്സഭാ എംപി ആയിരുന്ന ഇദ്ദേഹം 2019 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. തുടർന്നാണു രാജ്യസഭയിലേക്ക് പാർട്ടി നിർദേശിച്ചത്.

English Summary: Trinamool's Dinesh Trivedi Quits Rajya Sabha Ahead of Bengal Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com